നൂറാമത്തെ കുഞ്ഞാട്

അയാള്‍ക്ക് അന്ന് ഉറക്കം വന്നില്ല. രാത്രിയുടെ യാമങ്ങള്‍ കടന്നുപോകുമ്പോള്‍ അയാളുടെ ഹൃദയം അസ്വസ്ഥമായിരുന്നു. ജീവിതത്തിന്‍റെ മറിഞ്ഞുപോയ ഏടുകള്‍ ഓരോന്നും മറിച്ചുനോക്കി, അതില്‍ താന്‍ വരുത്തിവച്ച അക്ഷരപ്പിശകുള്ള വാക്യങ്ങളുടെ അര്‍ത്ഥം കാണാന്‍ ശ്രമിക്കുകയായിരുന്നു അയാള്‍. ഒന്നും മനപ്പൂര്‍വ്വമായിരുന്നില്ല…, സാഹചര്യങ്ങള്‍…! അയാള്‍ സ്വയം സമാധാനിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അന്ന് വരെ അയാളുടെ ഉള്ളില്‍ മൃതമായി കിടന്നിരുന്ന ഏതോ ഒരുള്‍വിളി അയാളെ കുത്തി നോവിച്ചുകൊണ്ടിരുന്നു.

തുറന്ന് നിശ്ചലമായ അയാളുടെ കണ്ണുകള്‍ മേഘാവൃതമായി. ഹൃദയത്തില്‍ മിന്നല്‍പ്പിണറുകള്‍ പാഞ്ഞതോടെ അതില്‍ നിന്ന് മഴ തുള്ളികള്‍ കവിളിലൂടെ പതിക്കാന്‍ തുടങ്ങുകയായിരുന്നു. ആ തുള്ളികള്‍ക്ക് നിസഹായതയുടെ ഉപ്പുരസം കലര്‍ന്നിരുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ തന്നെ ചവിട്ടിമെതിച്ച് കടന്നുപോയതോര്‍ത്തപ്പോള്‍ അയാളുടെ അധരത്തില്‍ നിന്ന് അര്‍ത്ഥമില്ലാത്ത ചില തേങ്ങലുകള്‍ അയാള്‍പോലുമറിയാതെ പുറപ്പെടാന്‍ തുടങ്ങി. എല്ലാം അവസാനിക്കാറായി… എല്ലാം!

വികാരങ്ങളെ കടിച്ചമര്‍ത്തി അയാള്‍ തിരിഞ്ഞ് കിടന്നു. കാലില്‍ ബന്ധിച്ച ചങ്ങലയുടെ പരുക്കന്‍ സ്വരം ഒരു പ്രതിഷേധം പോലെ മുഴങ്ങി. ഈ ചങ്ങലകള്‍ അഴിഞ്ഞുമാറുമ്പോള്‍ താന്‍ മരണത്തിന്‍റെ അയാള്‍ ബന്ധനത്തിലായി കഴിഞ്ഞിരിക്കും, ബന്ധനത്തില്‍ നിന്ന് ബന്ധനത്തിലേയ്ക്കുള്ള പ്രയാണം….

പാറാവുകാരുടെ കാലൊച്ച നിരന്തരമായി ആ തടവറയുടെ നിശബ്ദതയെ ശല്യപ്പെടുത്തുന്നുണ്ട്. പാറാവുകാരുടെ ഉറക്കം കലര്‍ന്ന കണ്ണുകള്‍ ആ തടവറയുടെ മുക്കിലും മൂലയിലും മങ്ങി പ്രകാശിച്ചുകൊണ്ടിരുന്നു. അവര്‍ക്കെങ്ങനെ ഉറങ്ങാനാവും? നാളെ അയാളെ തൂക്കിലേറ്റുകയല്ലേ! അയാള്‍ എല്ലാവരുടെയും പേടി സ്വപ്നമായിരുന്നല്ലോ. നാളെ എല്ലാം ശാന്തമാവും. പാറാവുകാരുടെ കാലടി ശബ്ദം രാവിന്‍റെ നിലയ്ക്കാത്ത നെഞ്ചിടിപ്പായി മുഴങ്ങിക്കൊണ്ടിരുന്നു.

മരണം… പിന്നെ എന്താവും സംഭവിക്കുക? അയാളുടെ മുന്നില്‍ ഈ ഒരൊറ്റ ചോദ്യമേ ബാക്കിയുള്ളൂ. മരണത്തിന്‍റെ നിലയില്ലാക്കയത്തിലേയ്ക്ക് വീഴുന്നതിന് മുമ്പ് ഏതൊരു മനുഷ്യനും ചോദിക്കുന്ന ചോദ്യം! ജനനം മുതല്‍ സഞ്ചരിച്ച വഴികളെ തേടി പിന്നോട്ട് നടന്നാല്‍ മരണം പോലെ കനത്ത പരാജയം മറ്റൊന്നുണ്ടാവില്ല. പരാജിതനായ ഒരു യോദ്ധാവിനെപ്പോലെ യുദ്ധക്കളം വിട്ടിറങ്ങുമ്പോള്‍ നേടായതായി ഒന്നുമുണ്ടാവില്ല. ആ ശൂന്യതയാണ് അയാളെയും കാര്‍ന്ന് തിന്നുന്നത്. ചെയ്ത കുറ്റങ്ങളെ ഓര്‍ത്ത് വിലപിക്കാന്‍ പോലും സമയമില്ലാത്ത ആ പതിനൊന്നാം മണിക്കൂറില്‍ മരണത്തിന് മുമ്പുള്ള മരണം അനുഭവിക്കുകയായിരുന്നു അയാള്‍. അയാള്‍ക്ക് മുഖം പൊത്തിക്കരയാന്‍ കൊതിച്ചു, പക്ഷേ ആ മുഖം അയാള്‍ പണ്ടേ നഷ്ടപ്പെടുത്തിയിരുന്നു.

വാശിയായിരുന്നു…. ആരോടെന്നില്ലാത്ത വാശി… നിറം മങ്ങിയ തന്‍റെ യുവത്വത്തില്‍ അയാള്‍ സ്വയം മറന്നു. ലോകം വെട്ടിപ്പിടിക്കാന്‍ പുറപ്പെട്ട ചോരത്തിളപ്പിന്‍റെ സ്വരം… പണം, സുഖം, അധികാരം… എന്തും ചെയ്യുമായിരുന്നു. പണക്കാരനെയും പാവപ്പെട്ടവനെയും വേര്‍തിരിക്കുന്ന പണത്തിന്‍റെ പണിയാളാവാന്‍ കൊതിച്ച യുവാവിന്‍റെ തത്വശാസ്ത്രത്തിന് പിഴച്ചു. ജീവിതം തന്നെ ഒന്നും പഠിപ്പിച്ചില്ല, അല്ല… ജിവിതത്തില്‍ നിന്ന് താനൊന്നും പഠിച്ചില്ല. അവസരങ്ങള്‍ ഏറെയുണ്ടായിരുന്നില്ലേ? ഉണ്ടായിരുന്നു, വഴിയൊന്ന് മാറി നടക്കാന്‍. എന്നിട്ടും നടന്നില്ല. പുശ്ചമായിരുന്നു… നഷ്ടത്തിന്‍റെയും പട്ടിണിയുടെയും കണക്കുകള്‍ മാത്രം പറയാനുള്ള തത്വശാസ്ത്രങ്ങളോട്.

അയാള്‍ ആ മുഖം ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. തന്‍റെ ഗുരുവായിരുന്നില്ലേ അയാള്‍, എന്തൊരു തേജസായിരുന്നു അയാള്‍ക്ക്. വ്യത്യസ്തമായ വാക്കുകളാണ് തന്നെ ഗുരുവിലേയ്ക്ക് അടുപ്പിച്ചത്. തികച്ചും വ്യത്യസ്തമായിരുന്നു അദ്ദേഹത്തിന്‍റെ ആശയങ്ങള്‍. ഒരു കരണത്തടിച്ചവന് മറുകരണം കൂടി കാണിച്ചുകൊടുക്കാന്‍ അദ്ദേഹം പറയുമായിരുന്നു. ശത്രുക്കളെ സ്നേഹിക്കാന്‍ വരെ അദ്ദേഹം പഠിപ്പിച്ചിരുന്നു. ഇത്തരം ഒളിച്ചോട്ടപരമായ ആശയങ്ങളെ താന്‍ എന്നും വെറുത്തിരുന്നെങ്കിലും ഗുരുവിന്‍റെ ശൈലി തന്നെ ഏറെ സ്വാധീനിച്ചിരുന്നു, അദ്ദേഹം നല്ല കഥകള്‍ പറയുമായിരുന്നു. അതു കൊണ്ടാണെല്ലോ ഗുരുവിനോടെപ്പം കുറച്ച് ദിവസങ്ങള്‍ താന്‍ ചിലവഴിച്ചത്. ജീവിതം മാറിയൊഴുകാന്‍ തുടങ്ങിയിരുന്നു, പക്ഷേ അനുവദിച്ചില്ല… ഭയമായിരുന്നു. ലോകം പിടിച്ചടക്കാന്‍ കൊതിച്ച ഒരാള്‍ക്ക് എങ്ങനെ ഗുരുവിന്‍റെ വാക്കുകള്‍ കേള്‍ക്കാനാവും? ഒന്നുകില്‍ ഗുരു… അല്ലെങ്കില്‍ പണം… അസ്വസ്ഥമായ മനസുമായി ശിഷ്യഗണത്തിനിടയിലൂടെ ഗുരുവിനെ സമീപിച്ച ആ ദിവസം… എങ്ങനെ മറക്കാനാവും! അന്നാണ് ഗുരുവിനോട് ആദ്യമായി ഒരു ചോദ്യം ചോദിക്കുന്നത്. ഗുരു…! നിത്യജീവന്‍ പ്രാപിക്കാന്‍ ഞാന്‍ എന്തു ചെയ്യണം…? ഗുരുവിന്‍റെ കണ്ണുകള്‍ തന്‍റെ നേര്‍ക്ക് തുറന്നടയുന്നത് അയാള്‍ ഓര്‍ത്തു. ആരെയും കീഴടക്കാനുള്ള വശ്യത അതിനുണ്ടായിരുന്നു. എന്നാല്‍… ഗുരുവിന്‍റെ പ്രതികരണം വ്യത്യസ്തമായിരുന്നു.

എന്തു ചെയ്യാനും തയാറായ മനസുമായിട്ടാണ് താനന്ന് ഗുരുവിനെ കണ്ടതും ഉപദേശം ആരാഞ്ഞതും. ഗുരുവിന്‍റെ തത്വങ്ങള്‍ ആര്‍ക്ക് പാലിക്കാനാവും? പണവും സമ്പത്തും ഉപേക്ഷിക്കാന്‍ ആര്‍ക്കാണ് കഴിയുക… യൌവനം ചോദിച്ച ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ അയാള്‍ ശ്രമിക്കുകയായിരുന്നു, …ആ തടവറയിലും. അന്ന് ഗുരുവിന്‍റെ മുന്നില്‍ നിന്ന് ഇറങ്ങിപ്പോരുമ്പോള്‍ മനസില്‍ തങ്ങിനിന്ന് ആവേശം എന്നേ ചോര്‍ന്നുപോയി! ഒന്നുമില്ല ബാക്കി. ചേര്‍ത്തു വച്ചതെല്ലാം നശിച്ചു. ഒരു നേരത്തെ അന്നത്തിന് വേണ്ടി മോഷ്ടിക്കേണ്ടി വന്നു. കള്ളനെന്ന് ലോകം വിളിച്ചപ്പോള്‍ ആവേശം കൂടുകയല്ലേ ചെയ്തത്! കഴുമരത്തിന്‍റെ മുന്നില്‍ മാത്രം… ഈ ആവേശം….

തോറ്റു, പൂര്‍ണ്ണമായും തോറ്റു. തോല്‍‌വി സമ്മതിക്കാന്‍ വൈകിയെന്ന് മാത്രം. പണ്ടേ തോല്‍‌വി സമ്മതിക്കേണ്ടതായിരുന്നു. ചെയ്തതെല്ലാം ന്യായീകരിച്ചപ്പോള്‍ സ്വയം വിജയിക്കുകയാണെന്ന് കരുതി. എല്ലാം അബദ്ധങ്ങളായിരുന്നില്ലേ. തടവറമുറിയിലെ ഉയര്‍ന്ന ജനാലയിലൂടെ അരിച്ചിറങ്ങിയ ചന്ദ്രന്‍റെ നേര്‍ത്ത പ്രകാശം ചുവരുകള്‍ താണ്ടി മെല്ലെ അയാളുടെ മുഖത്തേക്ക് പ്രവേശിച്ചു. അയാളുടെ കറുത്ത മുഖം പ്രകാശത്തില്‍ കുളിച്ചു. മുഖത്ത് അടിയുടെ പാടുകള്‍… പൊടി നിറഞ്ഞ് പാറിയ ചെമ്പന്‍ മുടി അലക്‍ഷ്യമായി എഴുന്നേറ്റ് നില്‍ക്കുന്നു. കാര്‍മേഘങ്ങള്‍ ചന്ദ്രനെ വിലക്കിയതോടെ അയാളുടെ മുഖത്ത് വീണ്ടും ഇരുട്ട് പടര്‍ന്നു.

കാല്‍പ്പെരുമാറ്റവും മുറുമുറുപ്പുകളും അടുക്കുന്നത് പോലെ…! താക്കോല്‍ക്കൂട്ടങ്ങള്‍ പരസ്പരം സംസാരിക്കുന്നു. അതെ, അവര്‍ വരികയാണ്. പാറാവുകാരന്‍ പൂട്ട് തുറന്ന് കമ്പിയഴി തള്ളിത്തുറന്നു. മരണത്തിനൊപ്പം യാത്രതിരിക്കാന്‍ അയാള്‍ പതുക്കെ എഴുന്നേറ്റു.

ഭാരമുള്ള ചങ്ങലകള്‍ വലിച്ച് പടയാളികളുടെ മധ്യത്തിലൂടെ വേച്ച് വേച്ച് നടക്കുമ്പോള്‍ അയാള്‍ മെല്ലെ ചുറ്റുമുള്ള പടയാളികളെ നോക്കി. അവര്‍ തന്നെ പരിഹസിക്കുകയാണ്. എന്താടാ നോക്കുന്നത്? കനത്ത പ്രഹരം അയാളുടെ മുഖത്ത് പതിച്ചു, അയാള്‍ വീണു പോയി. ദുര്‍ബലമായ ശരീരത്തെ അതിലും ദുര്‍ബലമായ ആത്മാവ് വലിച്ചെഴുന്നേല്‍പ്പിക്കാന്‍ പാടുപെടുമ്പോള്‍ അത് കണ്ട് നില്‍ക്കാന്‍ പടയാളികള്‍ക്ക് നേരമില്ലായിരുന്നു. ധനം ചുമന്ന് ശീലിച്ച ആ ശരീരത്തെ സ്വന്തം താങ്ങാനാവാതെ അയാള്‍ തളര്‍ന്നുകഴിഞ്ഞിരുന്നു. ഗുരോ…! അബോധാവസ്ഥയിലേയ്ക്ക് കൂപ്പുകുത്തുന്നതിന് മുമ്പ് അയാള്‍ മന്ത്രിച്ചു.

ഉഗ്രമായ വേദന. അയാള്‍ മെല്ലെ കണ്ണുതുറന്നു. താന്‍ തൂങ്ങുകയാണ്, മരക്കുരിശില്‍. കള്ളന്മാര്‍ക്കും കൊലപാതകികള്‍ക്കും അര്‍ഹമായ ശിക്ഷ. അയാളുടെ കണ്ണുകള്‍ വറ്റിക്കഴിഞ്ഞു. എന്തിന് താനിനി കരയണം? അര്‍ഹമായ ശിക്ഷ അഭിമാനത്തോടെ അനുഭവിക്കാനുള്ള കരുത്ത് അയാള്‍ നേടിക്കഴിഞ്ഞിരുന്നു. പക്ഷേ… ഗുരുവിന് തന്നെ തിരികെ വിളിക്കാമായിരുന്നില്ലേ? പോകരുതെന്ന് ഉപദേശിക്കാമായിരുന്നില്ലേ? ആകാശത്തിനും ഭൂമിക്കുമിടയില്‍ തൂങ്ങിയ ആ ശരീരത്തിലെ കണ്ണില്‍ നിന്ന് ഒരിറ്റ് കണ്ണീര്‍ തുളുമ്പി നിന്നു. വേദനയുടെ പാരമ്യത്തില്‍ ശരീരം വിറച്ചപ്പോള്‍ കണ്ണീര്‍ ഭൂമിയിലേയ്ക്ക് പതിച്ചു. അയാളുടെ രക്തക്കുഴലുകള്‍ തുടിച്ചുനിന്നു…, പേശികള്‍ വലിഞ്ഞു മുറുകി…, മരിക്കുന്നതിന് മുമ്പ് ആര്‍ത്തിയോടൊരു നോട്ടം. അതിന് വേണ്ടി അയാള്‍ മെല്ലെ തലയുയര്‍ത്തി. ആര്‍ത്തി നിറഞ്ഞ കണ്ണില്‍ പതിച്ച കാഴ്ചയില്‍ ആണികളില്‍ കോര്‍ത്ത ശരീരത്തിന്‍റെ സകല വേദനയും മറന്ന് അയാള്‍ നിലവിളിച്ചു, ഗുരോ…

മുള്‍ക്കിരീടം ധരിച്ച ആ മനുഷ്യന്‍ മുഖമുയര്‍ത്തി അയാളെ നോക്കി. പിന്നെ സാവധാനം താണു… നീ ഇന്ന് എന്നോടൊപ്പം പറുദീസായിലായിരിക്കും…. ആ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു.

Visit: Sethulakshmi ’s website (A collection of articles, stories and poems)
Explore posts in the same categories: Story

5 Comments on “നൂറാമത്തെ കുഞ്ഞാട്”

  1. sivakumar Says:

    ഇങ്ങനെ സുന്ദരമായി എഴുതുന്നതിന് അഭിനന്ദനങ്ങള്‍…….

  2. തിരുത്തല്‍‌വാദി Says:

    വളരെ നല്ല ഒരു കൃതി. സേതുലക്ഷ്മിയ്ക്ക് അനുമോദനങ്ങള്‍. ഇനിയും എഴുതുക ……

  3. anoopsnairkothanalloor Says:

    ശരിക്കും അസ്വദിക്കാന്‍ കഴിയുന്നത് സേതു ലക്ഷമിയുടെ ബ്ലോഗില്‍ വരുമ്പോഴാണ് ഇവിടെ വാക്കുകള്‍
    ജിവിതത്തോട് ഒട്ടുചേര്‍ന്നു കിടക്കുന്നതു പോലെ കഥയും കഥാപാത്രങ്ങളും ജിവിതത്തിന്റെ
    സ്വജിവിതഠിലെന്ന പോലെ സഞ്ചരിക്കുന്നു
    ഒരോ കഥയും ഒരോ അനുഭവമാണ് വായനക്കാരന്റെ ഹൃദയ്ത്തിലാണ് അവ അവശേഷിക്കുന്നത്

  4. Rafeeq Says:

    :) കൊള്ളാം… നന്നായിട്ടുണ്ട്‌..

    എല്ല കൃതിയിലും.. വിഷാദം തളം കെട്ടി നില്‍ക്കുന്നപോലെ.. :)

  5. ആര്യന്‍ Says:

    കൊള്ളാം ട്ടോ.


Comment: