കാലം മറന്ന ചട്ടമ്പി

വര്‍ഷം 1853, ഒന്നര നൂറ്റാണ്ടുകള്‍ക്കപ്പുറത്തേയ്ക്ക്…

താഴ്ന്ന ജാതിയില്‍പ്പെട്ട സ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍ പോലും അവകാശമില്ലാതിരുന്ന, വേദം കേട്ട അബ്രാഹ്മണന്‍റെ ചെവിയില്‍ ഈയം ഉരുക്കിയൊഴിച്ച, ജാതി വ്യവസ്ഥിതിയുടെയും, സദാചാരത്തിന്‍റെ പേരിലുള്ള അടിമത്തത്തിന്‍റെയും സവര്‍ണ്ണതയുടെ പേരിലുള്ള ചൂഷണത്തിന്‍റെയും, പട്ടിണിയുടെയും ഒരു കാലം… ആധുനിക മനുഷ്യന് ചിന്തിച്ചു നോക്കാന്‍ പോലും കഴിയാത്തത്ര ഭീകരമായ ചിത്രമാവും വെറും 150 വര്‍ഷം പിന്നോട്ട് പോയാല്‍ ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ നമുക്ക് കാണാനാവുക.

മതത്തിന്‍റെയും സദാചാരത്തിന്‍റെയും കീഴ്വഴക്കത്തിന്‍റെയും പേരില്‍ ഒരിക്കലും ചോദ്യം ചെയ്യപ്പെടാതെ നിലനിന്നിരുന്ന സാമൂഹ്യ വ്യവസ്ഥിതിയെ വെല്ലുവിളിക്കാന്‍ ഒരാള്‍ ജനിക്കുക എന്നത് കാലത്തിന്‍റെ അനിവാര്യതയായിരുന്നു, മരുഭൂമിയില്‍ നിന്ന് വിളിച്ച് പറയുന്ന സ്നാപക യോഹന്നാനെപ്പോലെ…. വിപ്ലവാത്മകമായ ചുവടുവയ്പ്പുകളിലൂടെ കാപട്യം നിറഞ്ഞ ഒരു വ്യവസ്ഥിതിയെ ചോദ്യം ചെയ്ത, കാലം മറന്നുപോയ, നവോത്ഥാന നായകനായിരുന്നു ചട്ടമ്പിസ്വാമികള്‍. ശ്രീ നാരായണ ഗുരുവിന്‍റെ അതേ കാലഘട്ടത്ത് ജീവിച്ചിരുന്ന ഈ മുനിവര്യനെ കുറിച്ച് കേട്ടറിവ് മാത്രമേ ഇന്ന് പലര്‍ക്കുമുണ്ടാവൂ. ദൌര്‍ഭാഗ്യകരമെന്ന് പറയട്ടെ! ചട്ടമ്പി സ്വാമിയുടെ പേര് ഉച്ചരിക്കാന്‍ പോലും ഇന്ന് ആരും ഇല്ലാതെ പോയി. വിപ്ലവകാരിയായ സന്യാസിയായിരുന്നു അദ്ദേഹം, സ്വാമിമാരുടെ ഇടയിലെ ചട്ടമ്പി…

നൂറ്റാണ്ടുകളിലൂടെ സത്യമെന്ന് വരുത്തിത്തീര്‍ത്ത എല്ലാ സിദ്ധാന്തങ്ങളെയും വെല്ലുവിളിച്ചുകൊണ്ടാണ് ചട്ടമ്പി സ്വാമികള്‍ രംഗപ്രവേശനം ചെയ്യുന്നത്. അപൌരുഷേയ എന്ന് പറയപ്പെടുന്ന വേദങ്ങള്‍ ദൈവീകമല്ലെന്നും, മനുഷ്യര്‍ എഴുതിയതാണെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍ മനുഷ്യ നിര്‍മ്മിതമായതുകൊണ്ട്‌ മാത്രം അതിന്‍റെ മഹത്വം കുറയുന്നില്ല. മനുസ്‌മൃതി എഴുതിയ മനുവിനെ മൂഢന്‍ എന്നു വിളിച്ചു. “ന സ്ത്രീ ശൂദ്രൗ വേദമധീയതാം” എന്നത്‌ വേദവാക്യമല്ല, ആളെപ്പറ്റിക്കാനുള്ള സൂത്രവാക്യമാണ്‌ എന്നദ്ദേഹം ഉറക്കെ വിളിച്ചുപറഞ്ഞു.

ബ്രാഹ്മണാധിപത്യത്തെയും ചാതുര്‍വര്‍ണ്ണ്യത്തെയും ന്യായീകരിക്കാന്‍ ഉണ്ടാക്കിയ പരശുരാമ കഥയേയും കേരളോല്‍പ്പത്തി, കേരള മാഹാത്മ്യം തുടങ്ങിയ കൃതികളേയും അദ്ദേഹം കാറ്റില്‍ പറത്തി. പരശുരാമന്‍ മലയാള ബ്രാഹ്മണരെ കൊണ്ടുവന്നിട്ടില്ലെന്നും മലയാള ഭൂമി ഭാര്‍ഗ്ഗവനുള്ളതല്ലെന്നും അദ്ദേഹം സ്ഥാപിച്ചു. കൂട്ടുകുടുംബ വ്യവസ്ഥ, മരുമക്കത്തായം, തിരണ്ടുകുളിക്കല്യാണം, കെട്ടുകല്യാണം, കല്യാണത്തിനുള്ള പാഴ്ചെലവുകള്‍, ആര്‍ഭാടപൂര്‍ണ്ണമായ മരണാനന്തര കര്‍മ്മങ്ങള്‍ ഇവയെയെല്ലാം അദ്ദേഹം ശാസ്ത്രീയമായി തിരസ്ക്കരിച്ചു.

ബ്രാഹ്മണ്യാധിപത്യത്തെ നഖശിഖാന്തം എതിര്‍ക്കുകയും, സ്വന്തം സമുദായത്തിലെ കൊള്ളരുതായ്‌മകളെ വെറുക്കുകയും ചെയ്ത അദ്ദേഹം സവര്‍ണ്ണ മേധാവിത്വത്തിനെതിരെ വേദാധികാര നിരൂപണം എന്ന ഗ്രന്ഥം തന്നെയെഴുതി. എല്ലാ പ്രതിബന്ധങ്ങളെയും ആത്മീയശക്തി കൊണ്ട് തരണം ചെയ്ത അദ്ദേഹം നായന്‍‌മാരെ ശൂദ്രരായി കരുതി പുച്ഛിച്ചിരുന്ന ബ്രാഹ്മണ ആധിപത്യത്തെ തള്ളിക്കളഞ്ഞു. യുക്തിസഹജങ്ങളായിരുന്നു അദ്ദേഹത്തിന്‍റെ വാദങ്ങള്‍ മുഴുവനും. പത്തൊന്‍പതോളം പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചു. സ്ത്രീപുരുഷ സമത്വ വാദം, സാര്‍വത്രിക വിദ്യാഭ്യാസം എന്നിവയായിരുന്നു അദ്ദേഹത്തിന്‍റെ രചനകളില്‍ പ്രതിഫലിച്ച് നിന്നിരുന്ന സാമൂഹിക വിഷയങ്ങള്‍.

ബ്രാഹ്മണ്യാധിപത്യം കൊടികുത്തി വാണിരുന്ന ഒരു കാലഘട്ടത്ത് അതിനെ ആത്യന്തം എതിര്‍ക്കാന്‍ ധൈര്യം കാണിച്ച ഒരു സന്യാസിയും കേരളത്തില്‍ ഉണ്ടായിട്ടില്ല, ഉണ്ടാവുകയുമില്ല. പ്രസ്ഥാനങ്ങള്‍ പടുത്തുയര്‍ത്താനോ കൈയ്യടി വാങ്ങാനോ ആയിരുന്നില്ല ഇതൊന്നും. ആയിരുന്നെങ്കില്‍ ചട്ടമ്പി സ്വാമികള്‍ക്ക് ചുറ്റും സ്തുതി പാടകന്‍മാര്‍ കൂടുമായിരുന്നു, ഒരു പക്ഷേ, ഒരു വിട്ട് വീഴ്ചയ്ക്ക് ചട്ടമ്പി സ്വാമികള്‍ തയാറായിരുന്നെങ്കില്‍… ഇതു തന്നെയാണ് ചട്ടമ്പി സ്വാമികളെ വ്യത്യസ്തനാക്കുന്നതും.

തിരുവനന്തപുരത്തെ കണ്ണമ്മൂലയില്‍ ഉള്ളൂര്‍കോട്ട്‌ എന്ന സാധാരണ നായര്‍ കുടുംബത്തിലാണ് സ്വാമികള്‍ ജനിച്ചത്. ക്ഷേത്രത്തിലെ ശാന്തിക്കാരനായ വാസുദേവ ശര്‍മ്മയുടെയും നങ്ങയമ്മയുടെയും മകനായി പിറന്ന അദ്ദേഹത്തിന് മാതാപിതാക്കള്‍ ഇട്ട പേര് അയ്യപ്പന്‍ എന്നായിരുന്നു. കുഞ്ഞന്‍ എന്നും അദ്ദേഹത്തെ വിളിച്ചിരുന്നു. ദാരിദ്രം മൂലം പഠനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കിലും അതിസമര്‍ത്ഥനായ ആ ബാലന്‍ പുസ്തകങ്ങള്‍ വായിച്ചും പാഠശാലകളുടെ അരികില്‍പോയി നിന്ന് കേട്ടുപഠിച്ചും സ്വയം വിദ്യ അഭ്യസിച്ചു.

ബുദ്ധിമാനും സമര്‍ത്ഥനുമാണെന്ന് കണ്ട പേട്ടയില്‍ രാമന്‍പിള്ള എന്ന അദ്ധ്യാപകന്‍ കുഞ്ഞനെ സൌജന്യമായി പഠിപ്പിക്കാമെന്നേറ്റു. കൂടെ പഠിക്കുന്നവരേക്കാള്‍ പ്രായം കൂടുതല്‍ ഉണ്ടായിരുന്നതിനാല്‍, ക്ലാസിലെ അച്ചടക്കത്തിന്‍റെ ചുമതല കുഞ്ഞനായിരുന്നു. ചട്ടങ്ങള്‍ പാലിക്കാന്‍ മേല്‍നോട്ടം വഹിക്കുന്നവരെ “ചട്ടമ്പി” എന്നാണ് അക്കാലത്ത് വിളിച്ചിരുന്നത്. അങ്ങനെ കുഞ്ഞന്‍ ചട്ടമ്പിയായി. പിന്നെ ആ വിളിപ്പേര് മാറിയതുമില്ല.

പഠനത്തിന് ശേഷം കൂലിപ്പണിയും ചില്ലറ ഗുമസ്തപ്പണികളുമായി ചട്ടമ്പി കുറച്ച് കാലം ജീവിച്ചു. തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റ് നിര്‍മ്മിക്കുന്ന പണികളിലും ഏര്‍പ്പെട്ടിരുന്ന അദ്ദേഹം മണ്ണ് ചുമന്നിട്ടുണ്ടെന്നും പറയപ്പെടുന്നു. രാമന്‍പിള്ള ആശാന്‍റെ കളരിയില്‍ നടന്നിരുന്ന ജ്ഞാനപ്രജാ‍ഗരം എന്ന സംഘത്തിന്‍റെ സംവാദങ്ങളിലും ചര്‍ച്ചകളിലും സജീവനായിരുന്ന ചട്ടമ്പിയെ സുബ്ബജഡാപാഠികള്‍ തമിഴ്നാട്ടിലേയ്ക്ക് കൊണ്ടു പോവുകയും ആത്മീയോപദേശം നല്‍കുകയും ചെയ്തു. പിന്നീട് ദക്ഷിനേന്ത്യ മുഴുവന്‍ അദ്ദേഹം അലഞ്ഞു തിരിഞ്ഞ് ജനങ്ങളെ നേരില്‍ കണ്ട് കാര്യങ്ങള്‍ ഗ്രഹിച്ചു. അന്ന് നിലനിന്നിരുന്ന സാമൂഹിക വ്യവസ്ഥിതിയെ നേരിട്ടറിഞ്ഞ അദ്ദേഹം സന്യാസം സ്വീകരിക്കുകയും സന്യാസചിഹ്നങ്ങളൊന്നും സ്വീകരിക്കാതെ പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും ചെയ്തു. പരമഭട്ടാചാര്യ വിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍ എന്നായിരുന്നു അദ്ദേഹത്തിന്‍റെ മുഴുവന്‍ പേര്. ശ്രീ നാരായണ ഗുരുവിനെ കണ്ടു മുട്ടി, അവസാനം വരെ അവര്‍ ഉറ്റ സുഹൃത്തുകളായിരുന്നു. 1924 മെയ്‌ 5നാണ്‌ ചട്ടമ്പിസ്വാമികള്‍ സമാധിയാകുന്നത്.

ചട്ടമ്പി സ്വാമികളും ശ്രീ നാരായണ ഗുരുക്കളും ആശയം കൊണ്ട് സമന്‍‌മാരായിരുന്നെങ്കിലും പ്രായോഗികയതയില്‍ വ്യത്യസ്തരായിരുന്നു. ഇരുവരെയും താരതമ്യം ചെയ്യുന്നത് ഒരു തരത്തില്‍ മൌഢ്യം തന്നെയാണെന്ന് പറയാം. ഇരുവരുടെയും പ്രവര്‍ത്തിപദങ്ങള്‍ വ്യത്യസ്തമായിരുന്നു എന്നത് തന്നെയാണ് അതിന്‍റെ കാരണം. ചട്ടമ്പി സ്വാമികള്‍ ശ്രീ നാരായണ ഗുരുവിന്‍റെ ശിഷ്യനായിരുന്നതായും, അതല്ല, നാരായണ ഗുരു ചട്ടമ്പി സ്വാമികളുടെ ശിഷ്യനായിരുന്നതായും പറയുന്ന നിരവധി വാദങ്ങള്‍ ഇന്ന് നിലവിലുണ്ട്.

ചട്ടമ്പി സ്വാമികളെ കുറിച്ച് നിലനില്‍ക്കുന്ന മറ്റൊരു വിശ്വാസം അത്ഭുതാവഹമാണ്. അതായത്, കേരളത്തെ ഭ്രാന്താലയമെന്ന് വിളിച്ച വിവേകാനന്ദന്‍ തന്‍റെ കേരള സന്ദര്‍ശനവേളയില്‍ ചട്ടമ്പി സ്വാമികളെ കാണാനെത്തിയെന്നും, “ചിന്‍ മുദ്രയുടെ” ശരിയായ അര്‍ത്ഥം മനസിലാക്കുവാന്‍ ആത്മീയ ഉപദേശം തേടിയെന്നും പറയപ്പെടുന്നു. തള്ള വിരലും ചൂണ്ടുവിരലും തമ്മില്‍ കൂട്ടിമുട്ടിച്ചുള്ള ധ്യാനമുദ്രയാണ് ചിന്‍ മുദ്ര എന്നത്. ആത്മനും ബ്രഹ്മനും ഒന്നാണെന്ന് സൂചിപ്പിക്കുന്ന ഈ മുദ്രയുടെ അര്‍ത്ഥം വിവേകാനന്ദന് അറിയാതിരിക്കാന്‍ വഴിയില്ല. എങ്കിലും എന്തിനായിരിക്കണം അദ്ദേഹം ചട്ടമ്പി സ്വാമികളെ വന്ന് കണ്ടത്? ചിന്‍ മുദ്രയ്ക്ക് വേറെ അര്‍ത്ഥമുണ്ടോ ആവോ? ചട്ടമ്പി സ്വാമികളുടെ വ്യക്തിത്വത്തെ അനന്യമാക്കുന്ന ചോദ്യങ്ങളായി അവ നിലനില്‍ക്കട്ടെ!

Visit: Sethulakshmi ’s website (A collection of articles, stories and poems)
Explore posts in the same categories: Review

3 Comments on “കാലം മറന്ന ചട്ടമ്പി”

  1. sivakumar Says:

    വന്നു …വായിച്ചു….നല്ല ലേഖനം…. നല്ല വിവരണം….

  2. Rafeeq Says:

    നല്ല ആര്‍ട്ടിക്കിള്‍… നല്ല വിവരണം.. കാലങ്ങളോളം.. മൂടി വെച്ച പല സത്യങ്ങളും പുറത്തു വരുമ്പോള്‍ അതിനെ എതിര്‍ക്കാനും, വിമര്‍ഷിക്കാനും നിരവതി ആളുകളുണ്ടാവും.. കാരണം.. അവരുടെ പല അവ്യക്ത സത്യങ്ങളും പുറത്തു വരും… :)

  3. സനാതനന്‍ Says:

    വളരെ നല്ല ലേഖനം


Comment: