വൈരുദ്ധ്യങ്ങള്‍

അംഗഭംഗം വന്ന നിഴലുകള്‍ കണ്ടു-
മടുത്തിനി ചൂഴ്ന്നു പൊട്ടിച്ചെറിയണം
കണ്ണുമകക്കണ്ണും, കാഴ്ചകളിനിമതി
വൈരുദ്ധ്യമുറങ്ങുന്ന പേക്കിനാവുകള്‍

കുപ്പക്കൂനകളിളകുന്നു തുട്ടിനായ്
കുഷ്ഠം കടിച്ച കരങ്ങളുയരുന്നു
വിശപ്പില്‍ വെന്ത പ്രാണന്‍ ചീഞ്ഞുനാറുമ്പോള്‍
മൂക്കുകള്‍ പൊത്തി നിറകീശകള്‍ നീങ്ങുന്നു

നാലഞ്ചുനാള്‍ വരെ പഴകിയ ചോറിലെ
കെട്ടവാസനയിലുമിനീരിറക്കി-
യൊരു പിടിച്ചോറിനായ് ഇലകള്‍ പരതവേ
അതു പകര്‍ത്തുവാന്‍ വിരലുകളമരുന്നു

ഒക്കത്തിരിക്കുന്നയസ്ഥികൂടത്തിനൊരു തുള്ളി
വെള്ളമിറ്റിക്കുവാന്‍ നീളുന്ന കൈകളും
ഒട്ടിവലിഞ്ഞ നഗ്ന മാറും കാണുമ്പോള്‍
കടമിഴിക്കോണിലൊരു തുള്ളി ബീജം കലരുന്നു

വായുവില്‍ ശേഷിച്ച ബാഷ്പങ്ങളെങ്കിലും
ഊറ്റിക്കുടിക്കുവാന്‍ നാവുകള്‍ തള്ളുന്നു
ഉള്‍വലിയുമാത്മാവും ദൈന്യത ചുരത്തുമ്പോള്‍
പുച്‌ഛഭാവങ്ങളയിത്തം പുലമ്പുന്നു

വയറ്റില്‍ത്തെളിയുന്ന നട്ടെല്ലു മുറുക്കിത്തുണി-
ച്ചുറ്റി ഞൊണ്ടുന്ന വെടിച്ച കാല്‍പ്പാടുകള്‍
പിന്നാമ്പുറങ്ങളില്‍ പാഴ്ഭൂമി തിരയുമ്പോള്‍
നെയ്യുറഞ്ഞ കവിളുകളിടിവാള്‍ മുഴങ്ങുന്നു

ദിഗംബരന്‍‌മാരുറങ്ങുന്നു കടത്തിണ്ണയില്‍
ചുട്ടുപൊള്ളുന്ന പ്രതലവും പൂമെത്തകള്‍
എല്ലുകളുന്തിയ മുഖങ്ങളിലിളതല്ലുന്നു
ഉറങ്ങാന്‍ കൊതിപ്പിച്ച പ്രശാന്തമാം സാഗരം

ഇന്നലെത്തുന്നിയയുടുപ്പിനുപറ്റിയ
കമ്മലില്ലാത്തതോര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍
ഇല്ലാത്ത ഭാവങ്ങളുണ്ടെന്നു കാട്ടുവാന്‍-
വയ്യാതെ, കണ്‍കളിലരിശം പടരുന്നു

Explore posts in the same categories: Poem

3 Comments on “വൈരുദ്ധ്യങ്ങള്‍”

  1. നിലാവര്‍നിസാ Says:

    മൂര്‍ച്ചയുള്ള ബിംബങ്ങള്‍… ഉള്ളിലെ ഏത് ആഴങ്ങളില്‍ നിന്നാണ് ഇവ ഇങ്ങനെ….?

  2. Rafeeq Says:

    നന്നായിട്ടുണ്ട്‌.. :)

    സേതുലക്ഷ്മിടെ എല്ലാം പോസ്റ്റും വായിക്കാന്‍ നല്ലതാ..

  3. sivakumar Says:

    നല്ല കവിത… ഇനിയും എഴുതൂ…..

Comment: