അമ്മയും മഴയും
മഴയൊന്നു തോരട്ടെ, കളിയിനി മതിയാക്കൂ
പനിപിടിച്ചീടുമീ മഴയില്‍ക്കളിച്ചാല്‍
കുസൃതികള്‍ തെല്ലു കുറയ്ക്കെന്‍റെ ഉണ്ണീ
അമ്മയെ ഇനിമേലനുസരിച്ചീടുക നീ!
കൊഴിയുന്ന മാമ്പഴം നാളെപ്പെറുക്കാം
അയലത്തെ പറ്റങ്ങള്‍ കട്ടിടും മുമ്പീ-
യമ്മയതൊക്കെ പെറുക്കി സൂക്ഷിക്കാം
ഉണ്ണീ കരേറുക, ഇടിമിന്നല്‍ വരുന്നു
ഇഴജന്തുക്കളിഴയുന്ന മുറ്റത്തു തെന്നി-
വീണുകരയാതെ അമ്മതന്‍ ചാരെ-
യെത്തിയെന്‍ മടിയില്‍ കിടന്നാല്‍
മുതുമുത്തശ്ശി ചൊല്ലിയ കഥകള്‍ പറയാം
കിണറ്റിന്‍ കരയിലേയ്ക്കോടരുതേ ഇനി
ഓട്ടുതറയൊട്ടു പായല്‍പ്പടലങ്ങള്‍
വഴുതി വീണാല്‍ ഈ അമ്മയ്ക്കാവുമോ!
കളിയിതുമതി, നേരമേറെയായി
അച്ഛന്‍ വരുംവഴി കയറിനില്‍ക്കയാവും
നീ കാത്തിരിക്കുന്ന മധുരപലഹാരങ്ങളുമായ്
അച്ഛനെത്തും മുമ്പ് കരയില്‍ കയറുക
തലതോര്‍ത്തി ഈ നാമം ജപിക്കുക
മുത്തശ്ശിയുറങ്ങുന്ന തുളസിത്തറയില്‍
വിളക്കുമണഞ്ഞു, സന്ധ്യകഴിഞ്ഞു
പെരുമഴയത്തിങ്ങനെ കളിക്കരുതുണ്ണീ
അച്ഛന്‍ കണ്ടുവന്നാല്‍ ചുട്ട തല്ലിന് യോഗം
പാഠങ്ങള്‍ ഇനിയും ചൊല്ലിപ്പഠിക്കണം
അക്ഷരങ്ങള്‍ കൂട്ടിയെഴുതിപ്പഠിക്കണം
ചെളിതെറ്റിച്ചിങ്ങനെ കളിച്ചുനടന്നാല്‍
അച്ഛനീയമ്മയെ കുറ്റങ്ങള്‍ ചാര്‍ത്തും
നിന്‍റെ പ്രായത്തിലെ എത്ര കുട്ടികള്‍
കളിച്ചു നടപ്പുണ്ട്? നീ തന്നെയോര്‍ക്കുക
വെയിലത്തും മഴയത്തും നേരം കളഞ്ഞാല്‍
തിരുമണ്ടനാവും നീ, വീടിനു ദോഷം
അച്ഛനെപ്പോലെ പഠിക്കണം, പിന്നെ
നല്ല ശബളം പറ്റുന്ന ജോലിയുണ്ടാക്കണം
കതകാഞ്ഞടിക്കുന്നു കാറ്റു വീശുന്നു
അപകടമുണ്ണീ വീട്ടില്‍ കയറുക
ഓടാനിനി വയ്യാ, ഉണ്ണീ നില്‍ക്കുക
അമ്മ തളര്‍ന്നു, ഹാ! അച്ഛനെത്തിയല്ലോ!
അച്ഛാ! ഈയമ്മ വെറുതെ മഴയില്‍ തുരത്തുന്നു,
ഉണ്ണിക്കു വാങ്ങിയ പഴംപൊരിയെവിടെ?
ഏപ്രില്‍ 22, 2008 at 4:21 pm
നല്ല വരികള്‍…
ഏപ്രില്‍ 22, 2008 at 5:04 pm
നന്നായിട്ടുണ്ട്.. നല്ല വരികള്‍
ഏപ്രില്‍ 22, 2008 at 8:49 pm
കവിത ഇഷ്ടമായി…അഭിനന്ദനങ്ങള്‍…നല്ല അര്‍ഥപൂര്‍ണമായ വരികള്‍
ഏപ്രില്‍ 22, 2008 at 9:36 pm
നന്നായിട്ടുണ്ട് അമ്മയും മഴയും ഉണ്ണിയും.
ആശംസകള്‍
ഏപ്രില്‍ 23, 2008 at 1:28 am
ഒരു നിമിഷം ഞാന്റെ കുട്ടിക്കാലം ഓര്‍ത്തു പോയ്യി