പറക്കുന്ന പാഠപുസ്തകങ്ങള്‍

നൂലുപോലെഴുകുന്ന സ്കൂള്‍ പൈപ്പിലെ വെളളം അവളുടെ കൈക്കുമ്പിളിലൂടെ നിറഞ്ഞൊഴുകുന്നത് അവള്‍ അറിഞ്ഞില്ല. ഉച്ചഭക്ഷണം ആര്‍ത്തിയോടെ വാരിയുണ്ണുന്ന കുട്ടികളെ അവള്‍ ആവേശത്തോടെ നോക്കിനിന്നു‍. വരണ്ടു വിളറിയ കണ്ണില്‍ തലകീഴായി പതിക്കുന്ന ആ ദൃശ്യങ്ങളെ അവളുടെ മസ്തിഷ്ക്കം മനസിലാക്കാന്‍ ശ്രമിക്കുകയായിരുന്നു. ഒരിക്കലും കൂട്ടിച്ചേര്‍ക്കാന്‍ കഴിയാതെ ചിന്നിച്ചിതറിയ ദര്‍പ്പണം പോലെയായിരുന്നു എല്ലാം. കുട്ടികളുടെ മുഷ്ടിക്കുള്ളില്‍ ഞെങ്ങിയമരുകയും, പിന്നെ ചെറുചെറു ഉരുളകളായി, പല്ലുകള്‍ക്കിടയില്‍ അരഞ്ഞില്ലാതാവാന്‍ എറിയപ്പെടുകയും ചെയ്യുന്ന ഭക്ഷണകണമെങ്കിലും ആവാന്‍ അവള്‍ കൊതിച്ചു, ഒരു നിമിഷം!

കൈകളിലൂടെ നിറഞ്ഞൊഴുകുന്ന ക്ലോറിന്‍ വെള്ളത്തില്‍ പ്രതിഫലിച്ച സൂര്യപ്രകാശത്തിന് പോലും അവളുടെ മുഖത്തെ മ്ലാനത മാറ്റാന്‍ കഴിഞ്ഞില്ല. ഉച്ചനീചത്വങ്ങള്‍ക്കു നടുവില്‍ വെയിലേറ്റു നിന്ന അവള്‍ ആര്‍ത്തിയോടെ വെള്ളം കുടിക്കാന്‍ തുടങ്ങി. അന്നനാളത്തിലൂടെ കുത്തിയൊഴുകിയ പൈപ്പുവെള്ളത്തിലെ ക്ലോറിന്‍ മണത്തില്‍ വെറിപൂണ്ട ആമാശയ കോശങ്ങള്‍ മുകളിലേക്ക് നോക്കി പ്രാകാന്‍ തുടങ്ങി. വിശന്നു മരവിച്ച അവളുടെ മസ്തിഷ്കം അവയൊന്നും ഗൌനിച്ചതേയില്ല.

പായല്‍ പിടിച്ച പൈപ്പിന്‍ ചുവട്ടില്‍ കുട്ടികള്‍ ചുരുട്ടിയെറിഞ്ഞ ഭക്ഷണപ്പൊതികളും, ചിന്നിച്ചിതറിയ ചോറുമണികളും‍, അവിയലും സാമ്പാളും മുട്ടയും കൂടിക്കലര്‍ന്ന വാസനയും അവളുടെ പഞ്ചേന്ദ്രിയങ്ങള്‍ക്ക് ഉച്ചഭക്ഷണം വിളമ്പി. അനാഥമായി കിടക്കുന്ന ആ ഭക്ഷണ പൊതികള്‍ കണ്ട് അവളുടെ കണ്ണുനിറഞ്ഞു. അനാഥത്വത്തിന്‍റെ വേദനകള്‍ വലിച്ചെറിയപ്പെട്ട ഭക്ഷണപൊതികളില്‍ നിന്ന് വമിക്കുന്നുണ്ടായിരുന്നു.

എച്ചില്‍ചാലിലൂടെ തത്തിത്തത്തിയൊഴുകുന്ന ചോറുമണികളും, അവയെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ചട്ടമ്പിത്തരം കാണിക്കുന്ന മുരിങ്ങാ ചണ്ടിയും, ഞെക്കി നിറം പോയ നാരങ്ങയും അവളില്‍ ഏറെ കൌതുകമുണര്‍ത്തി. കുട്ടികള്‍ തിരിച്ചുപോകുന്നതും കാത്ത് കോങ്കണ്ണിലൂടെ സമയമെണ്ണിയിരിക്കുന്ന കാക്കകളുടെ മുറുമുറുപ്പും, റഫ്രിയുടെ വിസില്‍ കേള്‍ക്കാന്‍ കാത്തിരിക്കുന്ന ഓട്ടക്കാരെപ്പോലെ കാക്കകള്‍ കാണിക്കുന്ന തയാറെടുപ്പുകളും കണ്ട് അവള്‍ക്ക് ചിരിവന്നു. ചങ്കിലൂടെയും, പിന്നെ ഇടനെഞ്ചിലൂടെയും ചില ദുഖങ്ങള്‍ ഇടിവാള്‍ അടിച്ചുകയറ്റുമ്പോഴും വെറുതേ ചിരിക്കുക ഒരു രസം തന്നെയാണ്, അതും അപ്രധാനമായ സന്ദര്‍ഭങ്ങളില്‍…!! നിസാരമായ കാര്യങ്ങള്‍ പോലും ഓര്‍ത്തോര്‍ത്ത് ചിരിച്ചേക്കാം! ഇതൊരു തരം ഭ്രാന്ത് തന്നെയാണ്. സ്വന്തം പ്രതിഛായകളില്‍ സന്തോഷത്തിന്‍റെ കണികകള്‍ ഒന്നുമില്ലാതെ വറ്റി വരളുമ്പോള്‍ ചുറ്റുപാടുമുള്ള ചെറിയ കാര്യങ്ങള്‍ പോലും ചിലര്‍ക്ക് രസകരമാവാം. ഉപയോഗശൂന്യമായ പുല്‍ക്കൊടിയില്‍ നിന്ന് പോലും മഹോന്നതങ്ങളായ ചിന്തകള്‍ രൂപപ്പെട്ടേക്കാം, തത്വശാസ്ത്രങ്ങള്‍ ജന്മമെടുത്തേക്കാം. എന്നാല്‍ ഇവയെല്ലാം സ്വന്തം അസ്ഥിത്വത്തിലേക്കുള്ള കലവറയാകുന്നില്ലെങ്കില്‍, ജീവിതം എവിടെയുമെത്താതെ അവസാനിക്കുന്നു. അവള്‍ കാക്കകളെത്തന്നെ നോക്കി നിന്നു.

ഒരു കാക്കയായിരുന്നെങ്കില്‍…! യഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് താല്‍ക്കാലികമായിട്ടെങ്കിലും രക്ഷപ്പെടാന്‍ ആവിഷ്കരിക്കാവുന്ന സ്വപ്നങ്ങളെ അവള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഒരിക്കലും സാധിക്കാത്ത സ്വപ്നങ്ങള്‍ കാണാന്‍ ആരുടെയും അനുവാദം വേണ്ടല്ലോ! അനന്തമായ വിഹായസില്‍ പറവയെപ്പോലെ പറക്കാന്‍ ശ്രമിച്ചു നോക്കുന്നതു തന്നെ എത്ര മനോഹരമാണ്… ഞാന്‍ എന്ന ബോധമില്ലാത്ത വാനമേഘങ്ങളിലൂടെ തെന്നിക്കളിക്കണം… പിന്നെ ചിറകുകള്‍ തളര്‍ത്തി അസ്ത്രം പോലെ ഭൂമിയിലേക്ക് തിരികെ പതിക്കണം… നിലം മുട്ടാറാവുമ്പോള്‍ സര്‍വ്വശക്തിയുമെടുത്ത് വീണ്ടും പറന്നുയരണം… ഗാഢനിദ്രയുടെ പാരമ്യതയില്‍ വിരിയുന്ന  സ്വപ്നങ്ങളില്‍ പോലും സ്വന്തം വേഷം അഭിനയിക്കാന്‍ അവള്‍ ഭയപ്പെട്ടിരുന്നു. ബോധപൂര്‍വ്വം സ്വപ്നം കാണാന്‍ അവള്‍ കൊതിച്ചു, തനിക്കിഷ്ടപ്പെട്ട വേഷങ്ങള്‍ മാത്രം കെട്ടാന്‍!

ഭക്ഷണപ്പൊതികള്‍ ചിക്കിച്ചിതറുന്ന കാക്കകള്‍ക്കിടയില്‍ അവള്‍ ചെന്നിരുന്നു. കൈകള്‍ ചുരുട്ടി മുതിര്‍ന്ന കാക്കകളെ അവള്‍ വിരട്ടിലോടിച്ചു. പിന്നെ ആരോ വലിച്ചെറിഞ്ഞ ഭക്ഷണപ്പൊതി കൊത്തിയെടുത്ത് ചിറകുകള്‍ വിരിച്ച് അവള്‍ പറന്നുയര്‍ന്നു… അങ്ങ് ദൂരെ… ഏതോ മരക്കൊമ്പില്‍ സ്വസ്ഥമായിരുന്നു പൊതിയഴിക്കാന്‍… പിന്നെ വിശപ്പടങ്ങുന്നതുവരെ ഭക്ഷണ ശകലങ്ങള്‍ കൊത്തിപ്പറിക്കാന്‍…!!

Visit: Sethulakshmi ’s website (A collection of articles, stories and poems)
Explore posts in the same categories: Story

5 Comments on “പറക്കുന്ന പാഠപുസ്തകങ്ങള്‍”

  1. സനാതനന്‍ Says:

    ഹ!

  2. പ്രിയ Says:

    വിശപ്പിന്റെ ദുഃഖമോ അതോ ദുരിതമോ. സേതുലക്ഷ്മി പറഞ്ഞത് മനസില് തെളിയിക്കുന്നത് ഒരു വല്ലാത്ത നൊമ്പരം. എന്നിട്ടും പിന്നെയും മറന്നു കളയുന്നു.

  3. sivakumar Says:

    നല്ല ഭാഷ…നല്ല വിവരണം..


  4. “സ്വന്തം പ്രതിഛായകളില്‍ സന്തോഷത്തിന്‍റെ കണികകള്‍ ഒന്നുമില്ലാതെ വറ്റി വരളുമ്പോള്‍ ചുറ്റുപാടുമുള്ള ചെറിയ കാര്യങ്ങള്‍ പോലും ചിലര്‍ക്ക് രസകരമാവാം. ഉപയോഗശൂന്യമായ പുല്‍ക്കൊടിയില്‍ നിന്ന് പോലും മഹോന്നതങ്ങളായ ചിന്തകള്‍ രൂപപ്പെട്ടേക്കാം, തത്വശാസ്ത്രങ്ങള്‍ ജന്മമെടുത്തേക്കാം. എന്നാല്‍ ഇവയെല്ലാം സ്വന്തം അസ്ഥിത്വത്തിലേക്കുള്ള കലവറയാകുന്നില്ലെങ്കില്‍, ജീവിതം എവിടെയുമെത്താതെ അവസാനിക്കുന്നു”

    wonderful !!!


Comment: