ശങ്കരകുട്ടി എന്ന ആന

ശങ്കരന്‍ കുട്ടി താടി വടിക്കാന്‍ ബാര്‍ബര്‍ ഷോപ്പില്‍ ചെന്നു. അവിടെയാണെങ്കില്‍ ഭയങ്കര തിരക്ക്. കുറേ നേരം ഇരുന്ന് മടുത്തപ്പോള്‍ ശങ്കരന്‍ കുട്ടി വീട്ടിലേയ്ക്ക് പോന്നു. പോരുന്ന വഴിയില്‍ കടയില്‍ നിന്ന് ഒരു ബ്ലേഡും ഷേവിംഗ് സെറ്റും വാങ്ങിച്ചു. താടി വടിക്കാന്‍ ഒരു പട്ടികളെയും ഇനി താങ്ങണ്ടല്ലോ!

വീട്ടിലെത്തിയ ശങ്കരന്‍ കുട്ടി സമയം ഒട്ടും പാഴാക്കാതെ വസ്ത്രം മാറ്റി, ഒരു തോര്‍ത്ത് മുണ്ട് ചുറ്റി കണ്ണാടിയും സോപ്പും ഒരാണിയും ഒരു കൊട്ടുവടിയുമെടുത്ത് മുറ്റത്തേയ്ക്കിറങ്ങി. ആണി മുറ്റത്തെ വരിക്ക പ്ലാവില്‍ തറച്ച് കണ്ണാടി അതില്‍ തൂക്കി. സോപ്പ് നന്നായി പതച്ച് മുഖത്ത് പുരട്ടി. ബ്ലേഡ് സെറ്റിലിട്ട് ഷേവ് ചെയ്യാന്‍ സെറ്റ് മുഖത്തേയ്ക്ക് അടുപ്പിച്ചപ്പോഴാണ് ഒരു കാര്യം ശങ്കരന്‍ കുട്ടി ഓര്‍ത്തത്. ഷേവ് ചെയ്യാന്‍ ബാര്‍ബര്‍ ഷോപ്പില്‍ പോയ കൂട്ടത്തില്‍ പോസ്റ്റ് ചെയ്യാനിരുന്ന കത്തിന്‍റെ കാര്യം മറന്നു! ഉമ്മറത്ത് തൂക്കിയ ക്ലോക്കില്‍ നോക്കുമ്പോള്‍ സമയം മൂ‍ന്നര. നാല് മണിക്ക് കത്തെടുക്കാന്‍ പോസ്റ്റുമാന്‍ വരും. മുഖത്ത് പുരട്ടിയ സോപ്പിന്‍റെ കാര്യം മറന്ന് കിട്ടിയ തുണിയുമെടുത്തിട്ട് ശങ്കരന്‍ കുട്ടി പാഞ്ഞു.

ശങ്കരന്‍ കുട്ടിയെ കണ്ട് നാട്ടുകാര്‍ ചിരിക്കുന്നു. ജോലി തരപ്പെടുത്താന്‍ പെടാപാട് പെടുമ്പോഴാ ഇവരുടെ ഒരു ചിരി. ശങ്കരന്‍ കുട്ടി നാട്ടുകാരെ ശ്രദ്ധിക്കാതെ ഓട്ടത്തിന്‍റെ വേഗത കൂട്ടി. പോസ്റ്റാഫീസിലെത്തിയപ്പോള്‍ പോസ്റ്റ്മാന്‍ പെട്ടി തുറക്കുന്നു. ഹോ! കൃത്യസമയത്തിന് തന്നെയെത്തി. പോസ്റ്റ്മാനോട് സുഖമാണോ എന്നൊക്കെ ചോദിച്ച് കത്തെടുക്കാന്‍ ശങ്കരന്‍ കുട്ടി പോക്കറ്റില്‍ കൈയ്യിട്ടു. കത്തെവിടെ?

ശങ്കരന്‍ കുട്ടിയുടെ നെഞ്ചൊന്ന് പിടഞ്ഞു. വെപ്രാളത്തിനിടയില്‍ ഷര്‍ട്ട് മാറിപ്പോയി. അരിശം കാരണം ശങ്കരന്‍ കുട്ടി താടിയൊന്ന് ചൊറിഞ്ഞു. ങേ! ഇതെന്താ? ശങ്കരന്‍ കുട്ടിയുടെ കൈയില്‍ മുഴുവന്‍ ഏതാണ്ടൊരു വെള്ള സാധനം. ഛേ! ശങ്കരന്‍ കുട്ടി ഉടുമുണ്ട് കൊണ്ട് മുഖം തുടയ്ക്കാന്‍ കുനിഞ്ഞു. മുണ്ടെവിടെ? തോര്‍ത്ത് മുണ്ടോ?

ശങ്കരന്‍ കുട്ടിയ്ക്ക് കണ്ണ് കാണാതായി. നാണക്കേട് സഹിക്കാനാവാതെ ശങ്കരന്‍ കുട്ടി വീട്ടിലേക്ക് ഒരൊറ്റ ഓട്ടം വച്ചുകൊടുത്തു. അപ്പോഴും ശങ്കരന്‍ കുട്ടിയുടെ കക്ഷത്തില്‍ കൊട്ടുവടി ഇരിക്കുന്നുണ്ടായിരുന്നു.

Visit: Sethulakshmi ’s website (A collection of articles, stories and poems)
Explore posts in the same categories: Story

One Comment on “ശങ്കരകുട്ടി എന്ന ആന”

  1. simynazareth Says:

    Sankaran kutti enganeyaanu aana aayathu ennu maathram manasilaayilla.


Comment: