സമാനമായ തടവറകള്‍
കലാപം കൊടുമ്പിരികൊണ്ടിരുന്ന സമയമായിരുന്നു അത്. കലാപമുണ്ടാക്കാന്‍ പ്രത്യേകിച്ചൊരു കാരണമോ സമയമോ നമ്മുടെ ആളുകള്‍ക്ക് ആവശ്യമില്ലാത്തതിനാല്‍ കാലഘട്ടം ഓര്‍മ്മയില്ല. അക്രമികളെ അടിച്ചമര്‍ത്താന്‍ അധികാരികള്‍ ചക്രശ്വാസം വലിക്കുന്നു. കലാപത്തില്‍ കൊല്ലപ്പെട്ടവരെ ജീവത്യാഗികളാക്കാനുള്ള ശ്രമം ഇരുപക്ഷവും തുടങ്ങിക്കഴിഞ്ഞു. സംഘര്‍ഷാവസ്ഥ നിയന്ത്രണാതീതമായപ്പോള്‍ പൊലീസിനും നിയന്ത്രണം നഷ്ടപ്പെട്ടു. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട എല്ലാവര്‍ക്കും തല്ല് കിട്ടി. ചിലര്‍ അറസ്റ്റിലായി. അങ്ങനെയാണ് അയാള്‍ ആ ജയിലറയിലെത്തിയത്.
പൊതുവേ ഇരുളടഞ്ഞതഅയിരുന്നു ആ സെല്‍. അവ്യക്തമായ ഒരു ചിത്രം പോലെ ചോരക്കറ ആ സെല്ലിന്റെ ചുവരുകളിലും തറയിലും പതിഞ്ഞുകിടന്നിരുന്നു. മൂത്രത്തിന്റേയും ദുര്‍മേദസ് കലര്‍ന്ന വിയര്‍പ്പിന്റേയും രൂക്ഷഗന്ധം ആ സെല്ലിനെ കൂടുതല്‍ അറപ്പുളവാക്കുന്നതാക്കി. രക്തരക്ഷസുകളുടെ കയ്യിലകപ്പെട്ട നിര്‍ദോഷികലുടെ തേങ്ങലുകള്‍ പോലുള്ള അപശബ്ദങ്ങള്‍ അവിടെ എപ്പോഴും മുഖരിതമായിരുന്നു. കാലങ്ങളോളം അവിടെ ഇറ്റുവീണ കണ്ണീര്‍ക്കണങ്ങളുടെ ലവണരസത്തില്‍ അതിലെ ഉരുക്കുകമ്പികള്‍ തുരുമ്പിച്ചില്ല. പുകക്കറ കൊണ്ട് മങ്ങിയ ഉത്തരത്തില്‍ ചാഞ്ചാടുന്ന ചിലന്തിവലകള്‍ പ്രതീകാത്മകമായ മരണക്കെണി പോലെ ആ സെല്ലില്‍ തൂങ്ങിക്കിടക്കുന്നു. ആഘാതങ്ങളില്‍ അനുവാദം കൂടാതെ പുറത്തുവന്ന മലം വടിച്ചെടുത്ത പാടുകള്‍ തറയില്‍ വ്യക്തമായി കാണാം. ആ സെല്ലിലാണ് അവര്‍ അയാളെ അടച്ചത്.
അയാള്‍ ചെയ്ത തെറ്റിനെ കുറിച്ച് ആരും അന്വേഷിച്ചില്ല. കലാപകാരികളുടെ അട്ടഹാസങ്ങള്‍ക്കിടയില്‍ അയാളുടെ നിലവിളികള്‍ മുങ്ങിപ്പോവുകയായിരുന്നു. രക്തക്കറ പുരണ്ട വാളുകള്‍ കുന്നികൂടിക്കിടക്കുന്ന സ്ഥലത്ത് അയാള്‍ക്ക് എന്തെങ്കിലും പരിഗണന ലഭിക്കുമോ? പ്രായം മൂലം വിളറിയ മുഖത്തെ ദൈന്യതയും നര കീഴടക്കിയ അയാളുടെ രോമാവൃതങ്ങളും പൊലീസുകള്‍ക്ക് വിഷയമായിരുന്നില്ല. കൊതുകുകളുടെ ആതിഥേയത്വവും കൂനനുറുമ്പുകളുടെ സല്‍ക്കാരങ്ങളും ആസ്വദിച്ച് അയാള്‍ അവിടെ കിടന്നു. അര്‍ദ്ധ നഗ്നനായ അയാളുടെ ശരീരത്തിലൂടെ ക്ഷുദ്രജീവികള്‍ റോന്തുചുറ്റുന്നത് അയാള്‍ അറിഞ്ഞില്ല. അയാള്‍ ബോധരഹിതനായിരുന്നു. അഴികള്‍ക്കിടയിലൂടെ ആരോ ഒരാള്‍ ഒരു പാത്രത്തില്‍ ചോറും കറിയും അകത്തേയ്ക്ക് നിരക്കി വച്ചു. അലുമിനിയം പാത്രത്തിന്റെ വക്കുകള്‍ ഉരസിയ ഘര്‍ഷണത്തില്‍ അലോസരപ്പെട്ടപ്പോള്‍ തറ തൊടുത്തിവിട്ട പരുപരുത്ത തെറികള്‍ സെല്ലുകളിലൂടെ സഞ്ചരിച്ചു. സമയം തെറ്റാതെ കിട്ടിയ ഭക്ഷണത്തില്‍ ഈച്ചകള്‍ ആര്‍ത്തി പൂണ്ടു. എങ്കിലും അയാള്‍ അനങ്ങിയില്ല.
റൊന്തുചുറ്റുന്ന പാറാവുകാരുടെ ഒരു മൂലയിലിരുന്ന ടെലിഫോണ്‍ കരഞ്ഞ് കരഞ്ഞ് ചത്തുകൊണ്ടിരുന്നു. “നാശം” – ആരോ ഒരാള്‍ പറഞ്ഞു. കലാപം വിതച്ച അനിശ്ചിതാവസ്ഥയുടെ ആഘാതം പൊലീസുകാരും മറക്കാന്‍ ശ്രമിച്ചു. കയ്യില്‍ കിട്ടിയതൊക്കെ തച്ചുടച്ചും അടിച്ചുപരത്തിയും അവര്‍ ഡ്യൂട്ടി നിര്‍വഹിച്ചു. പാറാവുകാരുടെ ബൂട്ടിന്റെ നിരന്തര ശബ്ദം ക്രമേണ കുറഞ്ഞ് ഇല്ലാതെയായി. പരിപൂര്‍ണമായ നിശബ്ദതയില്‍ ഇടനാഴികയിലെവിടെ നിന്നോ ഒരു കൂര്‍ക്കം വലിയുടെ ശബ്ദം മാത്രം പുറത്തുവന്നുകൊണ്ടിരുന്നു. അയാള്‍ അപ്പോഴേക്കും നിശ്ചലനായി കഴിഞ്ഞിരുന്നു.
വിയര്‍പ്പുകുമിളകള്‍ കൊണ്ട് മൂടിയ അയാളുടെ ശരീരം നന്നേ തണുത്ത് കഴിഞ്ഞിരുന്നു. അവസാനമായി ഉയര്‍ന്ന് മുരള്‍ച്ച പകുതി വച്ച് തീര്‍ന്നതുപോലെ അയാളുടെ വായ പകുതി തുറന്നിരുന്നു. തളംകെട്ടിയ ഉപ്പുലായനിയില്‍ അയാളുടെ ശരീരം പൊങ്ങിക്കിടന്നു. വായില്‍ നിന്നൊലിച്ച നുരയും പതയും അയാളുടെ കവിളിനെ തറിയോട് ഒട്ടിച്ചുചേര്‍ത്തു. മൂക്കുകയറില്‍ വരിഞ്ഞു മുറുകിയ കന്നാലിയെ പോലെ അയാളുടെ കണ്ണുകള്‍ തുറന്നിരുന്നു.
കത്തിയമരുന്ന കലാപ ചിതകള്‍ക്കിടയില്‍ ആരും ആ ലോക്കപ്പ് മരണം ഗൗനിച്ചതേയില്ല. വാര്‍ത്തകളുടെ കുത്തൊഴുക്കില്‍ നിറം മങ്ങിപ്പോവാറുള്ള ദുരന്തങ്ങളെ പോലെ അയാള്‍ മറവുചെയ്യപ്പെട്ടു. ഒപ്പം കലാപവും കെട്ടടങ്ങി. പൊലീസുകാര്‍ സെല്ലുകള്‍ വൃത്തിയാക്കി പെയിന്റടിപ്പിച്ചു. കാലത്തിന്റെ ഗതിയില്‍ എല്ലാം എല്ലാവരും മറന്നു. എന്നാല്‍, അപ്പോഴും ആ വൃദ്ധസദനത്തിലെ വാന്‍ അയാളെ തേടിക്കൊണ്ടേയിരുന്നു, ആര്‍ക്കോ ഉത്തരം നല്‍കാനുള്ളതുപോലെ!
ഏപ്രില്‍ 18, 2008 at 10:28 pm
ishtappettu.