ഒറ്റപ്പെടുന്ന ബ്ലോഗര്‍മാര്‍!

നല്ല ഒന്നാന്തരം സാഹിത്യസൃഷ്ടികള്‍ നടത്തി സജീവമായിരുന്ന എത്രയെത്ര ബ്ലോഗര്‍മാര്‍ വിലാസം പോലും ബാക്കിവയ്ക്കാതെ നാമാവശേഷരായിരിക്കുന്നു! എഴുത്തിനോടുള്ള അഭിനിവേശം മൂത്ത് ദിവസവും ഒരു സൃഷ്ടിയെങ്കിലും നടത്താതെ ഉറങ്ങാന്‍ പോലും മടിച്ച ഈ ബ്ലോഗര്‍മാര്‍ക്ക് എന്ത് സംഭവിച്ചുവെന്ന് ആരും തിരക്കാറില്ല. ബ്ലോഗ് സാഹിത്യത്തിലേയ്ക്ക് അവര്‍ വാരിവിതറിയ ലേഖനങ്ങളും കഥകളും കവിതകളും വായിച്ച് “കൊള്ളാം” എന്ന അഭിപ്രായവും അടിയില്‍ ചേര്‍ത്താല്‍, എല്ലാം കഴിഞ്ഞു എന്ന ചിന്തയാണ് ബൂലോകത്തിലെ ഭൂരിപക്ഷം വായനക്കാര്‍ക്കുമുള്ളത്. ഒരു എഴുത്തുകാരന്‍റെ ചരമ വാര്‍ത്ത പോലും ഈ ചെറിയ സാഹിത്യലോകത്തില്‍ അപ്രസക്തമാകുന്നു. ബൂലോകത്തില്‍ ഒറ്റപ്പെട്ട് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുപോയ ഒരു കൂട്ടം ബ്ലോഗര്‍മാരുടെ സ്മരണയ്ക്ക്!

ബ്ലോഗുകളുടെ ജനകീയതയെയും സാധ്യതയേയും എത്ര തന്നെ പെരുപ്പിച്ച് കാട്ടിയാലും, ബ്ലോഗര്‍മാരുടെ സംഗമങ്ങളെ പാടിപ്പുകഴ്ത്തിയാലും, കാര്യം വരുമ്പോള്‍ ഓരോ ബ്ലോഗറും “ഒറ്റയാനെ” പോലെയാണെന്ന് പറയാതെ വയ്യ. ബൂലോകത്തെ അഭിനന്ദനങ്ങളുടെയും, കാറ്റില്‍ അടിക്കുന്നത് പോലുള്ള പിന്തുണകളുടെയും നടുവില്‍ ബ്ലോഗര്‍മാര്‍ ആത്യന്തികമായി അനുഭവിക്കുന്നത് ഏകാന്തത തന്നെയാണ്. ബ്ലോഗ് സാഹിത്യ ലോകത്തെ കുതികാല്‍ വെട്ടലുകളും, കാലുവാരലുകളും ഒറ്റയ്ക്ക് നേരിടേണ്ട ദയനീയ സ്ഥിതിയാണ് ഇന്ന് ബ്ലോഗര്‍മാര്‍ക്കുള്ളത്. ഇത്തരം ഒറ്റപ്പെടലുകളും പാരകളും അതില്‍ നിന്നുണ്ടാവുന്ന നൈരാശ്യവുമാണ് മിക്ക ബ്ലോഗുകളുടെയും ഗര്‍ഭച്ഛിദ്രത്തിന് കാരണമായിട്ടുള്ളത്.

ബ്ലോഗുകളില്‍ പ്രത്യക്ഷപ്പെടുന്ന ലേഖനങ്ങളെയും കഥകളെയും കവിതകളെയും രാഷ്ട്രീയവല്‍ക്കരിക്കാന്‍ വേണ്ടി മാത്രം ചില മൂരാച്ചികള്‍ ബ്ലോഗുകള്‍ തെരഞ്ഞ് നടക്കുന്നുണ്ടെന്ന വാസ്തവം ദുഖകരം തന്നെ. വ്യക്തിപരമായ പകപോക്കലിനും വ്യക്തിഹത്യകള്‍ക്കും വേണ്ടി ബ്ലോഗുകളെ കരുവാക്കുക എന്നൊരു “കവലച്ചട്ടമ്പികളുടെ യുദ്ധമുറ” ഈ അടുത്ത കാലത്ത് വ്യാപകമായിരിക്കുന്നു (പ്രത്യേകിച്ച് കോര്‍പ്പറേറ്റ് മതിലുകള്‍ക്കുള്ളില്‍). ഇതിന് വ്യക്തവും സുശക്തവുമായ തെളിവുകള്‍ നിരത്താന്‍ സേതുലക്ഷ്മിക്ക് സാധിക്കുമെങ്കിലും, മുന്‍പ് പറയാറുള്ളതുപോലെ ചില സൂചനകള്‍ നല്‍കാനേ ഇപ്പോള്‍ നിര്‍‌വാഹമുള്ളൂ.

ഓഫീസ് സമയത്ത് ബ്ലോഗിംഗ് ചെയ്യുന്നത് തൊഴില്‍ ധര്‍മ്മത്തിന് നിരക്കാത്തത് തന്നെയാണ്‌. അതുപോലെ, തികച്ചും വ്യക്തിപരമായ ബ്ലോഗ് സാഹിത്യങ്ങളെ ഓഫീസ് അന്തരീക്ഷത്തിലേക്ക് വലിച്ചിഴക്കുന്നതും മാനുഷിക മൂല്യങ്ങള്‍ക്ക് നിരക്കാത്തതാണ്. ബ്ലോഗിനെ കുറിച്ച് ഒരു ചുക്കും അറിയാത്ത, സാഹിത്യത്തോട് യാതൊരുവിധ കടപ്പാടുമില്ലാത്ത ശ്വാനന്‍‌മാരാണ് ബ്ലോഗുകളെ പൊക്കിപ്പിടിച്ച് പ്രശ്നങ്ങള്‍ സൃഷ്ടികുന്നത്. ആഴ്ചകള്‍ക്ക് മുമ്പ് സേതുലക്ഷ്മി പ്രസിദ്ധീകരിച്ച “സഹപ്രവര്‍ത്തകരെ വിശ്വസിച്ചാല്‍” എന്ന ലേഖനത്തിന്‍റെ ഇന്നത്തെ അവസ്ഥ കണ്ടാല്‍ വായനക്കാര്‍ക്ക് വിഷയത്തിന്‍റെ ഗൗരവം മനസിലാവും.

ബൂലോകത്തിന്‍റെ ഇരുളടഞ്ഞ് കോണുകളില്‍ ബ്ലോഗര്‍മാര്‍ വ്യക്തിഹത്യ ചെയ്യപ്പെടുന്നുവെന്നതിന് എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും നല്‍കാം. “ബ്ലോഗുകളെ അടച്ചാക്ഷേപിക്കുന്നവര്‍” എന്ന പേരില്‍ പ്രസിദ്ധീകരിച്ച പോസ്റ്റും “സാഹിത്യ പീഡനം” അല്ലാതെ വെറുമൊറു ലേഖനമായി മാത്രം കാണരുത്.

സേതുലക്ഷ്മി പ്രസിദ്ധീകരിച്ച “നീയെന്നെ ചാവേറാക്കി” എന്ന കവിതയുടെ ഇന്നത്തെ അവസ്ഥ ഇതാണ്. ഇത്തിരിയോളം വരുന്ന ബൂലോക സാഹിത്യത്തെ പുതിയ പ്രവണതകളെ വലിച്ച് കീറി പൊതുജനമദ്ധ്യേ കൊണ്ടുവരാന്‍ തുനിഞ്ഞ സേതുലക്ഷ്മിയ്ക്ക് നഷ്ടങ്ങള്‍ മാത്രമേ ഇത് വരെ സംഭവിച്ചിട്ടുള്ളൂ. ഒരു സംഘം ആളുകള്‍ ചേര്‍ന്നാല്‍ ഈ ബൂലോകത്തില്‍ എന്തും സംഭവിക്കും, ഒരാള്‍ രാജാവാകും, ചിലര്‍ രാജ്യദ്രോഹികളാവും. ഇങ്ങനെ സാഹിത്യ വനവാസത്തിലേയ്ക്ക് വലിച്ചെറിയപ്പെടുന്ന ബ്ലോഗര്‍മാരെ പിന്തുണയ്ക്കാന്‍ ബൂലോക നിവാസികള്‍ക്ക് പ്രാപ്തിയല്ലെന്നത് ഒരു സുഖസത്യമായി നിലനില്‍ക്കുന്നു.

ബൂലോകത്തിലെ “സാഹിത്യപീഡനങ്ങളെ” വെളിച്ചത്ത് കൊണ്ട് വരാനും, വ്യക്തിഹത്യകളെ തടയാനും നമുക്ക് ഇന്നും ഫലപ്രദമായ ഒരു സം‌വിധാനമില്ല. ദുരന്തത്തിലകപ്പെട്ട പലരും, സ്വന്തം ഭാവിയെ ഓര്‍ത്ത് സ്വന്തം അനുഭവം മറച്ചുപിടിക്കുന്നു, ചിലര്‍ എഴുത്ത് തന്നെ ഉപേക്ഷിക്കുന്നു. ബ്ലോഗര്‍മാര്‍ സംഘടിതാണെന്നും ശക്തരാണെന്നും തെളിയിക്കുകയാണ് ഇതിനുള്ള ഏക പോംവഴി. ബ്ലോഗര്‍മാര്‍ നേരിടുന്ന “സാഹിത്യ പരാതികള്‍” സ്വീകരിച്ച് യുക്തമായ നടപടികള്‍ കൈകൊള്ളാനും ബ്ലോഗര്‍മാര്‍ ഒറ്റപ്പെട്ടുപോകാതെ അവര്‍ക്ക് പുര്‍ണ പിന്തുണ നല്‍കാനും ഒരു “സാഹിത്യ കോടതി” ഇനിയും ഉണ്ടാകാത്ത പക്ഷം സജീവമായ നിരവധി ബ്ലോഗുകള്‍ ഇനിയും നാമാവശേഷമാവുമെന്നതില്‍ സംശയമില്ല.

 

Explore posts in the same categories: Review

One Comment on “ഒറ്റപ്പെടുന്ന ബ്ലോഗര്‍മാര്‍!”

  1. चन्द्रशेखरन नायर Says:

    കര്‍മ്മം ചെയ്യുക നമ്മുടെ ലക്ഷ്യം. കര്‍മ്മ ഫലം തരും ബൂലോകരല്ലോ.

Comment: