കിലുങ്ങുന്ന നാണയത്തുട്ടുകള്‍

നേരം വെളുത്തത് അവന്‍ അറിഞ്ഞതേയില്ല. അവനൊരു അന്ധനായിരുന്നു. തെരുവ് ശബ്ദമുഖരിതമായപ്പോള്‍ അവന്‍ ഓട്ടുപാത്രം തപ്പിയെടുത്ത് നടക്കുവാന്‍ തുടങ്ങി. അവന്റെ ലക്‌ഷ്യം ആ പഴയ ദേവാലയമായിരുന്നു. അവിടെയിരുന്നാല്‍ അന്നത്തെ അന്നത്തിനുള്ള വക എന്തെങ്കിലും കിട്ടും.

“ഇന്നെന്താ താമസിച്ചേ?” – ഭിക്ഷ യാചിക്കാന്‍ അവന്‍ എന്നുമിരിക്കാറുള്ള ഇരിപ്പിടത്തിന്‌ തൊട്ടടുത്തുള്ള മരച്ചുവട്ടില്‍ നിന്ന് ചോദ്യമുയര്‍ന്നു. അതൊരു മുടന്തനായിരുന്നു. “താമസിച്ചോ?” -  ഊന്ന് വടി തറയില്‍ വച്ച് സാവധാനം സ്വസ്ഥാനത്തിരുന്ന ശേഷം അന്ധ യാചകന്‍ ചോദിച്ചു. “ലേശം!” – മരച്ചുവട്ടില്‍ നിന്ന് ഉത്തരം വന്നു.

“ഇന്ന് പതിവിലും ഭയങ്കര തിരക്കാ. നല്ലൊരു കാലുണ്ടായിരുന്നെങ്കില്‍ ദേവാലയത്തിന്റെ ഉള്ളിലൊക്കെ പോയി ഒന്ന് ചുറ്റിക്കാണാമായിരുന്നു” – മുടന്തന്‍ ആഗ്രഹങ്ങളുടെ കെട്ടഴിച്ചു. “എത്ര സുന്ദരമാണ് ഈ മനുഷ്യരുടെ കാലുകള്‍” – അയാള്‍ തുടര്‍ന്നു. “ഓടിക്കളിക്കുന്ന കുട്ടികളെ കാണുമ്പോള്‍ കൊതിയാവുന്നു, പൂമ്പാറ്റകളെ പോലെ പാറിനടക്കാനും ഒരു യോഗം വേണം. എത്ര കാലമെന്ന് പറഞ്ഞാ ഇങ്ങനെ ജീവിതത്തിന്റെ നുകവും വഹിച്ച് ജീവിക്കാനാവുക? എല്ലാറ്റിനും ഒരു അവസാനമൊക്കെ വേണ്ടേ? സമ്പത്തുള്ളവന്‍ കൂടുതല്‍ സമ്പന്നനാകുന്നു, നമ്മേ പോലുള്ള ദരിദ്രര്‍ കൂടുതല്‍ കൂടുതല്‍ ദരിദ്രരാവുന്നു. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ഈ വേര്‍തിരിവുകള്‍ ആരാണാവോ ഉണ്ടാക്കിയത്? ദൈവത്തിന് ഇതൊന്നും അറിയണ്ടല്ലോ! അയാള്‍ക്ക് കിട്ടാനുള്ളത് കാണിക്കവഞ്ചിയില്‍ മുടങ്ങാതെ കിട്ടുന്നുണ്ടല്ലോ!”- അയാള്‍ പറഞ്ഞ് നിര്‍ത്തി.

“ദൈവ ദോഷം പറയാതെ സഹോദരാ! നമ്മള്‍ ഇങ്ങനെ ജനിച്ചതിന് ദൈവത്തെ കുറ്റം പറയുന്നത് ന്യായമാണോ? നമ്മുടെ മാതാപിതാക്കള്‍ ചെയ്ത പാപം… അല്ലെങ്കില്‍ നമ്മുടെ പൂര്‍‌വജന്മത്തിലെ നമ്മുടെ പാപങ്ങള്‍… അതെല്ലാം അനുഭവിച്ചല്ലേ മതിയാവൂ! വൈവിധ്യമാര്‍ന്ന ഈ പ്രകൃതിയില്‍ ഊമമുള്ളവരായി ജനിക്കുന്ന എന്നതും ഒരു വൈവിധ്യമായിരിക്കാം, അതിനെ വൈരുദ്ധ്യമെന്നൊക്കെ വിളിക്കുന്നത് മണ്ടത്തരമാണെന്ന് തോന്നുന്നു. നമുക്ക് കാലുകളും കണ്ണുകളും ഇല്ലെങ്കിലെന്താ! ആഹാരത്തിന് മുട്ടില്ലല്ലോ? വിതക്കുകയോ കൊയ്യുകയോ ചെയ്യാത്ത ആകാശപ്പറവകളായിരുന്നിട്ടും ദൈവം നമ്മേ തീറ്റിപ്പോറ്റുന്നില്ല. കഴിക്കാന്‍ ഭക്ഷണവും ഉടുക്കാന്‍ തുണിയും തല ചായ്ക്കാന്‍ ഇരിടവുമുണ്ടെങ്കില്‍ മനുഷ്യന് പിന്നെ എന്താണ് വേണ്ടത്?” – അയാള്‍ ചോദിച്ചു.

“നീ പറയുന്നതില്‍ കാര്യമില്ലെന്ന് ഞാന്‍ പറയുന്നില്ല. എങ്കിലും നമ്മളെല്ലാം മനുഷ്യരല്ലേ? വയറ് നിറഞ്ഞ് കഴിയുമ്പോള്‍ കിടക്കണമെന്ന് തോന്നും, ഉറക്കമുണരുമ്പോള്‍ നല്ല വസ്ത്രം വേണമെന്ന് തോന്നും, വസ്ത്രം കിട്ടിക്കഴിഞ്ഞാല്‍ നല്ല ജോലി, വീട്, ഭാര്യ, മക്കള്‍, വാഹനങ്ങള്‍… എന്നിങ്ങനെ ആഗ്രഹങ്ങള്‍ ഒന്നിന് പിറകേ മറ്റൊന്നായി ഉണ്ടായിക്കൊണ്ടേയിരിക്കും. ആഗ്രഹ നിവര്‍ത്തി തന്നെയാണ് ജീവിതത്തിന്റെ പരമമായ ലക്ഷ്യം.” – മുടന്തനായ യാചകന്‍ ആവേശത്തോടെ പറഞ്ഞു.

“എന്താ വലിയൊരു ബഹളം?” മുടന്തന്റെ വാക്‌ധോരണികള്‍ക്ക് വിരാമമിട്ട് അന്ധന്‍ ചോദിച്ചു. “ഓ! അത് ആരോ വരുന്നതാണ്, ഏതോ ധനികനാണെന്ന് തോന്നുന്നു, കൂടെ പ്രജകളും പരിവാരങ്ങളുമുണ്ട്. അയാള്‍ നമുക്ക് വല്ലതും തരുമായിരിക്കും.” – അയാള്‍ പറഞ്ഞു. “അവരെന്താ ഇങ്ങനെ ബഹളമുണ്ടാക്കുന്നത്?”- അന്ധന്‍ സംശയത്തോടെ ചോദിച്ചു. “ഹേയ് ബഹളമുണ്ടാക്കുന്നത് അയാളോ പരിവാരങ്ങളോ അല്ല, നമ്മുടെ വരിയിലിരിക്കുന്ന ഭിക്ഷക്കാരാ. അയാളുടെ കൈയ്യില്‍ നിന്ന് വല്ലതും കിട്ടാന്‍ മുറവിളികൂട്ടുകയാണ് നമ്മുടെ സഹോദരങ്ങള്‍.” “അയാളെ ഇവിടെ നേരത്തെ കണ്ടിട്ടുണ്ടോ നീ?” – അന്ധന്‍ ആരാഞ്ഞു. “ഇല്ല. നല്ല തേജസ്വിയായ മനുഷ്യന്‍. എന്തൊരു ശാന്തതയാണ് അയാളുടെ മുഖത്ത്! തിളക്കമുള്ള കണ്ണുകള്‍.” – മുടന്തന്‍ അറിയിച്ചു. “ദേവാലയത്തില്‍ പഠിപ്പിക്കാന്‍ വന്ന ആരെങ്കിലുമാവുമോ?” – അന്ധന്റെ സംശയങ്ങള്‍ തീര്‍ന്നിരുന്നില്ല. “ആര്‍ക്കറിയാം, അതാ അയാള്‍ എത്തിക്കഴിഞ്ഞു” – അന്ധന്‍ പറഞ്ഞ് നിര്‍ത്തി.

ആ മനുഷ്യന്റെ മുഖം കരുണാര്‍ദ്രമായിരുന്നു. പണസഞ്ചിയില്‍ നിന്ന് നാണയത്തുട്ടുകളെടുത്ത് ഭിക്ഷാപാത്രങ്ങളിലേക്ക് ഇട്ടുകൊടുക്കുമ്പോള്‍ അയാളുടെ ഹൃദയം അനുകമ്പയാല്‍ നിറഞ്ഞു. “എത്ര വൈരുദ്ധ്യം നിറഞ്ഞതാണ് ഈ ലോകം… കുഷ്ഠരോഗികള്‍, മുടന്തന്മാര്‍, അന്ധന്മാര്‍, ദരിദ്രര്‍… അവര്‍ക്കിടയില്‍ നമ്മേ പോലെ സുന്ദരന്മാരും സുന്ദരികളും…! ദൈവമേ ഈ ബന്ധനത്തില്‍ ഇവരെ തളച്ചതാരാണ്‌?” ആ മനുഷ്യന്റെ ചിന്തകള്‍ അതിര്‍ വരമ്പുകളെ ഭേദിച്ച് യാത്രചെയ്തുകൊണ്ടിരുന്നു. ഓരോ യാചകനെയും പിന്നിടുമ്പോഴും അയാള്‍ കൂടുതല്‍ കൂടുതല്‍ വികാര ഭരിതനായി. “ദൈവമേ! ഈ ജനക്കൂട്ടത്തെ മുഴുവന്‍ സുഖമാക്കാന്‍ എനിക്കായിരുന്നെങ്കില്‍!” അയാള്‍ ഹൃദയം നൊന്ത് പ്രാര്‍ത്ഥിച്ചു.

“കര്‍ത്താവേ! ദേവാലയത്തിലെത്താനുള്ള സമയമായി” – ശിഷ്യന്മാരിലൊരാള്‍ ഓര്‍മ്മിപ്പിച്ചു. “ങും”, ഒരു നിശ്വാസം കൊണ്ട് ചിന്തകള്‍ക്ക് വിരാമമിട്ട് പണക്കിഴിയില്‍ നിന്നൊരു നാണയമെടുത്ത് ആ മനുഷ്യന്‍ മുടന്തന് സമ്മാനിച്ചു. ഇനിയൊരു അന്ധനാണ്. അന്ധകാരം കൊണ്ട് നിറഞ്ഞ ഈ മഹാപ്രപഞ്ചത്തില്‍ ആത്മീയ പ്രകാശം കൊണ്ട് ജീവിക്കുന്ന മഹാപുരുഷന്‍. അയാള്‍ പണസഞ്ചിയില്‍ കൈയ്യിട്ടു. ഒന്നും തടഞ്ഞില്ല. “പണം മുഴുവന്‍ തീരുന്നോ? എന്തൊരു പരീക്ഷണമാണിത്? ദൈവപുത്രന്‍ പോലും ചിലപ്പോള്‍ നിസഹയനാകുന്നു.” അന്ധ യാചകന്റെ ഇരുളടഞ്ഞ കണ്ണുകള്‍ തന്നിലേയ്ക്ക് തുറന്നിരിക്കുന്നതായി ആ മനുഷ്യന്‍ കണ്ടു, അതിനുള്ളില്‍ ഒരായിരം പ്രതീക്ഷകളുണ്ടായിരുന്നു, സ്വപ്നങ്ങളുണ്ടായിരുന്നു. അവന്റെ ഓട്ടുപാത്രം തന്നിലേക്ക് നീളുന്നത് അയാള്‍ നിസഹായതയോടെ നോക്കിനിന്നു. ഒഴിഞ്ഞ് പണസഞ്ചികള്‍ അയാള്‍ അയാള്‍ വീണ്ടും വീണ്ടും തപ്പി. ദൈവപുത്രന്റെ കണ്ണുകള്‍ നിറഞ്ഞു. “എന്തെങ്കിലും തരണേ” – അന്ധന്‍ യാചിച്ചു. ആ യാചനയില്‍ അയാളുടെ കണ്ണുകള്‍ കവിഞ്ഞൊഴുകി. മിഴികളില്‍ നിന്ന് ഇറ്റിറ്റുവീഴുന്ന ജലകണങ്ങളില്‍ കുതിര്‍ന്ന ചെറുകല്ല് തറയില്‍ നിന്ന് കുനിഞ്ഞെടുത്ത് ആ മനുഷ്യന്‍ അന്ധയാചകന്റെ പാത്രത്തിലേക്കിട്ടു കൊടുത്തു. “ക്‌ണിം” – ആ സ്വരം ഇരു ഹൃദയങ്ങളിലും അലയടിക്കുന്നുണ്ടായിരുന്നു.

Visit: Sethulakshmi ’s website (A collection of articles, stories and poems)
Explore posts in the same categories: Story

Comment: