വെള്ളക്കടലാസിലെ വരികള്‍

“I love you too” – എന്ന് ഭാവന.

ആ വെള്ള കടലാസില്‍ ഇത് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ചേച്ചിയ്ക്ക് ഇതൊക്കെ തന്നെ ധാരാളം! “അമ്മേ… ഇത് കണ്ടോ പുന്നാര മോന്‍റെ പഠിത്തം? അവനേയ്… പ്രേമിക്കാന്‍ നടക്കുവാ…” – കത്തും പൊക്കിപ്പിടിച്ച് ചേച്ചി വിളിച്ച് കൂവി. “എന്‍റെ റൂമില്‍ വരരുതെന്ന് എത്ര തവണ പറഞ്ഞിട്ടുള്ളതാ. ചേച്ചീ… മദ്യാദയ്ക്ക് അതിങ്ങ് താ!” – ഗോപു പറഞ്ഞു. “അമ്മേ ഇത് കണ്ടോ, ഗോപു എന്നെ ഉപദ്രവിക്കുന്നു” – ചേച്ചി ഒരു നമ്പര്‍ ഇറക്കിവിട്ടു. “എന്താടാ ഇത്?” – അമ്മ ഇടയ്ക്ക് കയറി ഇടപെട്ടു. ഗോപു ഒന്നും മിണ്ടാതെ അകത്ത് കയറിപ്പോയി.

വീട്ടിലെ ഏറ്റവും ഇളയ കുട്ടിയാണ് ഗോപു. ഗോപുവും ചേച്ചിയും തമ്മില്‍ രണ്ട് വയസിന്‍റെ വ്യത്യാസമേയുള്ളൂ. എന്നാല്‍ ഗോപുവിന്‍റെ അമ്മയാണെന്ന ഭാവമാണ് അവള്‍ക്ക്. ഗോപുവിന്‍റെ എല്ലാ കാര്യങ്ങളിലും കയറി ഇടപെടും. എന്തെങ്കിലും കുഴപ്പങ്ങള്‍ ഉണ്ടാക്കുക ചേച്ചിയുടെ ഹോബിയായിരുന്നു. കുട്ടിക്കാലം മുതല്‍ക്കേ ചേച്ചി ഇങ്ങനെയാണ്. ഇളയ കുട്ടിയായതിനാല്‍ ഗോപുവിനെ അച്ഛന് വലിയ ഇഷ്ടമായിരുന്നു. അതില്‍ ഒരു ചെറിയ അസൂയ എന്നും ചേച്ചിക്കുണ്ടായിരുന്നു. ഗോപുവിന് ഒരു മൂത്ത ചേട്ടനുണ്ട്. ഗോപുവിനെക്കാള്‍ നാലഞ്ച് വയസിന്‍റെ വ്യത്യാസമുള്ള കക്ഷി വീട്ടില്‍ എപ്പോഴും സീരിയസാണ്. ഗോപുവിനെ കളിയാക്കാന്‍ ചേച്ചി ചേട്ടനെ കൂട്ടുപിടിക്കാറുണ്ടെങ്കിലും അയാള്‍ അതൊന്നും കാര്യമായി ശ്രദ്ധിക്കാറില്ല.

ഉച്ചയായപ്പോള്‍ ചേട്ടന്‍ വീട്ടില്‍ വന്നു. കക്ഷിയെ കണ്ട മാത്രയില്‍ ചേച്ചി കത്തും പൊക്കിപ്പിടിച്ച് ചേട്ടന്‍റെ അടുക്കല്‍ ഓടിയെത്തി. “ഇത് കണ്ടോ?” അവള്‍ ചോദിച്ചു. “ആരാ ഈ ഭാവന?” – അയാള്‍ ആരാഞ്ഞു. “ഗോപുവിന്‍റെ ക്ലാസിലെ കുട്ടിയെന്നാ തോന്നുന്നേ. അവര്‍ തമ്മില്‍ പൊരിഞ്ഞ് പ്രേമത്തിലാ.” – ചേച്ചി കള്ളച്ചിരിയോടെ പറഞ്ഞു. അയാളുടെ മുഖം ചുവന്നു. “അവനെവിടെ?” അല്‍പ്പസമയത്തെ നിശബ്ദതയ്ക്ക് ശേഷം അയാള്‍ ചോദിച്ചു. “രാവിലെ തന്നെ ക്ലാസിന് കെട്ടിയെഴുന്നെള്ളി പോയി” – ചേച്ചി അറിയിച്ചു. അത് കേട്ടയുടന്‍ കതക് ആഞ്ഞടച്ച് അയാള്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി. “ഇതന്താണപ്പാ” – അവള്‍ മിഴിച്ചു.

ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴി എതിരെ ചേട്ടന്‍റെ ബൈക്ക് വരുന്നത് കണ്ട് ഗോപു സൈക്കിള്‍ റോഡിനരികിലേക്ക് അടുപ്പിച്ചു. ഗോപുവിന്‍റെ അടുക്കല്‍ ബൈക്ക് വന്ന് നിന്നു. “സൈക്കിള്‍ പൂട്ടി, വണ്ടിയില്‍ കയറ്. നമുക്ക് ഒരിടം വരെ പോകാനുണ്ട്” – ചേട്ടന്‍ പറഞ്ഞു. എവിടെ പോകണം എന്നൊന്നും ഗോപു ചോദിച്ചില്ല. സൈക്കിള്‍ പൂട്ടി അടുത്തുള്ള കടയില്‍ വച്ച ശേഷം ഗോപു ബൈക്കില്‍ കയറി. പിന്നെ ഞൊടിയിടയില്‍ ബൈക്ക് മിന്നായം പോലെ ഓടിയകന്നു.

ഇടതൂര്‍ന്ന റബര്‍ മരങ്ങള്‍ക്കിടയിലൂടെ ബൈക്ക് അതിവേഗം സഞ്ചരിച്ചുകൊണ്ടിരുന്നു. അച്ഛന് സ്വന്തമായുള്ള നൂറേക്കര്‍ റബര്‍ തോട്ടത്തിലേക്കാണ് താന്‍ പോകുന്നതെന്ന് ഗോപു ഊഹിച്ചു. അച്ഛനോ പണിക്കാരോ ആരെങ്കിലും തോട്ടത്തിലുണ്ടാവും. എന്തെങ്കിലും ജോലി ചെയ്യാനുമുണ്ടാവും. ഗോപി കരുതി. തോട്ടത്തിലെത്തിയപ്പോള്‍ അവിടമാകെ വിജനമായിരുന്നു. “നമ്മളെന്താ ചേട്ടാ ഇവിടെ?” – മനസില്ലാമനസോടെ ഗോപു ചോദിച്ചു. “എനിക്ക് നിന്നോടല്‍പ്പം സംസാരിക്കാനുണ്ട്! ആരാ ഈ ഭാവന?” – അയാള്‍ യാതൊരു ഭാവവ്യത്യാസവുമില്ലാതെ ചോദിച്ചു. “എന്‍റെ ക്ലാസിലെ കുട്ടിയാ” – ഗോപു ചെറിയ ശങ്കയോടെ പറഞ്ഞു. “നീയും അവളും തമ്മില്‍?” ഗോപു തെല്ലെന്ന് പരുങ്ങി. എന്ത് പറയണമെന്നറിയാതെ വിഷമിച്ചു. “പറയെടാ” – അയാളുടെ ശബ്ദം ഉയര്‍ന്നു. ഗോപു ഞെട്ടി. “അവളെന്‍റെ സുഹൃത്താ” – ഗോപു ഉച്ചത്തില്‍ പറഞ്ഞു. “കള്ളം പറയുന്നോടാ…ഞ്ഫ്ദ്ന്ദുസ്ദ്ന്മ്.” അയാളുടെ അടിയേറ്റ് ഗോപു വീണു. എഴുന്നേല്‍ക്കാന്‍ ഗോപുവിന് കഴിയുമായിരുന്നില്ല. ബൈക്ക് സ്റ്റാര്‍ട്ടായി അവിടം വിട്ട് പോകുന്നത് ഗോപു അറിഞ്ഞതേയില്ല.

സായംസന്ധ്യയുടെ സ്വര്‍ണ്ണ പ്രകാശമേറ്റിട്ടും അയാളുടെ മുഖം കറുത്ത് തന്നെയിരുന്നു. കുണ്ടും കുഴികളും അവഗണിച്ച് ബൈക്കിന്‍റെ ചക്രങ്ങള്‍ അതിവേഗം കറങ്ങിക്കൊണ്ടിരുന്നു. എതിരെ വരുന്ന പെണ്‍കുട്ടിയെ കണ്ട് ആ ചക്രങ്ങള്‍ പെട്ടെന്ന് നിന്നു. പെട്ടെന്നുണ്ടായ വലിയ ശബ്ദം കേട്ട് പെണ്‍കുട്ടി ഞെട്ടി, അവള്‍ ഭാവനയായിരുന്നു. അവള്‍ അയാളുടെ അരികിലൂടെ തെല്ല് പരിഭ്രമത്തോടെ നടന്നകലാന്‍ ശ്രമിച്ചു. “നിക്കടീ” – അയാളുടെ ശബ്ദം പരുപരുത്തതായിരുന്നു. “നിനക്ക് പ്രേമിക്കാന്‍ ആ പട്ടിയെ മാത്രമേ കിട്ടിയുള്ളോ? ഞാനൊരു മണ്ടനെന്ന് നീ കരുതിയോ? നിന്‍റെ പുറകേ നടക്കാന്‍ എനിക്ക് അത്ര ഭ്രാന്തൊന്നുമില്ല. നിനക്കെന്നെ ഇഷ്ടമല്ലെങ്കില്‍ അത് നേരിട്ട് പറയണമായിരുന്നു. പറയാന്‍ വയ്യെങ്കില്‍ ഒരു കത്തെങ്കിലും നിനക്ക് തരാമാ‍യിരുന്നു. അല്ലാതെ, അനുജനെ പ്രേമിച്ച് എന്നെ വിഡ്ഢിയാക്കരുത്.”- അയാളുടെ തൊണ്ടയിടറി. അയാളുടെ കണ്ണുകള്‍ നിറഞ്ഞു. തന്‍റെ നിയന്ത്രണം നഷ്ടമാവുകയാണെന്ന് മനസിലാക്കിയ അയാള്‍ ബൈക്ക് സ്റ്റാര്‍ട്ടാക്കി പോകാനൊരുങ്ങി. അവള്‍ അയാളുടെ കൈയ്യില്‍ പിടിച്ചു. അവളുടെ കൈയ്യിലെ പുസ്തകങ്ങള്‍ താഴെ വീണു. അയാളുടെ കൈകള്‍ അമര്‍ത്തി അവള്‍ ചോദിച്ചു, “എന്ത് പറ്റി, ഗോപു കത്ത് തന്നില്ലേ!”

Visit: Sethulakshmi ’s website (A collection of articles, stories and poems)
Explore posts in the same categories: Story

One Comment on “വെള്ളക്കടലാസിലെ വരികള്‍”

  1. ptsadik Says:

    ഗൗരവമുള്ള ഭാഷയില്‍ നര്‍മം അവതരിപ്പിക്കാന്‍ കഴിയുമെന്ന്‌ സേതുലക്ഷ്‌മി തെളിയിക്കുന്നു. മനോഹരമായ അവതരണ രീതി. സാധാരണ ബ്ലോഗ്‌ ഭാഷകയില്‍ നിന്ന്‌ വ്യത്യസ്‌തം.


Comment: