സഹപ്രവര്‍ത്തകരെ വിശ്വസിച്ചാല്‍!
ജീവിതത്തില്‍ അവള്‍ ചെയ്തത് ഒരു തെറ്റ് മാത്രം, സ്വന്തം സഹപ്രവര്‍ത്തകന്‍റെ വീട്ടില്‍ പേയിംഗ് ഗസ്റ്റായി താമസിച്ചു! തികച്ചും ഗ്രാമീണ അന്തരീക്ഷത്തില്‍ നിന്ന് ചെന്നൈ എന്ന മഹാ നഗരത്തില്‍ ജോലിക്കായി എത്തുമ്പോള്‍ അവള്‍ തികച്ചും ഏകയായിരുന്നു. അന്യസംസ്ഥാനത്തില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടികളെ അലട്ടാറുള്ള ആഹാര പ്രശ്നങ്ങളും ഭാഷാപ്രശ്നങ്ങളും അവളെയും വല്ലാതെ ബുദ്ധിമുട്ടിച്ചു. പരുപരുത്ത ഹോസ്റ്റല്‍ സാഹചര്യങ്ങളോട് ഒരുതരത്തിലും പൊരുത്തപ്പെടാന്‍ സാധിക്കാതെ വന്നപ്പോള്‍, തന്‍റെ വീട്ടില്‍ പേയിംഗ് ഗസ്റ്റായി താമസിക്കാനുള്ള അയാളുടെ ക്ഷണം മനസില്ലാമനസോടെ അവള്‍ സ്വീകരിക്കുകയായിരുന്നു.
വെറും അഞ്ച് ദിവസം! അതിനുള്ളില്‍ തകര്‍ന്നത് അവളുടെ മനസമാധാനവും സ്വസ്ഥതയുമായിരുന്നു. രക്തബന്ധത്തില്‍ കവിഞ്ഞ ഒരു ബന്ധവും നിസ്വാര്‍ത്ഥമായിരിക്കില്ലെന്ന വലിയ പാഠം ആ നഗരം പഠിപ്പിക്കുകയായിരുന്നു. മറ്റുള്ളവരുടെ അനുഭവങ്ങളില്‍ നിന്ന് പഠിക്കുന്ന ബുദ്ധിമതികളായ പെണ്‍കുട്ടികള്‍ക്ക് വേണ്ടി ‘അവള്‍’ എന്ന സാധു പെണ്‍കുട്ടിയുടെ അനുഭവം കുറിക്കട്ടേ! ഇതിലെ കഥാപാത്രങ്ങള്‍ ഭാവനകളല്ല, യാദൃശ്ചികങ്ങളുമല്ല.
വിനോദ് എന്ന സഹപ്രവര്‍ത്തകന്‍റെ വീട്ടില്‍ പേയിംഗ് ഗസ്റ്റായി താമസിക്കാനുള്ള അനുവാദം ചോദിക്കുമ്പോള്‍ അവളുടെ അമ്മയോ അച്ഛനോ ആരും എതിരുപറഞ്ഞില്ല. ഓഫീസില്‍ തികച്ചും മാന്യമായും സ്നേഹാദരവോടും പെരുമാറാറുള്ള വിനോദിന് ക്ലീന്‍ ഇമേജായിരുന്നു. ഒരു സഹപ്രവര്‍ത്തകന്‍ എന്നതിലുപരി ഒരു സഹോദരനെ പോലെ അയാള്‍ പെരുമാറിയിരുന്നു. അവളുടെ വ്യക്തിപരമായ ജീവിതത്തിലെ ചെറിയ വെല്ലുവിളികളില്‍ അയാള്‍ അവള്‍ക്കൊരു താങ്ങായിരുന്നു. നഗരങ്ങളില്‍ വന്ന് പെടാറുള്ള മറ്റേത് പെണ്‍കുട്ടികളെയും പോലെ വിനോദ് എന്ന ‘മാന്യനെ’ അവള്‍ വിശ്വസിച്ചു.
ഓഫീസ് അന്തരീക്ഷത്തില്‍ നിന്ന് ലഭിക്കുന്ന ഇടവേളകളില്‍ ഒന്നിച്ച് കൂടാറുള്ള പാര്‍ക്കുകളിലും ഷോപ്പിംഗ് സെന്‍ററുകളിലും അയാള്‍ അവള്‍ക്കൊരു തുണയായിരുന്നു. ഒരു നോട്ടം കൊണ്ട് പോലും അപമര്യദയായി പെരുമാറാത്ത വിനോദിനെ വിശ്വസിച്ചില്ലങ്കിലേ അതിശയമുള്ളൂ. ബാഗ്ലൂരില്‍ ജോലി ചെയ്യുന്ന വിനോദിന്‍റെ കാമുകിയും അവളും തമ്മില്‍ ഇടക്കിടെ സംസാരിക്കും. അയാളുടെ വീട്ടിലെ പേയിംഗ് ഗസ്റ്റാവുന്നതില്‍ അവള്‍ക്കും എതിരുണ്ടായിരുന്നില്ല. ഹോസ്റ്റലിലെ കൂട്ടുകാരികളില്‍ ഒരാള്‍ പോകരുതെന്ന് പല തവണ പറഞ്ഞിട്ടും അവള്‍ക്ക് കാര്യമായ സംശയങ്ങള്‍ ഒന്നുമുണ്ടായില്ല. വിനോദിന്‍റെ അമ്മ തന്നെ വ്യക്തിപരമായി ഫോണില്‍ വിളിച്ച് സംസാരിച്ചപ്പോള്‍ പോകുന്നതില്‍ തെറ്റില്ലെന്ന് തോന്നി. അങ്ങനെ വിനോദിന്‍റെ വീട്ടില്‍ കാലെടുത്ത് വയ്ക്കുന്നതിന് മുമ്പ് വരെ എല്ലാം സ്വാഭാവികം പോലെയായിരുന്നു. എന്നാല്‍ അവളുടെ വിശ്വാസങ്ങള്‍ക്ക് അത്ര ആയുസ്സുണ്ടായിരുന്നില്ല.
ഒരു ഞായറാഴ്ചയാണ് അവള്‍ വിനോദിന്‍റെ വീട്ടിലേക്ക് ചെല്ലുന്നത്. അമ്മയും രണ്ട് അനിയത്തിമാരുമുള്ള കുടുംബം. അച്ഛന്‍ മരിച്ചു കഴിഞ്ഞപ്പോള്‍ മുതല്‍ കഷ്ടപ്പെടുന്ന ഇടത്തരം കുടുംബം. മഹാനഗരത്തില്‍ ഒരു കുടുംബമുണ്ടായതില്‍ അവള്‍ സന്തോഷിച്ചു. ഒരു പേയിംഗ് ഗസ്റ്റ് എന്നതിലുപരി ഒരു മകളായിട്ട് തന്നെയാണ് അവള്‍ ആ വീട്ടിലെത്തിയത്. എന്നാല്‍ അവളെയും കാത്ത് പ്രശ്നങ്ങള്‍ പടി വാതിലില്‍ നില്‍പ്പുണ്ടായിരുന്നു.
സാമാന്യം വലിപ്പമുള്ള ഒരു വാടക വീടായിരുന്നു അത്. “ഈ വീട് തീരെ ചെറുതാണ്, നമുക്ക് എത്രയും വേഗം പുതിയ വീട് നോക്കണം” – അവള്‍ വീട്ടില്‍ ചെന്ന് കയറി സാധനങ്ങളൊക്കെ ഒരു റൂമില്‍ അടുക്കിക്കൊണ്ടിരിക്കുമ്പോള്‍ വിനോദിന്‍റെ ഇളയ സഹോദരി അര്‍ത്ഥം വച്ച് സംസാരിച്ചു. ആദ്യദിവസം തന്നെ കല്ല് കടിയായി അനുഭവപ്പെട്ടെങ്കിലും അവള്‍ ഒന്നും കണ്ടതായി ഭാവിച്ചില്ല. സഹോദരിയുടെ അര്‍ത്ഥം വച്ചുള്ള സംസാരവും നീരസം കലര്‍ന്ന നോട്ടവും തുടര്‍ന്നുകൊണ്ടിരുന്നു. വീട്ടില്‍ കയറിവന്ന ഭിക്ഷകാരനോട് പോലും അഭിമാനമുള്ളവര്‍ ഇങ്ങനെ പെരുമാറില്ല. പ്രതീക്ഷിച്ചതില്‍ നിന്ന് വിപരീതമായി വീട്ടിലെ ഭക്ഷണം അവള്‍ക്ക് അസഹനീയമായി തോന്നി. അമിതമായ എരിവ് അവളെ നന്നേ കരയിപ്പിച്ചു. അമിതമായി എരിവ് കൂട്ടി ശീലമില്ലാത്ത അവളുടെ ശീലങ്ങള്‍ വകവയ്ക്കാതെ ദിനങ്ങള്‍ കടന്നുപോയി.
രണ്ടാം ദിവസം അവളും വിനോദും ഒരുമിച്ചാണ് ഓഫീസിലെത്തിയത്. വരുന്ന വഴിയില്‍ അവര്‍ പല കാര്യങ്ങളും സംസാരിച്ചു. നീ എന്‍റെ വീട്ടില്‍ താമസിക്കുന്ന കാര്യം ആരും അറിയണ്ട എന്ന വിനോദിന്‍റെ നിര്‍ദ്ദേശം അവള്‍ തലകുലുക്കി സമ്മതിച്ചു. വലിയ ബുദ്ധിമുട്ടുകളില്ലാതെ രണ്ടാം ദിവസവും കടന്നുപോയി.
കഷ്ടിച്ച് അത്താഴം കഴിച്ചെന്ന് വരുത്തി സ്വല്‍പ്പനേരം ടിവി കണ്ട ശേഷം അവള്‍ മുറിയില്‍ കയറി വാതിലടച്ചു. ഭക്ഷണത്തിലെ അമിത എരിവ് മൂലം ചെറിയ വയറുവേദന അവള്‍ക്ക് അനുഭവപ്പെട്ട് തുടങ്ങിയിരുന്നു. ബെഡ് ഷീറ്റ് വിരിച്ച് അവള്‍ കട്ടിലില്‍ കിടന്നു. സമയം നീങ്ങുന്നുണ്ടെങ്കിലും അവള്‍ക്ക് ഉറക്കം വന്നതേയില്ല. പുതിയ അന്തരീക്ഷത്തില്‍ ഉറക്കം വരാന്‍ ചിലര്‍ക്ക് വൈകും. ഹോസ്റ്റലിലായിരുന്നെങ്കില്‍ കൂട്ടുകാരികളുമായി മിണ്ടിയും പറഞ്ഞും സമയം പോകുന്നത് അറിയില്ലായിരുന്നു. വലിയ ഏകാന്തത അവളെ ചുറ്റിസഞ്ചരിച്ചു.
അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ പുറത്ത് നിന്ന് വന്ന ടിവിയുടെ ശബ്ദം കേള്‍ക്കാതായി. പല പല കാര്യങ്ങള്‍ ആലോചിച്ച് കിടക്കുമ്പോള്‍ ആരോ വാതിലില്‍ മുട്ടുന്നതായി അവള്‍ക്ക് തോന്നി. ലൈറ്റിട്ട ശേഷം വാച്ചില്‍ നോക്കിയപ്പോള്‍ മണി പതിനൊന്ന് കഴിഞ്ഞു. വാതില്‍ തുറക്കുമ്പോള്‍ വിനോദ് മുന്നില്‍ നില്‍ക്കുന്നു. ‘എന്താ ചേട്ടാ?’ അവള്‍ ചോദിച്ചു. ‘അല്ല, ഉറങ്ങിയോ എന്നറിയാന്‍ മുട്ടിയതാ… പിന്നെ ഈ വാതിലടക്കണ്ട… കിടന്നോളൂ.’ – ഇത്രയും പറഞ്ഞ് വിനോദ് പോയി. വെന്‍റിലേഷന്‍ കുറഞ്ഞ ആ മുറിയുടെ വാതില്‍ തുറന്നിടുന്നതാണ് നല്ലത്. ലൈറ്റണച്ച് അവള്‍ കിടന്നു. അല്‍പ്പ നേരം കഴിഞ്ഞപ്പോള്‍ വിനോദിന്‍റെ അമ്മ മുറിയില്‍ വന്നു. വാതിലടക്കാത്തതിന്‍റെ കാര്യം തിരക്കി ചെറുതായൊന്ന് ശകാരിച്ചു. “മോളേ! വിനോദ് അപ്പുറത്തല്ലേ കിടക്കുന്നേ! അതുകൊണ്ട് വാതിലടച്ച് വേണം കിടക്കാന്‍. മനുഷ്യന്‍റെ കാര്യമല്ലേ! ഒരു ദുര്‍ബല നിമിഷത്തില്‍ എന്തും സംഭവിക്കാം. എപ്പഴാ മനുഷ്യന്‍റെ നിയന്ത്രണം നഷ്ടമാവുന്നതെന്ന് പറയാന്‍ പറ്റില്ലല്ലോ” – അത്രയും പറഞ്ഞ് അമ്മയും പോയി. വാതിലടച്ച് അവള്‍ കിടന്നു. അമ്മയുടെ വാക്കുകളില്‍ മുള്‍മുനകള്‍ ഒളിഞ്ഞിരിക്കുന്നതായി അവള്‍ക്ക് തോന്നി. ആ ദിവസവും അവസാനിച്ചു.
സേതുസമുദ്രം പ്രശ്നത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി വിവാദ പ്രസ്താവ നടത്തിയ സമയമായിരുന്നു അത്. പ്രശ്നം വഷളായപ്പോള്‍ ഭരണ കക്ഷി തമിഴ്നാട്ടില്‍ പണിമുടക്കിന് ആഹ്വാനം ചെയ്തു. അങ്ങനെ പിറ്റേ ദിവസം അവള്‍ക്കും വിനോദിനും അവധിയായിരുന്നു. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കടുത്ത തലവേദനയും പനിയും. പത്ത് മണിയായപ്പോള്‍ അവള്‍ എഴുന്നേറ്റു. ചായ കുടിച്ച് അവള്‍ കസേരയില്‍ ഇരുന്നു. അമ്മയും രണ്ട് സഹോദരിമാരും തിരക്കിലായിരുന്നു. അവര്‍ എവിടെയോ പോകാനൊരുങ്ങുകയാണ്. ‘മോളേ ഞങ്ങള്‍ ഇപ്പൊ വരാം, ഈ വീടൊന്ന് നന്നായി വൃത്തിയാക്കി ഇടണേ’ – ഏതോ ഒരു ഭാവത്തില്‍ അമ്മ പറഞ്ഞു. പ്രാതലിന് ഒന്നും ആ വീട്ടില്‍ ഉണ്ടാക്കിയിരുന്നില്ല. അവര്‍ പോയപ്പോള്‍ അവള്‍ ആരോഗ്യം വകവയ്ക്കാതെ വീട് വൃത്തിയാക്കി, കട്ടിലില്‍ പോയി കിടന്നു. പിന്നെ എഴുന്നേല്‍ക്കുന്നത് രാത്രി പതിനൊന്ന് മണിക്ക്! ഇതിനിടയില്‍ തിരികെ വന്ന അവര്‍ ഭക്ഷണം കഴിക്കാന്‍ പോലും ആരും അവളെ വിളിച്ചില്ല. പനി കുറഞ്ഞോ എന്നുപോലും ആരും അന്വേഷിച്ചില്ല.
പിറ്റേന്ന് ഓഫീസിലെത്തുമ്പോള്‍ അവള്‍ തീര്‍ത്തും അവശയായിരുന്നു. എങ്കിലും അവള്‍ പരാതിപ്പെട്ടില്ല. ചെയ്യേണ്ട ജോലികളെല്ലാം തീര്‍ത്ത അവള്‍ പോകാനൊരുങ്ങി. ഓഫീസില്‍ നിന്ന് വീട്ടിലെത്താന്‍ മുപ്പത് മിനിറ്റ് മെട്രോ ട്രെയിനില്‍ യാത്ര ചെയ്യണം. യാത്രക്കാരുടെ തിക്കും തിരക്കും അവളെ ശ്വാസം മുട്ടിച്ചു. സ്വന്തം ശരീരത്തിന്‍റെ ഭാരം പോലും താങ്ങാനാവാതെ ഒടുവില്‍ അവള്‍ ബോധംകെട്ട് വീണു. ചുറ്റുമുള്ളവര്‍ താങ്ങിയെടുത്ത് അവളെ വിനോദിന്‍റെ ചുമരില്‍ കിടത്തി. അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ അവള്‍ ഉണര്‍ന്നു. വിനോദിന്‍റെ നെഞ്ചില്‍ താന്‍ കിടക്കുന്നത് കണ്ട് അവള്‍ ഞെട്ടിയെഴുന്നേറ്റു. സ്റ്റേഷനില്‍ നിന്ന് അല്‍പ്പം നടക്കാനുള്ളതിനാല്‍ വിനോദ് അവളെ സഹായിച്ചു. ‘നീയെത്ര സോഫ്റ്റാണ്’ – ഇടയ്ക്ക് വിനോദ് പറഞ്ഞു. ബാംഗ്ലൂരിലെ തന്‍റെ കാമുകിയെക്കാള്‍ അവള്‍ സോഫ്റ്റാണെന്നും വിനോദ് തട്ടിവിട്ടു. വീടെത്തുന്നത് വരെ കാമുകിയുമായുള്ള രഹസ്യസല്ലാപങ്ങള്‍ വിനോദ് പുലമ്പിക്കൊണ്ടിരുന്നു. ആ ദിവസവും അങ്ങനെ കഴിഞ്ഞു.
വിനോദില്‍ നിന്ന് അപ്രതീക്ഷിതമായി ലഭിക്കാന്‍ തുടങ്ങിയ അമിത സംരക്ഷണത്തിലും അതിരുവിട്ട ചില കമന്‍ഡുകളിലും അവള്‍ക്ക് അതൃപ്തി തോന്നി. അമ്മയോടും അനുജത്തിമാരോടും ഒരു തരത്തിലും ഇടപഴകാനാവാതെ അവള്‍ വിഷമിച്ചു. നാല് ദിവസം കൊണ്ട് തന്നെ അവള്‍ ആകെ ക്ഷീണിതയായി കഴിഞ്ഞിരുന്നു. ഓരോ നിമിഷവും ഓരോ ശതാബ്ദങ്ങളായി അവള്‍ക്ക് തോന്നി. ഇങ്ങനെ പോയാല്‍ തന്‍റെ കാര്യം തീര്‍ത്തും അപകടത്തിലാവുമെന്ന് അവള്‍ക്ക് മനസിലായി. പുതിയ വീട്ടില്‍ താന്‍ അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ടുകള്‍ വീട്ടിലറിയിക്കാന്‍ അവള്‍ മടിച്ചു. എങ്കിലും അമ്മയെ വിളിച്ച് ചെറിയ സൂചനകള്‍ നല്‍കി. അമിതമായ എരിവ് ശരിയാവില്ലെന്നും നല്ല വയറ് വേദനയാണെന്നും അമ്മയെ ധരിപ്പിച്ചു. മറ്റൊരു ഹോസ്റ്റലിലേക്ക് മാറുന്ന കാര്യം അമ്മ തന്നെ ഉപദേശിച്ചപ്പോള്‍ അവള്‍ക്ക് സമാധാനമായി. ആലോചിച്ച് നില്‍ക്കാതെ അന്ന് തന്നെ അവള്‍ പുതിയ ഹോസ്റ്റലിലേക്ക് മാറി. അഞ്ച് ദിവസം നീണ്ട മാനസിക പിരിമുറുക്കത്തിനൊടുവില്‍ അവള്‍ നന്നായി ഉറങ്ങി.
പ്രശ്നങ്ങള്‍ അവസാനിച്ചു എന്ന് കരുതിയിരിക്കുമ്പോഴാണ് കാര്യങ്ങള്‍ കൈവിട്ടുപോയതായി അവള്‍ക്ക് മനസിലാവുന്നത്. വിനോദിന്‍റെ പെരുമാറ്റത്തിലും നോട്ടത്തിലും ചില വ്യത്യാസങ്ങള്‍ അവള്‍ക്ക് അനുഭവപ്പെട്ടു. തന്നെ ചതിക്കാന്‍ ഒന്നുമറിയാത്ത മട്ടില്‍ വിനോദ് മനപ്പൂര്‍വം വല വിരിക്കുകയായിരുന്നുവെന്ന് അവള്‍ക്ക് പതിയെ ബോധ്യമായിത്തുടങ്ങി. അവള്‍ അയാളില്‍ നിന്ന് അകലാന്‍ ശ്രമിച്ചു. എന്നാല്‍ അത് കൂടുതല്‍ പ്രശ്നങ്ങളാണ് സൃഷ്ടിച്ചത്. ആശാ ഭംഗങ്ങളില്‍ നിന്നുണ്ടായ അതൃപ്തിയോടെ അയാള്‍ കുത്തുവാക്കുകള്‍ പറഞ്ഞു തുടങ്ങി. സ്വന്തം പ്രശ്നങ്ങള്‍ മറച്ച് പിടിക്കാന്‍ സഹപ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിച്ച് അവള്‍ക്കെതിരെ ചരട് വലിച്ചു. ഇല്ലാത്ത കഥകള്‍ പറഞ്ഞ് പരത്തി സഹപ്രവര്‍ത്തകരുടെ മുന്നില്‍ അവളെ സ്വൈരിണിയാക്കി. സ്വന്തം സഹോദരനെ പോലെ സ്നേഹിച്ച അവളെ അയാള്‍ ചതിക്കുകയായിരുന്നു. എല്ലാം സഹിക്കാന്‍ മാത്രമേ അവള്‍ക്ക് കഴിയുമായിരുന്നുള്ളൂ. ഗത്യന്തരമില്ലാതെ എല്ലാ വിവരങ്ങളും അവള്‍ വീട്ടുകാരെ അറിയിച്ചു. അപ്പോഴേക്കും പ്രശ്നങ്ങള്‍ തീര്‍ത്തും വഷളായിരുന്നു.
ഒരു ദുരന്തമായി മാറുമായിരുന്ന അവളുടെ ജീവിതം ഇങ്ങനെയെങ്കിലും തിരിച്ചുകിട്ടിയതില്‍ സമാധാനിക്കാം. സഹപ്രവര്‍ത്തകന്‍ വിരിച്ച വലയില്‍ നിന്ന് ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ട അവള്‍ വരുത്തിയ തെറ്റുകള്‍ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല. സഹപ്രവര്‍ത്തകന് അമിത സ്വാതന്ത്ര്യം നല്‍കിയെന്നത് ആദ്യ തെറ്റ്, അയാളുടെ വീട്ടില്‍ താമസിക്കാന്‍ ചെന്നുവെന്നത് രണ്ടാമത്തെ തെറ്റ്. വിനോദിന്‍റെ വീട്ടില്‍ പോകാനുള്ള തീരുമാനത്തെ വിലക്കാതിരുന്ന അവളുടെ മാതാപിതാക്കളും തെറ്റുകാരാണ്.
മെട്രോ സിറ്റികളില്‍ ഒറ്റപ്പെട്ട് ജീവിക്കുന്ന പെണ്‍കുട്ടികളെ വശീകരിച്ച് ദുരുപയോഗിക്കാന്‍ ആദ്യം ശ്രമിക്കുന്നത് കൂടെ ജോലിചെയ്യുന്ന സഹപ്രവര്‍ത്തകര്‍ തന്നെയാണെന്ന് സത്യം തുറന്ന് പറയട്ടെ. ഇത് ഒരു ചെറിയ ഉദാഹരണം മാത്രം. വീട്ടുകാരുടെ തുണയില്ലാതെ കഴിയുന്ന പെണ്‍കുട്ടികളെ എന്ത് ചെയ്താലും ആരും ചോദിക്കില്ല എന്നൊരു ധൈര്യമാണ് പ്രശ്നങ്ങളുടെയെല്ലാം തുടക്കം. നിഷ്ക്കളങ്കരായ പെണ്‍കുട്ടികള്‍ സകല സ്വാതന്ത്ര്യവും കൂടി അനുവദിക്കുമ്പോള്‍ ഈ ധൈര്യം വളര്‍ന്ന് തിരിച്ച് കടിക്കാന്‍ തുടങ്ങുന്നു. സഹപ്രവര്‍ത്തകരെ സഹപ്രവര്‍ത്തകരായി തന്നെ നിര്‍ത്തുന്നതാണ് ഏതൊരാള്‍ക്കും നല്ലത്. രക്തബന്ധത്തിനൊപ്പം വരില്ല ഒരു ബന്ധവും. അപൂര്‍വം ചിലരെ വിശ്വസിക്കാമെങ്കിലും, സ്വാര്‍ത്ഥത കൊണ്ട് നിറഞ്ഞവരാണ് ഭൂരിപക്ഷം വരുന്നവരും. ചിരിച്ച് കാണിച്ചാല്‍ വിശ്വസിച്ച് കൂടെവരുമെന്ന ചില ആണ്‍കുട്ടികളുടെ അധമവിശ്വാസം പെണ്‍കുട്ടികള്‍ മാറ്റിയേ മതിയാവൂ. അതിന് നഗരങ്ങളില്‍ ഒറ്റയ്ക്ക് കഴിയുന്ന പെണ്‍കുട്ടികള്‍ ഒരല്‍പ്പം ബുദ്ധിയും വിവേകവും കാട്ടിയേ തീരൂ.
This is a blank page which has indeed a long story to tell. It should remain as a Memory. When I am about to die, I will ask my children to take a print out of this page. Then, my children will have to ask me a question why it is empty. I will narrate the entire story, how I lived my youth, my spirit, my mistakes, my strength and my affections. My children will feel proud about me when I close my eyes. Then my heart will be so happy. They will bury me among great men in their hearts and tell about this page as a lesson to my all generations.
Sethulakshmi
മാര്‍ച്ച് 29, 2008 at 11:12 pm
ഏപ്രില്‍ 5, 2008 at 11:14 am
[...] മുമ്പ് സേതുലക്ഷ്മി പ്രസിദ്ധീകരിച്ച “സഹപ്രവര്‍ത്തകരെ വിശ്വസിച്ചാല̶്… എന്ന ലേഖനത്തിന്‍റെ ഇന്നത്തെ അവസ്ഥ [...]