ബ്ലോഗുകളെ അടച്ചാക്ഷേപിക്കുന്നവര്‍
ഈ കമ്പ്യൂട്ടര്‍ യുഗത്തില്‍ ബ്ലോഗുകള്‍ മലയാള ഭാഷയ്ക്ക് നല്‍കുന്ന സംഭാവനകളെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. എന്നാല്‍, ബ്ലോഗുകളുടെ സാധ്യതകളെ കുറിച്ച് എത്രതന്നെ വിശദീകരിച്ചാലും ഒന്നും തലയില്‍ കയറാത്ത ചില പിന്തിരിപ്പന്‍മാര്‍ ഇക്കാലത്തും ജീവിച്ചിരിപ്പുണ്ടെന്ന സത്യം വെളിച്ചത്ത് കൊണ്ട് വരികയെന്നതാണ് ഈ ലേഖനത്തിന്‍റെ ലക്‍ഷ്യം. ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചില പ്രഫഷണലുകളുമായി നടത്തിയ ചര്‍ച്ചയാണ് ഈ ലേഖനത്തിന്‍റെ അടിസ്ഥാനം.
എഴുത്ത് എഴുത്താവണമെങ്കില്‍ കൈകൊണ്ട് തന്നെ എഴുതണമെന്നും, വായന വായനയാവണമെങ്കില്‍ അച്ചടിച്ച ലിഖിതങ്ങള്‍ തന്നെ വേണമെന്നുമുള്ള മനോഭാവം ഇന്നും ശക്തമായിത്തന്നെ നിലനില്‍ക്കുന്നുവെന്നതിന് ആ ചര്‍ച്ച സാക്ഷിയായി. “ദി സോകോള്‍ഡ് എഴുത്തുകാരുടെ” സൃഷ്ടികളെ മാത്രം സാഹിത്യമായി കണക്കാക്കി, ബ്ലോഗുകളില്‍ വരുന്ന പ്രസിദ്ധീകരണങ്ങള്‍ അശേഷം പുശ്ചിക്കുന്ന ‘യാഥാസ്ഥിതികരായ വായനക്കാര്‍’ ഇന്നും നമുക്കിടയിലുണ്ടെന്ന കാര്യം എത്രപേര്‍ക്കറിയാം? ഇതുവരെ ഉണ്ടായിരുന്ന ധാരണകളില്‍ നിന്ന് വ്യത്യസ്തമായി, ബ്ലോഗുകള്‍ ജനകീയമായെന്നോ, അവ പരക്കെ അംഗീകരിക്കപ്പെട്ടെന്നോ കരുതാനാവാത്ത സ്ഥിതി വിശേഷം ഇന്നും നിലനില്‍ക്കുന്നു.
കമ്പ്യൂട്ടറിന്‍റെയും ഡിടിപിയുടെയും ഭാഷാ സോഫ്റ്റുവെയറുകളുടെയും ആവിര്‍ഭാവത്തോടുകൂടി, നിലത്തെഴുത്തും, സ്ലേറ്റിലെഴുത്തും, നോട്ടുബുക്കിലെഴുത്തും നമുക്ക് അന്യം നിന്നുപോയെന്ന പരിദേവനങ്ങള്‍ സാഹിത്യലോകത്ത് നിന്ന് അപ്രത്യക്ഷമായിട്ടില്ല. കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്യുന്നത് യാന്ത്രികമായാണെന്ന്! കടലാസില്‍ എഴുതുമ്പോള്‍ മാത്രമേ അക്ഷരങ്ങളുടെ ഒരു ചിത്രം മെമ്മറിയില്‍ രൂപപ്പെടൂ എന്ന്! ‘സോ കോള്‍ഡ് എഴുത്തുകാരാവാന്‍ ശ്രമിക്കുന്ന ബ്ലോഗര്‍മാരുടെ ഗൂഢാലോചനയുടെ ഫലമാണ് ‘ബ്ലോഗ് സാഹിത്യം’ എന്ന്! അങ്ങനെയാണ് ബ്ലോഗേഴ്സ് എന്ന വര്‍ഗം തന്നെ ഉടലെടുത്തതെന്ന്! ഇവയൊക്കെ ശരിയാണെന്നോ അബദ്ധങ്ങളെന്നോ വിലയിരുത്താന്‍ എനിക്കേതായാലും ഗത്യന്തരമില്ല. തുടര്‍ന്ന് വായിച്ച ശേഷം വായനക്കാര്‍ തന്നെ വിലയിരുത്തിയാല്‍ മതി.
അതുപോലെ, മലയാള ഭാഷയെ സോഫ്റ്റുവെയറുകളുടെ വഴക്കത്തിനൊപ്പം പരുവപ്പെടുത്തിയപ്പോള്‍ ഭാഷ കൃത്രിമമായെന്ന പരാതിയുമുണ്ട് ചിലരുടെ പക്കല്‍. കൈ കൊണ്ട് എഴുതുമ്പോള്‍ തെളിയുന്ന ‘ശുദ്ധമായ മലയാളം’ കമ്പ്യൂട്ടറില്‍ ടൈപ്പുചെയ്യുമ്പോല്‍ ഉണ്ടാവുന്നില്ലത്രേ. കമ്പ്യൂട്ടറിനുവേണ്ടി മലയാളത്തെ പരുവപ്പെടുത്തിയപ്പോള്‍ വന്ന പിശകുകള്‍ തിരുത്താതെ സ്വതന്ത്ര ചിന്താഗതിയും കൊണ്ട് നടക്കുന്നത് “അപ്പുറത്തെ അംബുജാക്ഷിക്ക് ഒരു ജാരനുണ്ടെങ്കില്‍ ഇരിക്കട്ടെ എന്‍റെ ഭാര്യക്കും” എന്ന് പറയുന്നതിന് തുല്യമാണെന്ന് ഒരു വാദി. കൃത്രിമത്വങ്ങളിലൂടെ അക്ഷരങ്ങള്‍ സൃഷ്ടിക്കുന്നത് ഭാഷയെ നശിപ്പിക്കലാണെന്ന് അദ്ദേഹം കരുതുന്നു.
ആര്‍ക്കും എന്തും എഴുതാം എന്ന അവസ്ഥ ഭാഷയുടെ നിലവാരം തകര്‍ക്കുമെന്ന ചിലരുടെ വാദത്തെ കുറിച്ച് കേള്‍ക്കാം. “വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന മട്ടില്‍ ബ്ലോഗുകളിലൂടെ പടച്ചുവിടുന്ന ലേഖനങ്ങളും കഥകളും കവിതകളുമെല്ലാം മലയാളത്തെ വളര്‍ത്തുകയാണോ തളര്‍ത്തുകയാണോ എന്നു ചിന്തിക്കണം. നിലവാരമില്ലാത്ത രചനകള്‍ പത്ര-മാസികകളുടെ ഓഫീസിലെ ചവറ്റുകൊട്ടയില്‍ മാത്രം പ്രസിദ്ധീകരിക്കപ്പെടുമ്പോള്‍ ഇവിടെ എന്തും പ്രസിദ്ധീകരിക്കപ്പെടുകയാണ്. അക്ഷരങ്ങള്‍ വെറുതെ ചേര്‍ത്തുവച്ചാല്‍ അത് സര്‍ഗാത്മക സൃഷ്ടിയാകുമെന്ന ചിന്തയാണ് ഇന്ന് സൈബര്‍ സാഹിത്യത്തില്‍ പ്രകടമാകുന്നത്. ഇന്റെര്‍നെറ്റ് കണക്ഷനും കമ്പ്യൂട്ടറും പിന്നെ മലയാളം ടൈപ്പുചെയ്യാനുള്ള സോഫ്റ്റ്‌വെയറുമുണ്ടെങ്കില്‍ ആര്‍ക്കും എഴുത്തുകാരനാകാം എന്ന സ്ഥിതിവിശേഷം അപകടകരമാണ്.”
തീര്‍ന്നില്ല, ഇത് കൂടി കേള്‍ക്കൂ. “ബ്ലോഗുകളില്‍ വന്നവ സൃഷ്ടികള്‍ പുസ്തകരൂപത്തിലാക്കുന്ന പ്രവണതയും ഇന്ന് കണ്ടുവരുന്നുണ്ട്. ശരിക്കും പറഞ്ഞാല്‍ ബ്ലോഗ് ഇന്നും ഭൂരിഭാഗം മലയാളി വായനക്കാര്‍ക്കും അപ്രാത്മാണ്, അതിനാല്‍ തന്നെ ബ്ലോഗെഴുത്ത് കൌതുകകരവുമാണ്, ഈ കൌതുകത്തെ മുതലെടുത്തുകൊണ്ടാണ് ഇപ്പോള്‍ ചില ബ്ലോഗ് രചനകള്‍ പുസ്തകരൂപത്തില്‍ അവതരിക്കുന്നത്. പത്രമാധ്യമങ്ങള്‍ ഇതിന് വലിയ വാര്‍ത്താ പ്രാധാന്യമാണ് നല്‍കുന്നത്. എന്നാല്‍ കൌതുകം തീരുന്നതോടെ ബ്ലോഗ് വഴി വന്ന പുസ്തകങ്ങളെ അവ നിലവാരമില്ലാത്തതാണെങ്കില്‍ വായനക്കാര്‍ തിരസ്ക്കരിക്കാന്‍ തുടങ്ങും. നിലവാരമുള്ള എഴുത്തുകാരും വായനക്കാരും സൈബര്‍ സാഹിത്യത്തില്‍ പ്രവേശിച്ചാല്‍ മാത്രമെ മലയാള ഭാഷയ്ക്ക് എന്തെങ്കിലും ഗുണമുണ്ടാകൂ.”
മറ്റൊരു പോയന്‍റ് കൂടി. “എഴുതിയും തിരുത്തിയും എത്രയോ കാലങ്ങളിലൂടെയാണ് ഒരു നല്ല എഴുത്തുകാരന്‍ രൂപപ്പെടുന്നതെന്ന് നമുക്കറിയാം. എന്നാല്‍ ഇതൊന്നുമില്ലാതെ ആര്‍ക്കും ഓടിക്കയറാവുന്ന സൈബര്‍ സാഹിത്യത്തില്‍ എന്തെങ്കിലും കുത്തിവരച്ച് ‘ഞ്ഞമ്മളും ബെല്യ എഴുത്തുകാരനായി’ എന്നു പറയുന്നതില്‍ എത്രമാത്രം സത്യസന്ധതയുണ്ട്? കമ്പ്യൂട്ടറിലാണെങ്കിലും കടലാസിലാണെങ്കിലും രചനകള്‍ക്ക് മൂല്യമുണ്ടാവണം, അല്ലെങ്കില്‍ പാവം മലയാള ഭാഷയ്ക്ക് വാതം പിടിക്കും.”
ഇത് കൂടി കേള്‍ക്കൂ. “ഡ്രൈവിംഗ് അറിയാത്തവന്‍ വണ്ടി ഓടിച്ചാല്‍ ഓടിക്കുന്നവനും വണ്ടിക്കും മാത്രമല്ല അതില്‍ ഇരിക്കുന്നവര്‍ക്കും വഴിയാത്രക്കാര്‍ക്കും എന്തിനു വഴിയരികിലെ കടകള്‍ക്ക് പോലും പരിക്കേല്‍ക്കും. എഴുത്തറിയാത്തവര്‍ എഴുതിയാലും ഇതു തന്നെയാണ് സംഭവിക്കുക. രചനയ്ക്ക് സുഗന്ധവും ദുര്‍ഗന്ധവും ഉണ്ട്, നല്ല രചനകള്‍ സുഗന്ധം പരത്തുമ്പോള്‍ മറിച്ചുള്ളവ അന്തരീക്ഷത്തില്‍ ആവോളം ദുര്‍ഗന്ധം പരത്തുന്നു. ഒരാള്‍ ഒരു നല്ല രചനയ്ക്കായി കാലങ്ങളോളം വെട്ടലും തിരുത്തലും നടത്തുന്നത് സ്വന്തം മുറിയില്‍ ഇരുന്നാണ്. അതായത് എഴുത്തിന്‍റെ കളരി അയാളുടെ മുറിയാണ്. രചന പക്വത പ്രാപിച്ചുവെന്നും മൂപ്പെത്തിയെന്നും തോന്നുമ്പോള്‍ അയാള്‍ക്ക് അത് പ്രസിദ്ധീകരിക്കാന്‍ നല്‍കാം. പഴയ കാറില്‍ ഡ്രൈവിംഗ് പഠിക്കുന്ന പോലെ എഴുത്ത് പഠിക്കാനായി ബ്ലോഗിനെ ഒരു പാട്ടക്കഷ്ണമാക്കി മാറ്റരുത്. ഇത്തരക്കാരാണ് ബ്ലോഗിന്‍റെ നിലവാരം അറബിക്കടലിനോളം ആഴത്തിലാക്കുന്നത്. നിങ്ങള്‍ എഴുതാന്‍ പഠിക്കുന്നത് മാലോഖര്‍ മുഴുവന്‍ വായിക്കണമെന്ന് ശാഠ്യം പിടിക്കുന്നത് മഹാപാതകമാണ്. നിലവാരമില്ലാത്ത രചനകള്‍ എവിടെ വന്നാലും അത് ഭാഷയെ തളര്‍ത്തും. സാഹിത്യമാസികകളിലേക്ക് അയച്ചാല്‍ അവ പ്രസിദ്ധീകരിക്കില്ലെന്ന് ഉറപ്പുള്ളവര്‍ ബ്ലോഗില്‍ ഒരു കൂടുകെട്ടി സൂത്രത്തില്‍ കല്ലും മണ്ണും വിരിയിച്ച് മാലോഖരേക്കൊണ്ട് വായിപ്പിക്കുന്നു.”
ഉപസംഹാരം: ബ്ലോഗുകളെയും ബ്ലോഗേഴ്സിനേയും അടച്ചാക്ഷേപിക്കുന്ന യാഥാസ്ഥിതികര്‍ നമുക്ക് ചുറ്റും ഇന്ന് ജീവിച്ചിരിക്കുന്നുവെന്ന സത്യം വെളിച്ചത്ത് കൊണ്ടുവരാനാണ് ഈയൊരു പോസ്റ്റ് സേതുലക്ഷ്മിക്ക് പ്രസിദ്ധീകരിക്കേണ്ടി വന്നത്. മുകളിലെ ഉദ്ധരണികള്‍ ആര് പറഞ്ഞു, എപ്പോള്‍ പറഞ്ഞു എന്നീ ചോദ്യങ്ങള്‍ ആരും ചോദിക്കരുത്. ലേഖനത്തിലെ വിഷയത്തെ കുറിച്ച് ചര്‍ച്ചയാവാം.
മാര്‍ച്ച് 28, 2008 at 4:00 pm
ബ്ലോഗ് സാഹിത്യം.. പറയുന്നവര്‍ പറയട്ടെ.. എന്തിനെയും വിമര്‍ശിക്കുവാന്‍ ഇഷ്ടം പോലെ ആളുകള്‍ കാണും, ചിലര്‍ അതിലെ നല്ലതു കണ്ടിട്ടും വിമര്‍ശിക്കുന്നവര്‍..
പിന്നെ.. എതൊരു കാര്യത്തിനും, നല്ലതും ചീത്തയുമുണ്ട്.. ബ്ലോഗിന്റെ കാര്യത്തിലും അത്രെയൊ യുള്ളു.. ഇവിടെ ബൂക്സ്റ്റളില്‍ പോയാല്‍.. വേണ്ട ബുക്ക് തിരഞ്ഞെടുക്കാം.. അതെല്ലാം വായനക്കാരന്റെ.. താല്‍പര്യം..
അതു വായനക്ക്കരന്റെ ഇഷ്ടത്തിനു താല്‍പര്യമുള്ളതു വായിക്കാം..
ഇവിടെ ചില ബ്ലോഗില്‍.. നല്ല നിലവാരമുള്ള എത്രയോ പൊസ്റ്റുകള്‍ വന്നിട്ടുണ്ട്..
സേതു ലക്ഷ്മി.. പറയുന്നവര്‍ പറയട്ടെ.. നമുക്കിവിടെ പോസ്റ്റാം..
http://swapnankal.blogspot.com/
മാര്‍ച്ച് 28, 2008 at 7:24 pm
ബ്ലോഗുകള്‍ ഇനിയും ജനകീയമാവേണ്ടതുണ്ട് . ഈ ഉദ്ധേശ്യത്തോടുകൂടി കേരള ബ്ലോഗ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂരില്‍ ഒരു ബ്ലോഗ് ശില്പശാല നടന്നിരുന്നു . തുടര്‍ന്ന് വിവിധ ജില്ലകളില്‍ ഇത്തരം വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നതിന് ബ്ലോഗ്ഗര്‍മാര്‍ മുന്നോട്ട് വരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു .
കൂടുതല്‍ വിവരങ്ങള്‍ ഇവിടെ :
http://keralablogacademy.blogspot.com/
മാര്‍ച്ച് 29, 2008 at 3:07 am
‘ആ പരട്ട നിന്റെ അച്ഛനെ കഴുതേ എന്നു വിളിച്ചു’, ‘പിന്നെ അയാള്‍ അറുത്ത കൈക്കു ഉപ്പു തേക്കാത്ത പിശുക്കാ എന്നും മണ്ടാ എന്നും വിളിച്ചു’ എന്നു പറയുന്ന മട്ടിലും വിമര്‍ശിക്കാം, അല്ലേ സേതു ലക്ഷ്മീ.
മാര്‍ച്ച് 29, 2008 at 3:10 am
bloggers should take the criticism in positive sense.