നക്ഷത്ര സ്വൈരിണികളാവുന്ന കുമാരിമാര്‍

ചുവന്ന ലിപ്സ്റ്റിക്കും തേച്ച്, മുല്ലപ്പൂ‍വും ചൂടി, പൊക്കിള്‍ താഴ്ത്തി കടുംനിറത്തിലുള്ള സാരിയുടുത്ത്, കണ്മഷി തേച്ച അറപ്പില്ലാത്ത കണ്ണുകളുമായി കവലകളില്‍ ചുറ്റുന്ന സ്വൈരിണികളെ മാത്രം കണ്ടിട്ടുള്ള സാധാരണക്കാരന് ഇതൊന്നും പറഞ്ഞാല്‍ മനസിലാവില്ല. അന്തസുള്ള തറവാട്ടില്‍ പിറന്ന പെണ്‍കുട്ടിയാണെന്നേ കണ്ടാല്‍ ആരും പറയൂ! ഫാഷന്‍ ചാനലുകളിലെ റാമ്പിലൂടെ സ്റ്റൈലനായി നടന്നുനീങ്ങുന്ന വടിവൊത്ത മോഡലുകള്‍ പോലെ, കേരള സൌന്ദര്യത്തിന്‍റെ പ്രതിഛായകള്‍ പോലെ മന്ദഹസിക്കുന്ന ഇവള്‍ വിലയേറിയ ഭോഗവസ്തുവാണെന്ന് മനസിലാക്കാന്‍ അല്‍പ്പം സമയമെടുക്കും. നഗ്നമായ ചില യാഥാര്‍ത്ഥ്യങ്ങളിലേക്ക്!

ലൈംഗിക തൊഴിലാളികളെ (വേശ്യയെന്നോ സ്വൈരിണിയെന്നോ ഉള്ള പദം ഉപയോഗിക്കാനൊരു പേടി, ആരെങ്കിലും മാനനഷ്ടത്തിന് കേസ് കൊടുത്താലോ!) ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണ് ഇന്നുള്ളത്. സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന ആവശ്യക്കാരന് മാത്രം പ്രാപ്യമായ വിധം ഒരു ഹൈടെക്ക് വേശ്യാവൃത്തി മെട്രോ നഗരങ്ങളിലെന്നല്ലെ സാധാരണ പട്ടണങ്ങളില്‍ പോലും വ്യാപിച്ചുകൊണ്ടിരിക്കുന്നു. ചുരുങ്ങിയ സമയം കൊണ്ട് കൈനിറയെ പണമുണ്ടാക്കാന്‍ ഇതുപോലെ എളുപ്പമുള്ള വഴി ഇല്ലാത്തതുകൊണ്ടുതന്നെ വേശ്യാവൃത്തി ഒരു തൊഴിലായി സ്വീകരിക്കുന്ന കുമാരിമാര്‍ നമുക്ക് ചുറ്റും സുലഭം.

ഹൈടെക്ക് വേശ്യാവൃത്തി തൊഴിലായി കൊണ്ടുനടക്കുന്ന കോളേജ് കുമാരിമാരെ കുറിച്ച് ഒരക്ഷം മിണ്ടാന്‍ അധികമാരും തയാറാവില്ലെങ്കിലും, കോളേജിന്‍റെ ഒഴിഞ്ഞ മൂലകളില്‍ ഇതൊരു ചര്‍ച്ചാവിഷയം തന്നെ. മറ്റുള്ളവരുടെ വ്യക്തിപരമായ കാര്യങ്ങളില്‍ പോലും യാതൊരു കൂസലും കൂടാതെ ഇടപെടാറുള്ള വിദ്യാര്‍ത്ഥീസംഘടനകള്‍ പോലും ഇക്കാര്യത്തില്‍ നിസംഗത പാലിക്കുന്നുവെന്നത് തീരാദുഃഖം. പൊള്ളുന്ന ചില കാര്യങ്ങളില്‍ തൊട്ടാല്‍ തല പോകുമെന്നറിയാവുന്ന നേതാക്കന്മാര്‍ അല്ലെങ്കിലും ഇങ്ങനെയാണ്.

ലൈംഗികതയോട് അമിതചായ്‌വുള്ള പെണ്‍കുട്ടികളുടെ നോട്ടവും ഭാവവും നന്നായി മനസിലാക്കി അവരുമായി കുശലത്തിലാവുകയാണ് ആദ്യപടി. സൌഹൃദം സ്ഥാപിച്ച് കഴിഞ്ഞാല്‍ യാതൊരു സംശയത്തിനും ഇടനല്‍കാതെ അവരുടെ വ്യക്തിപരമായ ജീവിതത്തെ നമ്മുടെ ‘കോളേജ് കുമാരന്‍‌മാര്‍’ വായിച്ചെടുക്കും. ഒരോ പെണ്‍കുട്ടിയുടെയും സ്വഭാവമനുസരിച്ചാണ് പിന്നെയുള്ള നീക്കങ്ങള്‍. ചിലരെ ഒതുക്കാന്‍ സൌഹൃദം തന്നെ ധാരാളം. സൌഹൃദത്തില്‍ വിഴാത്തവരെ പ്രേമം കൊണ്ട് വീഴ്ത്താം. പ്രേമം കൊണ്ടും വീഴാത്തവരെ ഇവര്‍ ലക്‍ഷ്യം വയ്ക്കാറുമില്ല.

തന്‍റെ പ്രണേതാവ് തലതെറിച്ച മാഫിയാ സംഘത്തിലെ കണ്ണിയാണെന്ന് തിരിച്ചറിയുമ്പോഴേക്കും അവള്‍ക്ക് എല്ലാം നഷ്ടപ്പെട്ട് കഴിഞ്ഞിരിക്കും. പിന്നെ പ്രേമത്തിന്‍റെ സെന്‍റിമെന്‍സും, ഭാവിയെ കുറിച്ചുള്ള വ്യാകുലതകളും, ചെറിയ ഭീഷണികളും അയാളുമായുള്ള ബന്ധത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മിക്ക പെണ്‍കുട്ടികളെയും അനുവദിക്കാറില്ല. നിരന്തരം ചെയ്യുന്ന ചില കാര്യങ്ങള്‍ നമ്മുടെ സ്വഭാവമാകും എന്ന് പറയുന്നതുപോലെ, കുറേ കഴിയുമ്പോള്‍ ‘ഇതിലൊന്നും പ്രത്യേകിച്ച് തെറ്റൊന്നുമില്ല’ എന്ന ചിന്താഗതി ഇരയായ പെണ്‍കുട്ടികളില്‍ ഉറച്ചുകഴിഞ്ഞിരിക്കും. പിന്നെ മറ്റുള്ളവരുടെ ഉപദേശങ്ങളൊന്നും തലയില്‍ കയറുകയുമില്ല. പ്രണേതാവില്‍ നിന്നുള്ള പ്രചോദനവും അയാളുടെ സുഹൃത്തുക്കളുമായുള്ള അടുത്ത ബന്ധവും അവളെ ഒരു മാഫിയാസംഘത്തിന്‍റെ കണ്ണിയാക്കുന്നു. പണത്തിന്‍റെയും ആഢംബരത്തിന്‍റെയും അന്തമില്ലാത്ത സ്വാതന്ത്ര്യത്തിന്‍റെയും നടുവില്‍ ഒരു കോളേജ് കുമാരി ലൈംഗിക തൊഴിലാളിയാവുന്നു.

സമാന ചിന്താഗതിയുള്ള മറ്റ് പെണ്‍കുട്ടികളെ തപ്പുക എന്നത് ഇത്തരത്തില്‍ സംഘത്തില്‍ ചേരുന്ന പെണ്‍കുട്ടികളുടെ ജോലിയാണ്. ലേഡീസ് ഹോസ്റ്റലുകളിലും ക്യാമ്പസുകളിലും പെണ്‍കുട്ടികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ഇവര്‍ ഒരു സംശയത്തിനും ഇട നല്‍കാതെയാണ് പെണ്‍കുട്ടികളെ വഴിതെറ്റിക്കാറുള്ളത്. കൌമാരപ്രായക്കാരുടെ ഇടയില്‍ സ്വാഭാവികമായും നിലനില്‍ക്കുന്ന ലൈംഗിക സംശയങ്ങളെ ദൂരീകരിക്കാനുള്ള ആരോഗ്യകരമായ സംഭാഷണം എന്ന നിലയില്‍ ആരംഭിക്കുന്ന ചര്‍ച്ചകള്‍ എല്ലാ പരുധികളും ലംഘിച്ച് ലേഡീസ് ഹോസ്റ്റല്‍ മുറികളെ ബ്ലൂ ഫിലിം തിയേറ്ററുകളാക്കുന്നു. ഇതില്‍ അമിതാവേശം കാണിക്കുന്ന കുട്ടികളെ ‘ഞാന്‍ നിന്നെ ഒരു താരമാക്കും’ എന്ന രീതിയില്‍ പിരി കയറ്റി ബ്യൂട്ടി പാര്‍ലര്‍, ഡാന്‍സ് ക്ലബുകള്‍, തിയേറ്ററുകള്‍ എന്നിങ്ങനെ കൊണ്ട് നടന്ന് അവളുടെ പൂര്‍ണ വിശ്വാസവും നേടിയെടുക്കുന്നു.  ഒടുവില്‍ സ്വന്തം ജീവിതം നഷ്ടമായിക്കഴിഞ്ഞിട്ടും സകല ഭീഷണികള്‍ക്കും അപമാനങ്ങള്‍ക്കും നടുവില്‍ നിന്ന് രക്ഷപ്പെടുന്നവരും ഇല്ലാതില്ല. ചില സ്വന്തം ഗതികേടിനെ പഴിച്ചും കണ്ണീരൊഴുക്കിയും സംഘത്തില്‍ തുടരാന്‍ നിര്‍ബന്ധിതരാവുന്നു.

പണവും ആഢംബരവും അമിതമായി ലഭ്യമായിത്തുടങ്ങുമ്പോള്‍, എല്ലാം സ്വാഭാവികമായിത്തീരാം. ഒറ്റ ദിവസം കൊണ്ട് ലക്ഷങ്ങള്‍ സമ്പാദിക്കാന്‍ കഴിയുമ്പോള്‍ ജീവിതം കൂടുതല്‍ പ്രഫഷണലാവുന്നു. കോളേജിലേക്ക് പഠിക്കാന്‍ പോകുന്ന പെണ്‍കുട്ടി എന്ത് ചെയ്യുകയാണെന്ന് മാതാപിതാക്കളും അന്വേഷിക്കാറില്ല. ഇടനിലക്കാരില്‍ നിന്നും ഗുണ്ടകളില്‍ നിന്നും പൂര്‍ണ പിന്തുണ കൂടി ലഭിക്കുമ്പോള്‍ എല്ലാം സുഭദ്രം. കുറേ കഴിയുമ്പോള്‍ സ്വന്തമായി ബിസിനസ് നോക്കി നടത്താന്‍ കെല്‍പ്പുണ്ടായി സ്വയമായി ഓഫീസ് തുറക്കുന്നവരും ഇല്ലാതില്ല.

ചില സൂചനകള്‍ മാത്രം നല്‍കാന്‍ നിര്‍വാഹമുള്ള ഈ സാഹചര്യത്തില്‍, ഒരു സംഭവം കൂടി ചേര്‍ത്താലെ ലേഖനം പൂര്‍ണമാവൂ. വിവാഹശേഷം സന്തുഷ്ടമായ കുടുംബ ജീവിതം നയിച്ച ദമ്പതിമാരുടെ കഥയാണിത്. ഇരുവര്‍ക്കും രണ്ട് കുട്ടികള്‍. ഇവരുടെ ദാമ്പത്യ ജീവിതത്തില്‍ മറ്റുള്ളവര്‍ അസൂയപ്പെടുന്നതില്‍ അഭിമാനിച്ചിരുന്ന ഭര്‍ത്താവ്. മാതൃകാ ദമ്പതിമാരിലെ സല്‍‌സ്വഭാവിയായ ഭാര്യ. സന്തുഷ്ട കുടുംബം. ഭര്‍ത്താവ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. വീട്ടില്‍ കുത്തിയിരിക്കാന്‍ മനസിലാതെ സ്വകാര്യ കമ്പനിയില്‍ ജോലിക്കുപോകുന്ന ഭാര്യ, പഠിക്കുന്ന മക്കള്‍. അങ്ങനെയിരിക്കുമ്പോഴാണ് ഭര്‍ത്താവ് ഒരു പഴയ കോളേജ് സഹപാഠിയെ കാണുന്നത്.

നീണ്ട നാളത്തെ വേര്‍പാടിന് ശേഷം പരസ്പരം കാണുന്ന സുഹൃത്തിനെ സ്വന്തം വീട്ടിലേക്ക് അയാള്‍ ക്ഷണിക്കുന്നു. സമയമില്ലാത്തതിനാല്‍ പോകാനൊരുങ്ങിയ അയാളെ ഹോട്ടലിലേക്ക് വിളിച്ച് കയറ്റി അയാള്‍ ചെറുതായി സല്‍ക്കരിക്കുന്നു. വിവാഹ സമയത്ത് എടുത്ത തന്‍റെ ഫോട്ടോ ചെറിയൊരു അഹങ്കാരത്തോടെ അയാളെ കാണിക്കുന്നു. സുഹൃത്തിന്‍റെ മുഖഭാവം മാറുന്നത് കണ്ട് അയാള്‍ അസ്വസ്ഥനാകുന്നു. അയാളുടെ നിര്‍ബന്ധത്തിന് വഴങ്ങി, കോളേജ് പഠനകാലത്ത് നടന്ന ചില സംഭവങ്ങളെ കുറിച്ചുള്ള ചില സൂചനകള്‍ സുഹൃത്ത് വെളിപ്പെടുത്തുന്നു. ഹൃദയം തകര്‍ന്ന് ആത്മഹത്യയുടെ വക്കിലെത്തിയ അയാള്‍ സത്യം കണ്ടെത്താന്‍ തീരുമാനിക്കുന്നു. അന്വേഷണത്തിനൊടുവില്‍, തന്‍റെ വിശ്വസ്തയായ ഭാര്യ അപ്പോഴും ഒരു നക്ഷത്രവേശ്യയായി ജീവിക്കുന്ന കാര്യം അയാള്‍ കണ്ടെത്തുന്നു. വെറും കഥയല്ല ഇത്, പച്ചയായ യാഥാര്‍ത്ഥ്യം!!!

Explore posts in the same categories: Review

Comment: