ആള്‍ ദൈവങ്ങളെ വെറുതേ വിടൂ!

ഈശ്വര അവതാരമാണെന്ന് സ്വയം അവകാശപ്പെടുകയോ, മറ്റുള്ളവര്‍ ആരാധിക്കുകയോ ചെയ്യുന്ന ജീവിച്ചിരിക്കുന്ന വ്യക്തികളെയാണ് പൊതുവേ ‘ആള്‍ ദൈവങ്ങള്‍’ എന്ന് വിളിക്കാറുള്ളത്. ‘മനുഷ്യന്‍റെ കണ്ണില്‍ പൊടിയിട്ട് നടക്കുന്ന കപട സന്യാസികള്‍’ എന്ന മുന്‍‌വിധിയോടെയാണ് സമൂഹത്തിലെ നല്ലൊരു ശതമാനം ആള്‍ക്കാരും ഇത്തരം ആത്മീയ വ്യക്തിത്വങ്ങളെ നോക്കിക്കാണാറുള്ളത്. എന്നാല്‍, അറിവും വിദ്യാഭ്യാസവും വിവേകവുമുള്ളവര്‍ പോലും അവരുടെ ഭക്തന്‍‌മാരാകുന്നുവെന്നത് അത്ഭുതാവഹമായ സംഗതി തന്നെ! സങ്കീര്‍ണ്ണമായ ഈ വിഷയത്തില്‍ ലളിതമായ ഉത്തരങ്ങളില്ല. എങ്കിലും ചില യാഥാര്‍ത്ഥ്യങ്ങള്‍ വിശകലനം ചെയ്താല്‍, അനാവശ്യമായ മുന്‍‌വിധികള്‍ ഒഴിവാക്കാനാവും.

ഒരു സിപി‌എമ്മുകാരന്‍റെ മനോഭാവത്തില്‍ നിന്ന് വരുന്ന പുച്ഛത്തോടെയല്ല ‘ആള്‍ ദൈവം’ എന്ന പ്രയോഗം ഈ ലേഖനത്തില്‍ ഉപയോഗിച്ചിരിക്കുന്നത് എന്ന് ആദ്യമേ പറയട്ടെ! ഇന്ന് ജീവിച്ചിരിക്കുന്ന ചില പുണ്യാത്മാക്കളെ പ്രത്യേകമായി പേരെടുത്ത് പറയുന്നതിന് പകരം, പൊതുവായി സൂചിപ്പിക്കുന്നതിന് മാത്രമാണ് ഈ പ്രയോഗം.

മനുഷ്യന്‍റെ ആത്മീയ അസ്ഥിത്വത്തെ കുറിച്ച് ഓരോ മതത്തിനും വ്യത്യസ്തങ്ങളായ കാഴ്ച്ചപ്പാടുകളാണുള്ളത്. ചില സമാനതകള്‍ എല്ലാ മതങ്ങളിലും കാണാമെങ്കിലും, മതങ്ങളെല്ലാം വിഭിന്നങ്ങള്‍ തന്നെയാണ്. മതസ്ഥാപകന്‍ ജീവിച്ചിരുന്ന കാലഘട്ടം, ജീവിതപശ്ചാത്തലം, ചരിത്രം എല്ലാം മതത്തിന്‍റെ കാഴ്ച്ചപ്പാടുകളെ ശക്തമായി സ്വാധീനിച്ചിരിക്കും. ഉദാഹരണത്തിന്, ഹിന്ദുമതത്തിന്‍റേയും ക്രിസ്തുമതത്തിന്‍റേയും ഉല്‍ഭവം, വളര്‍ച്ച, വികാസം എന്നിവ രണ്ടും സമാനതകള്‍ക്ക് വിപരീതമായ ധ്രുവങ്ങളിലാണ് സംഭവിച്ചത്. അതിനാല്‍ ഹൈന്ദവ തത്വങ്ങളുടെ സഹായത്തോടെ ക്രിസ്തുമതത്തെയോ, തിരിച്ചോ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നത് മൌഢ്യം തന്നെ. മതങ്ങളെ വേറിട്ട് തന്നെ കാണണം. മത തത്വങ്ങളില്‍ യാതൊരു വേര്‍തിരിവും കാണിക്കാതെ എല്ലാം ഒരു അവിയല്‍ പരുവത്തില്‍ മനസിലാക്കുമ്പോഴാണ് തെറ്റിദ്ധാരണകളും ആശയക്കുഴപ്പങ്ങളും ഉടലെടുക്കുന്നത്. ഇത് ആള്‍ ദൈവങ്ങളുടെ കാര്യത്തിലും സംഭവിച്ചിട്ടുണ്ട്.

അതായത്, ഹിന്ദുമതസ്ഥരെ സംബന്ധിച്ച് ധര്‍മ്മ സംസ്ഥാപനത്തിനും ലോക നന്‍‌മയ്ക്കുമായി ഈശ്വരന്‍ എപ്പോള്‍ വേണമെങ്കിലും അവതരിക്കാം, മനുഷ്യനെന്നോ മൃഗമെന്നോ ഉള്ള വേര്‍തിരിവുകള്‍ അതിനില്ല. ഈശ്വര താദാത്മ്യം പ്രാപിച്ച ആത്മീയ ഗുരുക്കന്‍‌മാരുടെ പുനര്‍ജനനവും, പുണ്യപുരുഷന്‍‌മാരുടെ അവതാരവുമൊക്കെ പൌരസ്ത്യ മതങ്ങളുടെയെല്ലാം പൊതുസ്വഭാവമാണെല്ലോ. അതിനാല്‍, ഏതെങ്കിലുമൊരു ‘ആള്‍ ദൈവം’ ഒരു അവതാരമായിരിക്കാനുള്ള സാധ്യത ഒരു ഹൈന്ദവന് ഒരിക്കലും തള്ളിക്കളയാനാവില്ല. സത്യമെന്തെന്ന് തൊട്ടറിഞ്ഞ് അംഗീകരിക്കാന്‍ മാത്രമേ അയാള്‍ക്ക് നിവര്‍ത്തിയുള്ളൂ. അംഗീകരിച്ചില്ലെങ്കിലും പ്രശ്നമൊന്നുമില്ല. കാര്‍മ്മിക നിയമമനുസരിച്ച് ഒരല്‍പ്പം വൈകിയാണെങ്കിലും അയാള്‍ ഈശ്വരനില്‍ എത്തിച്ചേരുക തന്നെ ചെയ്യും. ഏത് രീതിയിലാണോ ഭക്തന്‍ ഈശ്വരനെ മനസിലാക്കുന്നത് അതേ രീതിയില്‍ ഈശ്വരന്‍ പ്രത്യക്ഷനാകുന്നുവെന്ന് പഠിപ്പിക്കുന്ന ഹിന്ദുമതത്തില്‍ നിലനില്‍ക്കുന്ന ഈശ്വരസങ്കല്‍പ്പം ഒഴുകുന്ന വെള്ളം പോലെ സ്വതന്ത്രമാണ്.

എന്നാല്‍, പാശ്ചാത്യ ചിന്തകളില്‍ അധിഷ്ടിതമായ ക്രിസ്തുമതം ഉള്‍പ്പെടെയുള്ള ഒരു മതവും ഈ സ്വാതന്ത്ര്യം അനുവദിക്കുന്നില്ല. ക്രിസ്തുവല്ലാതെ മറ്റൊരു ദൈവമില്ല, അന്തിമ വിധിയിലല്ലാതെ ക്രിസ്തുവിന് ഒരു രണ്ടാം വരവില്ല എന്നിങ്ങനെ പഠിപ്പിക്കുന്ന ക്രിസ്തുമതത്തിലെ ഒരു വിശ്വാസിക്ക് ആള്‍ ദൈവങ്ങളെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. അതിന് പാവം ക്രിസ്ത്യാനിയെ പിഴച്ചിട്ട് കാര്യമില്ലല്ലോ! അതിനാല്‍, ആള്‍ ദൈവങ്ങളെ കുറിച്ചുള്ള ഹൈന്ദവ – ക്രൈസ്തവ – ഇസ്ലാമിക വാഗ്വാദങ്ങള്‍ക്ക് പ്രസക്തിയില്ല എന്ന് ചുരുക്കം.

എല്ലാം ഉള്‍ക്കൊള്ളുന്നതിനും വളരുന്നതിനും പടരുന്നതിനും ഹിന്ദുമതത്തിനുള്ള ഈ വഴക്കവും സ്വാതന്ത്ര്യവും തന്നെയാണ് ഹിന്ദുമതത്തിന് ഹാനികരമാവുന്നത് എന്നുകൂടി കുറിക്കട്ടെ. ക്രൈസ്തവ – ഇസ്ലാമിക തത്വങ്ങള്‍ പഠിപ്പിക്കുന്നതിനുള്ള അനുവാദം പ്രത്യേകം പരീശീലനം ലഭിച്ച പുരോഹിതന്‍‌മാരില്‍ നിക്ഷിപ്തമായിരിക്കുമ്പോള്‍, ഹിന്ദുമതത്തില്‍ അങ്ങനെയൊരു സംവിധാനമില്ല. ‘വാളെടുത്തവന്‍ വെളിച്ചപ്പാട്’ എന്ന ഇന്നത്തെ അവസ്ഥ വേദകാലത്തോളം പഴക്കമുള്ള ഹിന്ദുമത പൈതൃകത്തെ നശിപ്പിച്ചുകളയുന്നു. ജ്യോതിഷവും ആയുര്‍വേധവും യോഗയും എല്ലാം തെറ്റായ കരങ്ങളിലൂടെ വില്‍പ്പനച്ചരക്കുകളാവുമ്പോള്‍ ഉലയുന്നത് ഹിന്ദുമതത്തിന്‍റെ അടിത്തറയാണ്. കാശുണ്ടാക്കാന്‍ ആള്‍ ദൈവം ചമയാന്‍ ആളുള്ളപ്പോള്‍ ഹിന്ദുമതം മറ്റ് മതസ്ഥരുടെ മുന്നില്‍ പരിഹാസ്യ വിഷയമാവുന്നു. ആര്‍ക്കും എന്തും വ്യാഖ്യാനിക്കാം, ആര്‍ക്കും വേദം പഠിപ്പിക്കാം… ശക്തനായ ഒരാത്മീയ നേതാവിന്‍റെ അഭാവം പ്രകടം. ആത്മീയ നേതാക്കന്‍‌മാര്‍ക്ക് പകരം രാഷ്ട്രീയക്കാര്‍ ഇന്ന് മതകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നു, മതം രാഷ്ട്രീയമാവുന്നു. അതിനിടയില്‍ ഗൌരവമായ കാര്യങ്ങള്‍ പഠിപ്പിക്കാന്‍ ഇവിടെ ആര്‍ക്കും സമയമില്ല!!!!

Visit: Sethulakshmi ’s website (A collection of articles, stories and poems)
Explore posts in the same categories: Review

14 Comments on “ആള്‍ ദൈവങ്ങളെ വെറുതേ വിടൂ!”

  1. sameerthikkodi Says:

    അതായത്, ഹിന്ദുമതസ്ഥരെ സംബന്ധിച്ച് ധര്‍മ്മ സംസ്ഥാപനത്തിനും ലോക നന്‍‌മയ്ക്കുമായി ഈശ്വരന്‍ എപ്പോള്‍ വേണമെങ്കിലും അവതരിക്കാം, മനുഷ്യനെന്നോ മൃഗമെന്നോ ഉള്ള വേര്‍തിരിവുകള്‍ അതിനില്ല. ഈശ്വര താദാത്മ്യം പ്രാപിച്ച ആത്മീയ ഗുരുക്കന്‍‌മാരുടെ പുനര്‍ജനനവും, പുണ്യപുരുഷന്‍‌മാരുടെ അവതാരവുമൊക്കെ പൌരസ്ത്യ മതങ്ങളുടെയെല്ലാം പൊതുസ്വഭാവമാണെല്ലോ. അതിനാല്‍, ഏതെങ്കിലുമൊരു ‘ആള്‍ ദൈവം’ ഒരു അവതാരമായിരിക്കാനുള്ള സാധ്യത ഒരു ഹൈന്ദവന് ഒരിക്കലും തള്ളിക്കളയാനാവില്ല. സത്യമെന്തെന്ന് തൊട്ടറിഞ്ഞ് അംഗീകരിക്കാന്‍ മാത്രമേ അയാള്‍ക്ക് നിവര്‍ത്തിയുള്ളൂ. അംഗീകരിച്ചില്ലെങ്കിലും പ്രശ്നമൊന്നുമില്ല. കാര്‍മ്മിക നിയമമനുസരിച്ച് ഒരല്‍പ്പം വൈകിയാണെങ്കിലും അയാള്‍ ഈശ്വരനില്‍ എത്തിച്ചേരുക തന്നെ ചെയ്യും. ഏത് രീതിയിലാണോ ഭക്തന്‍ ഈശ്വരനെ മനസിലാക്കുന്നത് അതേ രീതിയില്‍ ഈശ്വരന്‍ പ്രത്യക്ഷനാകുന്നുവെന്ന് പഠിപ്പിക്കുന്ന ഹിന്ദുമതത്തില്‍ നിലനില്‍ക്കുന്ന ഈശ്വരസങ്കല്‍പ്പം ഒഴുകുന്ന വെള്ളം പോലെ സ്വതന്ത്രമാണ്.

    The lines which you wrote ….. is it correct as per Hindu sciptures? or like u said ‘വാളെടുത്തവന്‍ വെളിച്ചപ്പാട്’ എന്ന ഇന്നത്തെ അവസ്ഥ aano this also… can you just prove your view that God may come to earth for save the earth as man or animal or any thing likethat?

    Sameer Thikkodi

  2. sethulakshmi Says:

    സമീര്‍ തിക്കോടിയുടെ ചോദ്യം പ്രസക്തമായ ഒന്ന് തന്നെ. എപ്പോഴെല്ലാം ലോകത്തില്‍ തിന്‍‌മ പെരുകുന്നുവോ അപ്പോഴെല്ലാം തിന്‍‌മകള്‍ക്ക് ഒരറുതി വരുത്തുന്നതിനും ഭക്തന്‍‌മാരെ രക്ഷിക്കുന്നതിനും ഈശ്വരന്‍ അവതരിക്കുന്നുവെന്ന വിശ്വാസം ഹിന്ദുമതത്തിന്‍റേത് മാത്രമല്ലെന്ന് കരുതുന്നു. ദൈവം സ്വയം വേഷം കെട്ടി ഇറങ്ങും എന്ന് കരുതാന്‍ കഴിയില്ലെങ്കിലും സത്ജനങ്ങളിലൂടെ ഈശ്വരന്‍ അവന്‍റെ കര്‍ത്തവ്യങ്ങല്‍ നിര്‍വഹിച്ചുകൊണ്ടിരിക്കും. ഇതിന് പ്രത്യേകിച്ചൊരു തെളിവിന്‍റെ ആവശ്യമുണ്ടോ സമീര്‍?

    അഭ്യസ്ഥവിദ്യരായ ആള്‍ക്കാര്‍ പോലും ആള്‍ ദൈവങ്ങളുടെ പുറകേ പോകുന്നുണ്ടെങ്കില്‍ അത് സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി മാത്രമാണെന്ന് കരുതാല്‍ കഴിയില്ല. നിസ്വാര്‍ത്ഥമായ സേവന തല്‍പ്പരതയോടെ പുട്ടപ്പറത്തിയിലെ സത്യസായി ബാബയെ ഭക്ത്യാദരപൂര്‍വം അനുഗമിക്കുന്ന നിരവധി പ്രബുദ്ധരായ വ്യക്തികളെ എനിക്ക് നന്നായി അറിയാം. ഏതെങ്കിലും മറിമായത്തില്‍ അവര്‍ വശംവദരായെന്ന് ഒരിക്കലും കണക്കാക്കാന്‍ കഴിയില്ല. വെള്ളമുള്ള സ്ഥലത്തേക്ക് ജീവജാലങ്ങള്‍ ആകൃഷ്ടരാകുന്നത് പോലെ, ഈശ്വര ചൈതന്യമുള്ളിടത്തേക്ക് ഭക്തന്‍‌മാര്‍ സ്വാഭാവികമായും ആകൃഷ്ടരാവും. നാരങ്ങാ വെള്ളം കിട്ടുമെന്ന് കരുതി സംഘടനാ പ്രവര്‍ത്തനം ചെയ്യുന്നത് പോലെ അല്ലിത്. അമ്മയെ കാണപ്പെടുന്ന ദൈവമായി (ആള്‍ ദൈവമായി) കാണുന്ന നമുക്ക് എന്തുകൊണ്ട് ആത്മീയ പുരുഷനെ കാണപ്പെടുന്ന ദൈവമായി കാണാന്‍ കഴിയുന്നില്ല? കാരണം മുന്‍‌വിധികള്‍, തെറ്റിദ്ധാരണകള്‍….

  3. njjoju Says:

    യഥായഥാഹി ധര്‍മസ്യ…. എന്ന ഭഗവത് ഗീതാ ശ്ലോകമായിരിയ്ക്കും സേതുലക്ഷിയുടെ വാദത്തിനു പിന്നില്‍.
    സന്ദീപ് ചൈതന്യയുടെ വ്യാഖ്യാനമനുസരിച്ച് ഇത് ഏതെങ്കിലും ആള്‍ ദൈവത്തെ ഉദ്ദ്യേശിച്ചിട്ടൂള്ളതല്ല.
    ശ്ലോകം വളരെ വ്യക്തമാണ്. യഥാ….തഥാ എന്ന പ്രയോഗമാണ് ഇത്‌. ധര്‍മ്മത്തിന് എപ്പോള്‍(എവിടെ) ഗ്ലാനി സംഭവിയ്ക്കുന്നുവോ എവിടെ അഥര്‍മ്മം ഉയര്‍ച്ച പ്രാപിയ്ക്കുന്നുവോ അപ്പോള്‍(അവിടെ) ഈശ്വരന്‍ അവതരിയ്ക്കുന്നു എന്നാണ് സങ്കല്പം. ഇതിന് കാലതാമസമൊന്നുമില്ല.

    ധര്‍മ്മാധര്‍മ്മങ്ങള്‍ ഉണ്ടാവുന്നത് മനസില്‍ ആണ്. ചിന്തയില്‍ ആണ്. അധര്‍മ്മ ചിന്തകള്‍ ഉണ്ടാവുമ്പോള്‍ അരുത് എന്ന ചിന്തയായി അവതരിയ്ക്കുകയാണ് ഈശ്വരന്‍.

    അല്ലാതെ ഇത് ആള്‍ദൈവങ്ങളെയും ദിവ്യത്വം അവകാശപ്പെടുന്നവരെയും ദിവ്യത്വം ആരോപിയ്ക്കപ്പെടുകയും ചെയ്യുന്നവരെക്കുറിച്ചല്ല.

  4. chithrakaran Says:

    ആള്‍ ദൈവങ്ങളെ അങ്ങിനെ വെറുതെ വിടാനാകില്ല സേതുലക്ഷ്മി.
    വലിയ ബിസിനസ്സ് മാനേജുമെന്റ് വിദഗ്ദന്മാരാണ് ഇപ്പോള്‍ ആള്‍ദൈവ ബിസിനസ്സിന്റെ ചുക്കാന്‍ പിടിക്കുന്നത്.

  5. sethulakshmi Says:

    ധര്‍മ്മത്തിന് എപ്പോള്‍ എവിടെ ഹാനി സംഭവിയ്ക്കുന്നുവോ, എവിടെ അഥര്‍മ്മം ഉയര്‍ച്ച പ്രാപിയ്ക്കുന്നുവോ അപ്പോള്‍അവിടെ ഈശ്വരന്‍ അവതരിയ്ക്കുന്നു എന്ന് njjoju പറഞ്ഞു. ഇതിന് കാലതാമസമൊന്നുമില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഇത് ശുദ്ധ അസംബന്ധം തന്നെ! അനീതി സംഭവിച്ചയുടന്‍ വാളെടുത്ത് പുറപ്പെടാന്‍ ഈശ്വരന്‍ ക്ഷിപ്രകോപിയല്ല. സമയത്തിന്‍റെ പൂര്‍ത്തീകരണത്തിലാണ് ഈശ്വരന്‍ അവതരിക്കുക. ആത്മീയ ദര്‍ശനങ്ങളെ വാച്യാര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കുന്നത് നിര്‍ത്താം. ഉദാഹരണത്തിന്, ഈശ്വരന്‍ എല്ലായിടത്തും ഉണ്ടെന്ന് പറയുന്നു, അതിന്‍റെ അര്‍ത്ഥം ഈശ്വരന്‍ ഇന്ദ്രിയഗോചരനാണെന്നല്ല. ഈശ്വരന്‍റെ സത്താപരമായ ‘സാന്നിധ്യം’ എല്ലായിടത്തും ഉണ്ടെന്നാണ് ഇതര്‍ത്ഥമാക്കുന്നത്. അതുപോലെ, ഈശ്വരന്‍റെ ‘സാന്നിധ്യവുമായി’ താദാമ്യപ്പെട്ട പുണ്യാത്മാക്കളെ (ആള്‍ ദൈവങ്ങള്‍ എന്ന പ്രയോഗത്തിന് ഞാന്‍ നല്‍കിയ അര്‍ത്ഥത്തില്‍) ഈശ്വരന്‍ എന്ന് വിളിക്കുന്നതില്‍ തെറ്റില്ല.

    ജന്‍‌മം തന്ന അമ്മയെ, അവള്‍ എത്ര പാപിയാണെങ്കിലും, ഈശ്വരനോട് സങ്കല്‍പ്പിക്കുന്ന നാം പുണ്യാത്മാക്കളെ മാറ്റിനിര്‍ത്തുന്നു. ‘ജീവിച്ചിരിക്കുന്നു’ എന്ന ഒറ്റ കാരണം കൊണ്ടാണ് അവരെ ആള്‍ ദൈവങ്ങളായി മുദ്രകുത്തി അതിക്ഷേപിക്കുന്നത്. എന്നാല്‍ പുണ്യാത്മാക്കള്‍ മരിച്ചുകഴിയുമ്പോള്‍ അവര്‍ക്ക് ഓശാന പാടുകയും ചെയ്യുന്നു. മാനവകുലം ചരിത്രാതീതകാലം മുതല്‍ പിന്തുടര്‍ന്ന് പോരുന്ന വൈരുദ്ധ്യമാണിത്. ഇത്തരം മുന്‍‌വിധിയോടുകൂടി ജീവിച്ചാന്‍, ഈശ്വരന്‍ നമ്മുടെ മുന്നില്‍ കൂടി നടന്ന് പോയാല്‍ കൂടി നാം മനസിലാക്കുകയില്ല. ആള്‍ ദൈവങ്ങള്‍ക്കെല്ലാം ദിവ്യത്വം കല്‍പ്പിക്കുകയല്ല എന്‍റെ ജോലി. ഈശ്വരാവതാരത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്ന സംഗതിയാണ് വാദത്തിന് പിന്നില്‍.

  6. Ponnambalam Says:

    ഈശ്വരന്‍ വിശ്വാസമാണ്. ഉണ്ടെന്ന് വിശ്വസിക്കുന്നവനുണ്ട്… ഇല്ല എന്ന് വിശ്സ്വസിക്കുന്നവന് ഇല്ല…

  7. njjoju Says:

    സേതുലക്ഷീ,

    ഇത് എന്റെ വ്യാഖ്യാനമല്ല, സ്വാമി സന്ദീപ് ചൈതന്യയുടെ വ്യാഖ്യാനമാണ്. സന്ദീപ് ചൈതന്യ സ്വന്തമായി ഉണ്ടാക്കിയ വ്യാഖ്യനവുമായിരിക്കില്ല. ശങ്കരാചാര്യര്‍ മുതലുള്ള ഗുരുക്കന്മാരുടെ വ്യാഖ്യാനങ്ങളുടെ വെളിച്ചത്തിലാണ് അദ്ദേഹം പഠിപ്പിയ്ക്കുന്നത്. ഇതില്‍ സംവാദത്തിനുള്ള അറിവ് എനിയ്ക്കില്ല. എങ്കിലും ചിലതു പങ്കുവയ്ക്കട്ടെ.

    ശ്ലോകം ഇപ്രകാരമാണ്:
    യഥാ യഥാഹി ധര്‍മ്മസ്യ ഗ്ലാനിര്‍ഭവതി ഭാരതാ
    അഭ്യുദ്ധാനം അധര്‍മ്മസ്യ തഥാത്മാനം സ്രിജാമ്യുഹം.

    എപ്പോള്‍ ധര്‍മ്മത്തിനു താഴ്ചയും അധര്‍മ്മത്തിന് ഉയര്‍ച്ചയും ഉണ്ടാകുന്നുവോ അപ്പോള്‍ ഞാന്‍ അവതരം കൈക്കൊള്ളുന്നു.

    ഇതിന് അദ്ദേഹം ന്‍ല്‍കിയ വ്യാഖ്യാനം ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയത് ഇപ്രകാരമാണ്.
    “The lord’s assurance is that “whenever there is a decline in Dharma, I will take birth”. Adhrama happens not in a particular geographical area, but it is in the minds of each and every one of us. So also, the Lord takes birth in our minds. The decline of Dharma happens within an individual’s mind and there the Lord takes birth as consciousness. Lord has no special interest in this earth to take birth physically in a particular place!

    The birth of consciousness as a premonition that stops us from taking a wrongful action is none other than the Lord himself. It is the Dharma bodha (dharma consciousness) that creates mental conflicts when we are about to tell lies, for example. The Lord declared that He will manifest incessantly to annihilate adharmas and to establish dharma in the world. We are all noble, but our actions may take good or bad turns. The Lord does not call us sinners or evil, but we are capable of doing evil acts. When we are awakened by the continuous dharma consciousness, we will naturally stay away from any wrong doings. This is what the Lord does in us – his birth (reincarnation) and actions are for creating this awareness in us. If we ‘know’ the truth behind the Lord’s incarnations, he will not have any more births. With this revelation, one comes to realize that “I am not this body” and with this realization, one gets liberated from the birth-death cycle. The Lord’s weapon is ‘Sudarsana’, meaning ‘auspicious vision’. With this vision, he annihilates all evil tendencies in us.

    http://gita108days.blogspot.com/2006_08_01_archive.html


  8. ” നിസ്വാര്‍ത്ഥമായ സേവന തല്‍പ്പരതയോടെ പുട്ടപ്പറത്തിയിലെ സത്യസായി ബാബയെ ഭക്ത്യാദരപൂര്‍വം അനുഗമിക്കുന്ന നിരവധി പ്രബുദ്ധരായ വ്യക്തികളെ എനിക്ക് നന്നായി അറിയാം. ഏതെങ്കിലും മറിമായത്തില്‍ അവര്‍ വശംവദരായെന്ന് ഒരിക്കലും കണക്കാക്കാന്‍ കഴിയില്ല. വെള്ളമുള്ള സ്ഥലത്തേക്ക് ജീവജാലങ്ങള്‍ ആകൃഷ്ടരാകുന്നത് പോലെ, ഈശ്വര ചൈതന്യമുള്ളിടത്തേക്ക് ഭക്തന്‍‌മാര്‍ സ്വാഭാവികമായും ആകൃഷ്ടരാവും.”

    എത്ര സത്യം
    നിസ്വാ൪ഥമായ സ്നേഹമുള്ളിടത്തേക്കു ആരാണു ആകൃഷ്ടരാകാതിരിക്കുക..

  9. jagadees Says:

    മതവും ദൈവവുമൊക്കെ ജനങ്ങളേ നിയന്ത്രിക്കാനും അവരുടെ പണം ഊറ്റിയെടുക്കാനും ജീവിതകാലം മുഴുവന്‍ അറിവില്ലായ്മയില്‍ അടച്ചിടാനുമുള്ള ഉപാധിയാണ്. താങ്കള്‍ ഏതു ദൈവത്തേയോ, ആള്‍ദൈവത്തേയോ, ഏതു മതത്തിലോ വിശ്വസിച്ചോളൂ. എന്നാല്‍ അവര്‍ക്കു പണം നല്‍കുന്നത് ഒന്നു നിര്‍ത്തിനോക്കൂ. അപ്പോള്‍ കാണാം ദൈവത്തിന്റെ യഥാര്‍ത്ഥ സ്വഭാവം. അമ്പലത്തില്‍(ഞങ്ങളുടെ നാട്ടില്‍ മറ്റു മതക്കാര്‍ ഇല്ല) നിന്നുള്ള പിരിവുകാര്‍ വീട്ടില്‍ എന്റെ അമ്മ അവര്‍ക്ക് പിച്ചക്കാ ര്‍ക്ക് കൊടുക്കുന്ന പണമേ കൂടുക്കു. അവര്‍ അപ്പോള്‍ വിറച്ച്കൊണ്ട് പറയും “നോക്കിക്കൊ നിങ്ങള്‍ അനുഭവിക്കും”. ഞങ്ങള്‍ തയ്യാറാണ് എന്തിനും. ആരേയും ദ്രോഹിക്കാതെ, എല്ലാവര്‍ക്കും നന്മ വരണമെന്നാഗ്രഹിക്കുകയും സത്യസന്ധവും തുറന്നമനസോടും അഹങ്കാരമില്ലാതെ ജീവിക്കുന്നവര്‍ക്ക് സ്വര്‍ഗ്ഗം കിട്ടുമെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ ഈ ദൈവത്തിന്റെ ഏജന്റ്മാര്‍ക്ക് നമ്മള്‍ എന്തിനാണ് കൈക്കൂലി കൊടുക്കുന്നത്? അതോ ശരിക്കും ദൈവം ഒരു പിച്ചകാരനാണോ?

    ജീവിതത്തിന്റെ നല്ലകാലത്ത് മറ്റുള്ളവര്‍ക്ക് ദ്രോഹം ചെയ്യുകയും (എന്തിന് സ്വന്തം കുട്ടികളോടുപോലും) അവസാനം അതിന്റെ എല്ലാം തിരിച്ചടി സഹിക്കാന്‍ കഴിയാതെ എല്ലാത്തില്‍ നിന്നും രക്ഷപെടാനുള്ളവരുടെ അഭയസ്ഥാനമാണ് ദൈവവും, ആള്‍ദൈവവും മതവും. ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് സ്റ്റേറ്റിന്റെ കടമയാണ്. അല്ലാതെ സുധാമണിയും, മണിച്ചനും മാജിക്കുകാരനുമല്ല. അതുകൊണ്ട് ജനങ്ങളുടെ ഉത്തരവാദിത്തമാണ് നല്ല ആളുകളെ ഭരണത്തിലെത്തിക എന്നത്. നല്ലവരെ ആരേയും കിട്ടിയില്ലെങ്കില്‍ നിങ്ങള്‍ അതിന് volunteer ആകണം. ഉടനെ അല്ല. എന്നെങ്കിലും ഒരുനാള്‍ നിങ്ങളുടെ ജീവിതത്തില്‍. അതിനായി ഇപ്പോഴേ എല്ലാത്തിനേയും കുറിച്ച് പഠിക്കുക. അറിവാകട്ടെ നിങ്ങളുടെ ദൈവം.

    ഒരുകാരണവശാലും ദൈവത്തിനും മതത്തിനും പണം കൊടുക്കാതിരിക്കുക. പണം അവരെ ചീത്തയാക്കും.


  10. @jagadees

    >” ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് സ്റ്റേറ്റിന്റെ കടമയാണ്. അല്ലാതെ സുധാമണിയും, മണിച്ചനും മാജിക്കുകാരനുമല്ല.”

    2004 ലെ സുനാമി ദുരന്തം ഔര്മയുണ്ടോ ? ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ട സ്റ്റേറ്റ് പൂര്ണമായും പരാജയപ്പെട്ടപ്പോള് ജനങ്ങള്ക്ക് ആശ്വാസമേകാന് അമ്മയ്ക്ക് കഴിഞ്ഞു .
    നിസ്വാര്‍ത്ഥമായ സേവന തല്‍പ്പരതയാണു അത് വിജയിപ്പിച്ചത്.

    >”നല്ലവരെ ആരേയും കിട്ടിയില്ലെങ്കില്‍ നിങ്ങള്‍ അതിന് volunteer ആകണം. ഉടനെ അല്ല. എന്നെങ്കിലും ഒരുനാള്‍ നിങ്ങളുടെ ജീവിതത്തില്‍.”

    പ്രവര്ത്തിക്കേണ്ട സമയം ഇതാണു ഇപ്പോഴാണു. എന്നെങ്കിലും അല്ല. ജീവിത്തിലെ എല്ലാ നാളുകളും മറ്റുള്ളവരുടെ സേവനത്തിനു വേണ്ടിനീക്കിവേച്ചവരെ സഹായിക്കുന്നില്ലെന്കിലും നിന്ദിക്കാതിരിക്കൂ..

  11. jagadees Says:

    ഞാന്‍ ആരേയും മനപ്പൂര്‍വ്വം നിന്ദിച്ചിട്ടില്ല. താങ്കള്‍ക്ക് അങ്ങനെ തോന്നിയത് ഖേദകരം.

    താങ്കള്‍ പറയുന്നതുകേട്ടാല്‍ താങ്കളുടെ ഗുരു സുനാമികാത്തിരിക്കുകയായിരുന്നുവെന്ന് തോന്നും. ഏതു മനുഷ്യന്റേയും കടമയാണ് ഇത്തരം അവസരങ്ങളില്‍ കഷ്ടപ്പെട്ടവരെ സഹായിക്കുക എന്നത്. അല്ലാതെ അതൊരു പൊങ്ങച്ചമായി പറഞ്ഞുനടക്കരുത്.

    തേങ്ങയുള്ള നമ്മുടെ നാട്ടില്‍ വെളിച്ചെണ്ണ ഉപയോഗിക്കാതെ മലേഷ്യന്‍ കാടുകള്‍ വെട്ടിനശിപ്പിച്ച് അവിടെയുള്ള എല്ലാ മൃഗങ്ങളേയും കൊന്ന് ഉണ്ടാക്കിയ പാം പ്ലാന്റേഷനുകളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന പാം ഓയില്‍ ഉപയോഗിച്ചിട്ട്, കടം കൊണ്ടു മൂടിയ കേര കര്‍ഷകന്‍ ആത്മഹത്ത്യചെയ്യുന്നതില്‍ ദുഖിക്കുകം അവര്‍ക്ക് സൗജന്യം കൊടുക്കുകയും ചെയ്തിട്ട് എന്തുകാര്യം.

    നമ്മുടെ പൊങ്ങച്ചം കാണിക്കനായി കാറുകളില്‍ കറങ്ങിനടക്കുമ്പോള്‍ കാര്‍ പുറത്തേക്ക് വിടുന്ന ക്യാന്‍സര്‍ വരെയുണ്ടാക്കുന്ന മലിനവാതകങ്ങള്‍ കവരുന്നത് സാധാരണകാരുടെ ജീവനാണ്. അതിനു പരിഹാരം സൗജന്യ ചികിത്സ നല്‍കുന്ന സ്റ്റാര്‍-ആശുപത്രികളാണോ?
    കൂടാതെ കാറിന്റെ (ഹരിത ഗ്രഹ വാതകങ്ങളുടെ 30% വരുന്നത് ഗതാഗത്തില്‍ നിന്നുമാണ്) പുകയിലുള്ള co2 ഉണ്ടാക്കുന്ന ആഗോള താപനം കാലാവസ്ഥയെ മൊത്തം മാറ്റി (കുട്ടനാട്). കൃഷി വിശ്വസിക്കാന്‍ പറ്റാത്തതായി. അവര്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്നു. ഇതിനു പരിഹാരം അവരുടെ കുടുംബങ്ങള്‍ക്ക് ചില സൗജന്യങ്ങള്‍ ചെയ്ത്കൊടുക്കുകയ്യണോ?

    ഭരണകൂടത്തെ പരാജയമാക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരുണ്ട്. തെറ്റായാ ആള്‍ക്കാരെ തിരഞ്ഞെടുത്തുവിടുന്ന പൗരന്‍മാര്‍ അത്തരത്തിലൊള്ള ഒരു കൂട്ടരാണ്. പെണ്‍ വാണിഭക്കാരനെ ജനപ്രതിനിധിയായി തിരഞ്ഞെടുത്ത് വിട്ടിട്ട് സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ.

    First level of management ആണ് രാഷ്ട്രീയം. അതിലേക്ക് ഏറ്റവും നല്ല ആള്‍ക്കാര്‍ വരണം. ഇന്നു തന്നെ താങ്കള്‍ക്ക് രാഷ്ട്രീയക്കാരനാകാന്‍ കഴിഞ്ഞാല്‍ അതു വളരെ നല്ലകാര്യം. പക്ഷേ എല്ലവര്‍ക്കും അത് നടന്നെന്ന് വരില്ല. അങ്ങനെയുള്ളവര്‍ കുടുംബത്തോടുള്ള ഉത്തരവാദിതമൊക്കെ കഴിഞ്ഞ് സ്വസ്ഥമാകുന്ന സമയത്ത് രാഷ്ട്രീയത്തിലേക്ക് വരണം. അതുവരെയുള്ള സമയത്ത് ശരിക്ക് പഠിക്കുക. ഉപദേശകന്‍മാരുടെ താളത്തിനു തുള്ളുന്ന പാവയായി മാറാതിരിക്കാന്‍ അത് സഹായിക്കും.

    നമ്മളുടെ തന്നെ പ്രവര്‍ത്തിയാണ് ഈ ലോകത്ത് നടക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. നിങ്ങള്‍ ഒരു ലിറ്റര്‍ പെട്രോളോ ഡീസലോ വാങ്ങുമ്പോള്‍ അറിയുക, അത് ഇറാക്കിലെ പിഞ്ചു കുഞ്ഞുങ്ങള്‍ ഉള്‍പ്പടെയുള്ളവരുടെ ചോരയാണതെന്ന്.

    എല്ലാവര്‍ക്കും ഈ ഭൂമിയില്‍ സുഖമായി ജീവിക്കാനുള്ള അവകാശം ഉണ്ട്. അത് മറ്റുള്ളവരുടെ സേവനവുമോ ഔദാര്യമോ അല്ല.

  12. Mithun Says:

    > താങ്കള്‍ പറയുന്നതുകേട്ടാല്‍ താങ്കളുടെ ഗുരു സുനാമികാത്തിരിക്കുകയായിരുന്നുവെന്ന് തോന്നും.
    എന്തു മഹത്തായ ഭാവന

    > അല്ലാതെ അതൊരു പൊങ്ങച്ചമായി പറഞ്ഞുനടക്കരുത്.
    മറ്റൊരാള് ചെയ്ത കാര്യം ഞാ൯ പറഞ്ഞുനടന്നാല് അത് ആരുടെ പൊങ്ങച്ചമാകും?

    മുങ്ങി ചാകാന് പോകുന്ന ഒരാള്ക്ക് ഒരു പുല്ല്ക്കൊടിയോളം സഹായം ചെയ്തു കൊടുക്കുന്നതിനെ പാപമായി കാണരുത് . ചെയ്യുന്ന സഹയം എത്ര തന്നെ ചെറുതായാലും ആ സഹായ ഹസ്റ്റ്തിനു പിന്നിലുള്ള നല്ല മനസിനെ അന്ഗീകരിക്കുകയാണ് വേണ്ടത് . ഇത്തരം സൌജന്യനങ്ങള് താങ്ങളുടെ കാഴ്ചപ്പാടില് ഒന്നുമല്ലാതിരിക്കാം, പക്ക്ഷേ, വേദനിക്കുന്ന ഹൃദയങ്ങള്ക്ക് വേണ്ടി ഇത്രയെന്കിലും ചെയ്യുവാന് തനിക്ക് കഴിഞ്ഞല്ലോ എന്ന് സന്തോഷിക്കുന്ന മനസ്സിന്റെ നന്മ കാണാതെ പോകരുത് .
    സ്റ്റാര് ഹോസ്പിടലുകളും മികച്ച ഗതാഗത സൌകര്യങ്ങളും ടെക്നോളജിയുടെ ഉപയോഗവും ജനങ്ങളുടെ ജീവിത നിലവാരവും തൊഴിലവസരങ്ങളും കൂട്ടുക മാത്രമനു ചെയ്യുക. ടെക്നോളജിയുടെ ഉപയോഗവും കമ്പ്യൂട്ടര് ഉപയോഗവും ഇല്ലാതാക്കിയാല് കൃഷി നന്നാവില്ല. ഞാനോ എന്റെ അമ്മയോ ജീവിതതിളിന്നെ വരെ പാം ഓയില് പാചകത്തിനു ഉപയോഗിച്ചിട്ടില്ല. എങ്കിലും ഇറാഖിലെ പിഞ്ചു കുഞ്ഞുങ്ങളുടെ ചോര കാണുവാന് കഴിഞ്ഞ കൂട്ടുകാരാ ഒന്നു ചോദിക്കട്ടെ, ഇറാഖുകാര് ഉപയോഗിക്കുന്നത് പാം ഓയില് ആണോ വെളിച്ചെണ്ണയാണോ? മലേഷ്യയിലും കാണില്ലേ നമ്മുടെ കേര കര്ഷകരെ പോലെ പന കര്ഷകര്?

    എല്ലാവര്‍ക്കും ഈ ഭൂമിയില്‍ മറ്റുള്ളവരെ സേവിക്കാനുള്ള അവകാശം ഉണ്ട്. സേവനം ഭാരത സംസ്കാരത്തിന്റെ ഒഴിച്ച് നിര്ത്താന് പറ്റാത്ത ഭാഗം തന്നെയാണ്

    PS: ക്ഷമിക്കൂ.. എനിക്ക് കാര് ഇല്ല, ഒരു സൈക്കിള് മാത്രമേ ഉള്ളൂ, അതിനു പെട്രോള് വേണ്ട. ;-)

  13. jagadees Says:

    താങ്കള്‍ സൈക്കിള്‍ ഉപയോഗിക്കുന്നു എന്നറിഞ്ഞ് സന്തോഷിക്കുന്നു. അത് വളരെ നല്ല തീരുമാനമാണ്. ലോകത്തിലെ മൊത്തം CO2 വിസര്‍ജ്ജനത്തിന്റെ 30% ല്‍ കൂടുതല്‍ വാഹനങ്ങളില്‍ നിന്ന് പുറത്തുവരുന്നതാണ്. അതും ഈ വാഹനങ്ങളുടെ എന്‍ജിന്റെ ദക്ഷത കേവലം 15% മാത്രമാണ്. (http://mljagadees.wordpress.com/2007/10/20/ic-engine-efficiency/)

    നമ്മള്‍ കേരളക്കാരായതുകൊണ്ട് ലോകത്തുള്ള എല്ലാവരും വെളിച്ചെണ്ണ ഉപയോഗിക്കണം എന്ന് പറയരുത്. എല്ലാവര്‍ക്കും സ്വന്തം അമ്മയുളതുപോലെ രാജ്യങ്ങളും, അതിന്റെ സമ്പദ് ഘടനയും ഉണ്ട്. അപ്പോള്‍ അതാത് സമ്പദ് ഘടനക്ക് അനുസ്രതമായുള്ള ഒരു വികസന മാര്‍ഗ്ഗമാണ് എല്ലാവരും സ്വീകരിക്കേണ്ടത്. പ്രാദേശികമായി ഉത്പാദിപ്പികുന്ന ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കണം. അത് മറ്റുള്ളവരോടുള്ള ഒരു എതിര്‍പ്പിന്റെ ഭാഗമായി ആകരുത്. ഇറാഖികള്‍ അവരുടെ പാം ഓയില്‍ ഉപയോഗിക്കട്ടേ, മലേഷ്യകാര്‍ അവരുടേയും. ഗാന്ധിജി പറഞ്ഞതുപോലെ സുസ്ഥിരമായ ഗ്രാമമാകണം ലക്ഷ്യം. അതേ സ്ഥിരമായി നിലനില്‍ക്കൂ. മലേഷ്യന്‍ പാം ഓയില്‍ തോട്ടങ്ങളേകുറിച്ച് ഒരുപാട് വിമര്‍ശനങ്ങള്‍ ഉണ്ട്.(http://jagadees.wordpress.com/2008/04/24/girl-scouts-not-dying-for-a-cookie/)

    ചങ്ങാതി സഹായം ചെയ്യുന്നത് പാപമാണെന്ന് ആരും പറഞ്ഞിട്ടില്ല. അത് ഏത് മനുഷ്യന്റേയും കടമയാണ്. (ഞാനിത് വീണ്ടും പറയുകയാണ്!) അണ്ണാറക്കണ്ണനും തന്നാലായത് എന്ന് കേട്ടിട്ടില്ലേ. അതുപോലെ അവനന്റെ സ്ഥിതി അനുസരിച്ച് മറ്റൂള്ളവരെ സഹായിക്കണം. എന്റെ വീടിനടുത്തും ധാരാളം സുനാമി ദുരിദമനുഭവിച്ചവര്‍ ഉണ്ടായിരുന്നു. അവരില്‍ ഒരാളിനേക്കുറിച്ച് ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നു. ഒരു കടത്തുകാരന്‍. അയാള്‍ ജീവന്‍ പണയപ്പെടുത്തി ആളുകളെ ഇക്കരെ എത്തിച്ചുകൊണ്ടിരുന്നു. എന്നാല്‍ അയാള്‍ക്ക് അയാളുടെ കുടുംബത്തെ രക്ഷിക്കാനായില്ല. എത്രമാത്രം വല്ല്യ ത്യാഗമാണയാള്‍ ചെയ്തത്. എത്രമാത്രം ദുഖം അയാള്‍ ഇപ്പോഴും അനുഭവിക്കുന്നുണ്ടാകും. നമ്മള്‍ അറിയാത്ത എത്രയോ ഇത്തരം ത്യാഗങ്ങള്‍ സഹിച്ച ആള്‍കാര്‍ ഉണ്ടാകാം. നമ്മള്‍ എന്തുകൊണ്ട് ഇതൊന്നും കാണാതെ, അല്ലെങ്കില്‍ കണ്ടതായി നടിക്കാതെ സെലിബ്രിറ്റികളുടെ വമ്പന്‍ സ്പോണ്‍സേര്‍ഡ് സേവനങ്ങള്‍ക്ക് അടിമകളാകുന്നു? “നിങ്ങളേത്ര സഹായിച്ചു? അയ്യോ, അത്രയേയോള്ളോ ! മോശം എന്റെ ഗുരു നോക്കിക്കേ അതില്‍ കൂടുതല്‍ സഹായിച്ചു” ഈ അര്‍ദ്ധത്തോടുള്ള നോട്ടമോ, വാക്കോ, പ്രവര്‍ത്തിയോ പൊങ്ങച്ചമല്ലാതെ എന്താണ്? താങ്കള്‍ മാത്രമല്ല, ഈ രീതിയിലുള്ള വര്‍ത്തമാനം സാധാരണ കേള്‍ക്കാറുള്ളതാണ്.

    പരസഹായം മാത്രം നോക്കി നല്ല മനസ് എന്ന് തീരുമാനിക്കാന്‍ പറ്റില്ല. മണിച്ചന്‍ ആ നാട്ടില്‍ ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്ത്താണ്. നാട്ടുകാര്‍ക്കും അയാളെ ഇഷ്ടാമായിരുന്നു. അതുകൊണ്ട് മാത്രം നമുക്ക് അയാളെ അംഗീകരിക്കാനാകുമോ? മണിച്ചന്റെ കുഴപ്പം വളരെ പ്രകടമായി. ആള്‍ ദൈവങ്ങളുടെ കുഴപ്പം മനസിലാകാണമെങ്കില്‍ കുറച്ചുകൂടെ ആഴത്തിലുള്ള വിശകലന രീതി വേണമെന്നുമാത്രം.

    മതവും ദൈവവുമൊക്കെ ജനങ്ങളേ നിയന്ത്രിക്കാനും അവരുടെ പണം ഊറ്റിയെടുക്കാനും ജീവിതകാലം മുഴുവന്‍ അറിവില്ലായ്മയില്‍ അടച്ചിടാനുമുള്ള ഉപാധിയാണ്. വിശ്വാസികള്‍ക്ക് അത് സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്ന് രക്ഷപെടാനുള്ള മാര്‍ഗ്ഗവും. പരസ്പര പൂരകമാണ് ഈ രണ്ട് കൂട്ടരും.

    നിങ്ങള്‍ക്ക് രോഗങ്ങള്‍ ഒന്നുമില്ലെനില്‍ ആശുപത്രിയുടെ ആവശ്യം എന്താണ്. ശാസ്ത്രവും സാങ്കേതികവിദ്യയും ഇന്ന് മനുഷ്യനെ കൂടുതല്‍ ചൂഷണം ചെയ്യാനുള്ള ഉപകരണമായി ഉപയോഗിക്കുന്നത്. അതില്‍ നിന്ന് മാറി ജനങ്ങള്‍ക്ക് ഉപകാരപ്രദമാകണമെകില്‍ ജനങ്ങള്‍ അറിവുള്ളവരാകണം. ആള്‍ ദൈവങ്ങളും, സിനിമ, മറ്റു മാധ്യമങ്ങള്‍ യഥാര്‍ത്ഥത്തില്‍ അറിവില്ലായ്മയും അന്ധവിശ്വാസവും പ്രചരിപ്പിക്കുന്ന പ്രധാന ശ്രോതസുകളാണ്. അവരെ നിയന്ത്രിക്കാനുള്ള വഴി അവര്‍ക്ക് പണം നല്‍കാതിരിക്കുക എന്നതാണ്. ഗാന്ധിജിയെടെ നിസ്സഹകരണ പ്രസ്ഥാനം.

  14. JOBI JOSEPH (Cambridge) Says:

    A nice subject in few words. It is a good topic to write more…


Comment: