കണ്ടവ ‘കാണാതെ’
കേട്ടവ ‘കേള്‍ക്കാതെ’
ചത്തു ഞാന്‍ ജീവിക്കാനോ?
എല്ലാമടക്കി വ്യര്‍ത്ഥ-
ത്യാഗമാം തത്വത്തിന്‍
വെപ്പാട്ടിയാകുവാനോ?
ശ്വാസമടക്കിയും
മൌനത്തെ ധ്യാനിച്ചും
വാക്കിനെ വ്യഭിചരിക്കാനോ?
ചോദ്യങ്ങളില്ലാതെ
ഉത്തരം കേട്ടെഴുതിയെ
ന്നച്ചുകള്‍ തച്ചുടക്കാനോ?
ഉള്ള് നനയുമ്പോള്‍
പുറമേ ചിരിക്കുന്ന
കോമരമാകുവാനോ?
ഭാരം കനത്ത മത-
പാഠങ്ങള്‍ ചുമന്നിടും
ഭിക്ഷുവിന്‍ ഭിക്ഷയാവാനോ?
മുഖംമൂടിക്കുള്ളിലെന്‍
പ്രാണനെ തളച്ചൊരു
ഭീരുത്വമാകുവാനോ?
എന്നിലെ അര്‍ത്ഥങ്ങള്‍
വെട്ടിത്തിരുത്തിയെ-
ന്നസ്ഥിയും പണയമാക്കാനോ?
കഴുമരച്ചുവട്ടിലെ
രക്തം ഭയക്കുന്ന
വിഭ്രാന്തിയാകുവാനോ?
ചരടുകള്‍ വലിക്കുമ്പോള്‍
ചാഞ്ചാട്ടമാടുന്ന
കളിപ്പാട്ടമാകുവാനോ?
പുതിയ അഭിപ്രായങ്ങള്‍