ഒരു കാത്തിരിപ്പിന്‍റെ തത്വശാസ്ത്രം
അത്ഭുതങ്ങളുടെ ലോകമാണ് ഈ മഹാപ്രപഞ്ചം. നഗ്ന നേത്രങ്ങള്‍ക്ക് വഴങ്ങാത്ത തന്‍മാത്രകള്‍ മുതല്‍ ഭീമാകാരങ്ങളായ ഗാലക്സികള്‍ വരെ നിഗൂഢമായി കിടക്കുന്ന എന്തോ ഒന്ന് നമ്മുടെ ചിന്തകളില്‍ എന്നും തീക്കനല്‍ വിതറിക്കൊണ്ടേയിരിക്കും. ഇടവിടാതെ, കണ്ണികള്‍ അറ്റുപോകാതെ പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്ന ക്രമവും പ്രതിഭാസങ്ങളും മനുഷ്യനില്‍ ധ്യാനാത്മകത ഉണര്‍ത്തുന്നു. പ്രകൃതിയെ ധ്യാനിക്കുന്നവന്‍ ഭൌതീകമായ ഈ പ്രപഞ്ചത്തില്‍ അതിസൂക്ഷ്മം വിരാചിക്കുന്ന ഏതോ ഒരു അതിഭൌതീകതയെ കണ്ടെത്തുക തന്നെ ചെയ്യും. ഈശ്വരനിലേക്കുള്ള ആദ്യ ചുവട് നമുക്ക് മുന്നിലുള്ള പ്രപഞ്ചം തന്നെയാണ്!
മനുഷ്യനെ അത്ഭുതപരതന്ത്രനാക്കുന്ന നിരവധി പ്രതിഭാസങ്ങള്‍ ഈ പ്രപഞ്ചത്തിലുണ്ടെങ്കിലും, ആതിസൂഷ്മമായ ആറ്റത്തെ പോലെ വിസ്മയകരമായ ഒന്നും തന്നെയില്ലെന്ന് പറയാം. പ്രപഞ്ചത്തിന്‍റെ മുഴുവന്‍ മിനിയെച്ചര്‍ സ്വഭാവം ഓരോ അണുവിലും നമുക്ക് കാണാനാവും. ആയിരം ഭൂകമ്പങ്ങളെക്കാള്‍ പ്രഹരശേഷിയുള്ള ഊര്‍ജ്ജം ഓരോ അണുവിലും നിഗൂഡമായിരിക്കുന്നു എന്നത് ചിന്തകളെ ഭ്രാന്തമാക്കുന്ന ഒന്നാണ്. ഒരു വലിയ വടവൃക്ഷം ഇത്തിരിയോളം വരുന്ന വിത്തിനുള്ളില്‍ നിദ്ര ചെയ്യുന്നതുപോലെ, ഓരോ അണുവിലും പ്രപഞ്ചത്തിന്‍റെ ആത്മാവും ചേതനയും കുടികൊള്ളുന്നു. സര്‍വസൃഷ്ടികള്‍ക്കും കാരണഭൂതനായ പരബ്രഹ്മന്‍റെ സംഹാരശക്തി ഒരു കണികയോളം ചെറുതായി നിലകൊള്ളുമ്പോള്‍ എളിമയുടെ ഉദാത്തമായ മാതൃകയാണ് നമുക്ക് കാണാനാവുക. ഇതാണ് എളിമ! പരബ്രഹ്മന്‍ സ്വന്തം പ്രതാപങ്ങളെ മുഴുവന്‍ മറച്ചുപിടിച്ച് വെറുമൊരു കണികയോളം നിസാരനായി സ്ഥിതിചെയ്യുന്നു, ആര്‍ക്കും വെളിപ്പെടാതെ! ഈശ്വരന്‍ നമുക്ക് കാണിച്ചുതരുന്ന എളിമയുടെ മാതൃകയാണ് നാം പിന്തുടരേണ്ടതും.
ഇതേ എളിമയാണ് ദുഃഖശനിയാഴ്ചയിലും കാണാനാവുക. ദൈവപുത്രന്‍ സ്വന്തം പ്രതാപങ്ങളെയെല്ലാം ഉപേക്ഷിച്ച് മനുഷ്യനിര്‍മ്മിതമായ കല്ലറക്കുള്ളില്‍ സാദരം നിദ്രകൊള്ളുന്നു. ജറുശലേമിന്‍റെ തെരുവീധികളിലൂടെ അടിയും തൊഴിയുമേറ്റ്, സകല അപമാനങ്ങളും ഏറ്റുവാങ്ങി, അതിക്രൂരമായ കുരിശുമരണം സഹിച്ച് അവന്‍ ഒരു കണികയോളം ചെറുതായി. പിന്നെ ഒന്നുമില്ലാത്തവനെ പോലെ അന്യന്‍റെ കല്ലറയില്‍ സ്വയം അടക്കം ചെയ്യപ്പെടാന്‍ വിട്ടുകൊടുത്തു. ദൈവത്തോളം വലിയവനു മാത്രമേ പാതാളത്തോളം എളിയവനാവാന്‍ കഴിയൂ. ക്രിസ്തുവിന്‍റെ മഹത്വം ഇവിടെയാണ് യഥാര്‍ത്ഥത്തില്‍ ദൃശ്യമാവുക.
അടിച്ചമര്‍ത്തപ്പെട്ട ജനതകള്‍ക്ക് ആശ്വാസം പകരുന്ന ഒരു ചിന്തയാണിത്. സമൂഹത്തിന്‍റെ ആട്ടും തുപ്പും സഹിച്ച്, ചെയ്യാത്ത തെറ്റിന് ശിക്ഷയനുഭിച്ച്, സമൂഹത്തില്‍ ഒറ്റപ്പെട്ട് കഴിയുന്ന നിസഹായരായ വ്യക്തികള്‍ക്ക് യേശുക്രിസ്തുവിന്‍റെ ഈ മാതൃക ആശ്വസമായിരിക്കട്ടെ! ജീവിതം ഒരു ദുഃഖവെള്ളിയാഴ്ച കൊണ്ട് അവസാനിക്കില്ല. ശവകുടീരത്തോളം ഇടിച്ച് താഴ്ത്തപ്പെട്ട ഈ അവസ്ഥയില്‍ നിന്ന് ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ് ഉണ്ടായേ തീരൂ. അന്ന് ചങ്ക് കുത്തിത്തുരന്നവര്‍ ഇളിഭ്യരായിത്തീരും. അതുവരെ കാത്തിരുന്നേ മതിയാവൂ, മുട്ടയ്ക്കുള്ളില്‍ ദിവസങ്ങളോളം കാത്തിരിക്കുന്ന പക്ഷിക്കുഞ്ഞിനെ പോലെ! മുട്ടയോളം ചെറുതായിരിക്കുന്നവന്‍ ആകാശങ്ങള്‍ കീഴടക്കുന്ന ഒരു ദിവസം സമാഗതമാവും. എത്തിപ്പിടിക്കാന്‍ സാധിക്കാത്തിടത്തോളം ഉയര്‍ന്നുകഴിയുമ്പോള്‍ പ്രതിയോഗികള്‍ നമ്മുടെ മുന്നില്‍ വീണ്ടും വരും. അസഭ്യം പറഞ്ഞവര്‍ ഓശാന പാടും, അന്ന് വിജയം നമുക്കായിരിക്കും. ഇത് എളിമയുടെയും കാത്തിരിപ്പിന്‍റെയും തത്വശാസ്ത്രം!