മനുഷ്യനെ നിഷ്ക്രിയനാക്കുന്ന ദുഃഖവെള്ളി

‘സമാധാനം’ എന്ന ആശയത്തെ കുറിച്ച് തെറ്റിദ്ധാരണകള്‍ വളര്‍ത്തുന്നതില്‍ ക്രിസ്തുമതം നല്‍കിയ സംഭാവന കുറച്ചൊന്നുമല്ല. ക്രിസ്തുമത തത്വങ്ങള്‍ മഹത്വങ്ങളാണെന്നതില്‍ എതിരഭിപ്രായമില്ല. എന്നാ‍ല്‍, മതപരമായ ഒരു ചട്ടക്കൂടില്‍ നിന്ന് പുറത്തുകടക്കുമ്പോള്‍, കൂടുതല്‍ സങ്കീര്‍ണമായ രാഷ്ട്രീയവും ശാസ്ത്രീയവുമായ ഒരു ചുറ്റുപാടില്‍ ക്രിസ്തുമതം പലപ്പോഴും നിരവധി ആശയക്കുഴപ്പങ്ങളും തെറ്റിദ്ധാരണകളുമാണ് ഉണ്ടാക്കുന്നത്. ആധുനിക സാമൂഹത്തില്‍ ക്രിസ്തുമതത്തിന് വ്യക്തമായ നിലപാടുകള്‍ ഇല്ലാതെ പോകുന്നു, പലപ്പോഴും!

മാറുന്ന സാമൂഹിക പശ്ചാത്തലത്തില്‍ ക്രിസ്തുമത ചിന്തകള്‍ നിരവധി മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ടെങ്കിലും, ഭ്രൂണഹത്യ, സ്വവര്‍ഗ വിവാഹം, സ്വവര്‍ഗ രതി, ക്ലോണിംഗ് തുടങ്ങിയ സങ്കീര്‍ണമായ സാമൂഹിക പ്രശ്നങ്ങളോട് ക്രിസ്തുമതം യാഥാസ്ഥിതികമായ നിലപാടാണ് ഇപ്പോഴും സ്ഥീകരിച്ചുകൊണ്ടിരിക്കുന്നത്. പരമ്പരാഗതമായി കൈമാറിവന്ന ആചാരനുഷ്ഠാനങ്ങള്‍ക്കും തത്വസംഹിതകള്‍ക്കും അവ ഒരു വെല്ലുവിളിയായേക്കാം എന്ന ഭയമാവും ഒരു നിഷേധാത്മകമായ നിലപാടെടുക്കാന്‍ ക്രൈസ്തവ സഭകളെ പ്രേരിപ്പിക്കുന്നത്. അതവിടെ നില്‍ക്കട്ടെ!

‘ഒരു ചെകിടത്തടിക്കുന്നവന് മറുചെകിട് കൂടി കാണിച്ചു കൊടുക്കുക’ – എന്ന ആദര്‍ശത്തിന് മാതൃകാപരമായ ഉദാഹരണം കാണിച്ച് കൊടുന്ന യേശുദേവന്‍റെ സഹനത്തിന്‍റേയും കുരിശുമരണത്തിന്‍റേയും ഓര്‍മ്മദിനമാണ് ദുഃഖവെള്ളി. ദുഃഖവെള്ളിയുടെ മതപരമായ അന്തസത്തയെ ചോദ്യം ചെയ്യുന്നില്ലെങ്കിലും, യേശു പഠിപ്പിച്ച ഈ ‘സമാധാന സന്ദേശം’ മനുഷ്യനെ കൂടുതല്‍ നിഷ്ക്രിയനാക്കാനല്ലാതെ മറ്റൊന്നിനും ഉപകരിക്കില്ല എന്നാണ് എന്‍റെ അഭിപ്രായം.

അടിയും തൊഴിയും സസന്തോഷം സ്വീകരിക്കുന്ന ശത്രുവിനെ കണ്ട് ഇളിഭ്യനാകുന്ന പ്രതിയോഗി മാനസാന്തരപ്പെടുമെന്നും തുടര്‍ന്ന് അയാളുമായി രമ്യത കൈവരിക്കാമെന്നുമൊക്കെയാണ് ക്രിസ്തുമതം പഠിപ്പിക്കുന്നത്. ശത്രുവിനെ സ്നേഹത്തിലൂടെയും ക്ഷമയിലൂടെയും കീഴ്പ്പെടുത്തണം എന്ന് ചുരുക്കം. ശത്രു സ്വന്തം അമ്മായിയമ്മയോ നാത്തൂനോ മക്കളോ ആയാല്‍ ഈ ആദര്‍ശത്തിന് പ്രസക്തിയുണ്ടാവാം. അടി കൊണ്ടാലും, സ്വന്തം രക്തമല്ലേ, ഒരിക്കല്‍ അവന്‍ മാനസാന്തരപ്പെടും എന്ന് കരുതി സമാധാനിക്കാം.

എന്നാല്‍ ഞാനൊന്ന് ചോദിക്കട്ടെ! അമേരിക്കന്‍ ഭടന്‍‌മാരുടെ തോക്കിന്‍ തുമ്പില്‍ കഴിയുന്ന ഇറാക്കികളെ സംബന്ധിച്ച് ഈ ആദര്‍ശം എത്രമാത്രം പ്രായോഗികമാണ്? ശ്രീലങ്കയില്‍ ഒരു പിടി മണ്ണിന് വേണ്ടി പോരാടുന്ന തമിഴ് വംശര്‍ക്കും, ടിബറ്റില്‍ ചൈനീസ് അധിനിവേശം മൂലം സ്വന്തം രാജ്യത്തിന്‍റെ പൈതൃകം നഷ്ടമാവുമെന്ന് കരുതുന്ന ബുദ്ധ സന്യാസിമാര്‍ക്കും, പാകിസ്ഥാന്‍ നുഴഞ്ഞുകയറ്റം നടക്കുന്ന കാശ്മീരിലെ ഇന്ത്യന്‍ പട്ടാളക്കാര്‍ക്കും ഈ സമാധാന സന്ദേശം കൊണ്ട് എന്ത് നേട്ടം? വെട്ടാന്‍ വരുന്ന പോത്തിനോട് വേദമോതാല്‍ പഠിപ്പിക്കുന്ന ഈ ചിന്ത യുക്തിയ്ക്ക് നിരക്കാത്തതാണ്. വയറ് നിറഞ്ഞവന്‍റെ ഈ തത്വശാസ്ത്രം വയറ് കത്തുന്നവന് എന്ത് ഗുണം നല്‍കും? വയറു നിറയെ ഭക്ഷണം കഴിച്ചശേഷം വേദമോതി പട്ടിണി കിടക്കുന്നവനെ അപമാനിക്കുന്നത് പോലെയാണിത്.

യേശുക്രിസ്തു കുരിശില്‍ തൂങ്ങി യാതനകള്‍ അനുഭവിച്ച് മരിച്ചെങ്കില്‍ അതിന് ദൈവശാസ്ത്രപരമായ അര്‍ത്ഥം മാത്രമാണുള്ളത്. ലോകത്തിന്‍റെ പാപങ്ങള്‍ പരിഹരിക്കാന്‍ യേശുക്രിസ്തു ഒരു ബലി വസ്തുവാകണമെന്നത് ദൈവഹിതം. അതിന്‍റെ പേരില്‍ ലോകത്തുള്ള സകലരും ബലിമൃഗങ്ങളാകണമെന്നുണ്ടോ? അതിഭീകരനായ ശത്രുവിന്‍റെ മുന്നില്‍ ആയുധം അടിയറവ് വച്ച് ശിരച്ഛേദം ചെയ്യപ്പെടാന്‍ കുനിഞ്ഞ് നില്‍ക്കണമെന്നുണ്ടോ? ശത്രുവിന്‍റെ വെട്ടേറ്റ് മരിക്കുന്നതിനേക്കാള്‍ ആത്മഹത്യ ചെയ്യാന്‍ പോലും മടിക്കാത്ത വിപ്ലവകാരികളാണ് യേശുക്രിസ്തുവിനെക്കാള്‍ നമുക്ക് വലിയ മാതൃകയാവുന്നത്. തെറ്റ് തിരുത്താന്‍ ശത്രുവിന് സാവകാശവും സന്ദര്‍ഭവും നല്‍കാം. എന്നാല്‍ താഴ്ന്ന് കൊടുക്കുന്തോറും തലയില്‍ കയറുന്നവനെ തല്ലണം; ‘തല്ലി പഠിപ്പിക്കണം’.

കോപിക്കേണ്ട സമയത്ത് കോപിക്കണം എന്ന് പറന്നതുപോലെ ആയുധമെടുക്കേണ്ട സമയത്ത് ആയുധമെടുത്തേ മതിയാവൂ. ഒരു മനുഷ്യന്‍ നിങ്ങളുടെ ഒരു കവിളില്‍ അടിക്കുകയാണെങ്കില്‍, അവന്‍റെ മറ്റേ കവിളില്‍ അടിക്കുക, അവന്‍റെ അരക്കെട്ടിലും തുടയിലും പ്രഹരിക്കുക. അങ്ങനെ ആ പ്രതിയോഗിക്ക് നിങ്ങള്‍ ഒരു പേടി സ്വപ്നമായിരിക്കട്ടെ! നിങ്ങളുടെ വഴിയില്‍ പിന്നീട് അവന്‍ കാലെടുത്ത് വയ്ക്കുമ്പോള്‍, പഴയ അടിയുടെ വേദന അവന് വിജ്ഞാനവും വിവേകവും നല്‍കണം. അഭിമാനത്തോടെ നെഞ്ച് വിരിച്ച് ജീവിക്കാന്‍ ഇതൊക്കെ അത്യാവശ്യത്തിന് ചെയ്തേ മതിയാവൂ. അല്ലാതെ ചവിട്ടേല്‍ക്കുമ്പോള്‍ ചാവാലിപ്പട്ടിയെ പോലെ മോങ്ങിയിട്ട് കാര്യമൊന്നുമില്ല.

Visit: Sethulakshmi ’s website (A collection of articles, stories and poems)
Explore posts in the same categories: Review

3 Comments on “മനുഷ്യനെ നിഷ്ക്രിയനാക്കുന്ന ദുഃഖവെള്ളി”

  1. kaavalaan Says:

    “ഒരു മനുഷ്യന്‍ നിങ്ങളുടെ ഒരു കവിളില്‍ അടിക്കുകയാണെങ്കില്‍, അവന്‍റെ മറ്റേ കവിളില്‍ അടിക്കുക, അവന്‍റെ അരക്കെട്ടിലും തുടയിലും പ്രഹരിക്കുക.”

    കൊള്ളാം….

    ഇവിടം കൊണ്ടു നിര്‍ത്തരുത് അടിച്ചവന്റെ കുടുംബം കുളംകോരണം ആ ജാതി സന്തതികള്‍ ഉണ്ടാവാതിരിക്കാട്ടെ.
    പക്ഷേ ഇതുകൊണ്ട് തീരുമോ പ്രശ്നങ്ങള്‍?അടി തിരിച്ചടി,വെട്ട് തിരിച്ചുവെട്ട്,കണ്ണിനു കണ്ണ്
    കാതിനു കാത്…ഹഹഹ സുന്ദരസുരഭില ലോകം.
    ഒരു ധീരനു(ധീരയ്ക്കു)മാത്രം പറഞ്ഞിട്ടുള്ളതാണ് യേശുവിന്റെ ആ വചനം.ക്ഷമ എന്നത് ഭീരുവിന്റെ(നിവൃത്തികേട്)കഴിവില്ലായ്മയല്ല,ധീരന്റെ കഴിവാണ് പരിചയാണ്.

  2. sethulakshmi Says:

    മുന്‍പ് അഭിപ്രായം എഴുതിയ വ്യക്തി ലേഖനത്തിലെ ചില വരികള്‍ മാത്രം ഉദ്ധരിച്ച് എഴുതിയ അഭിപ്രായം ഉചിതമായില്ല. ഇറാക്കിലെയും ടിബറ്റിലേയും പ്രശ്നങ്ങള്‍ മുന്‍‌നിര്‍ത്തി, രാഷ്ട്രീയ സ്വാതന്ത്ര്യത്തെ കുറിച്ചാണ് ഞാന്‍ ലേഖനത്തില്‍ പ്രതിപാദിച്ചിട്ടുള്ളത്. ഇക്കാലത്ത് രാഷ്ട്രീയ സ്വാതന്ത്ര്യം എങ്ങനെ നേടാം എന്നതിനെ കുറിച്ചുള്ള അഭിപ്രായമായിരുന്നു പറയേണ്ടിയിരുന്നത്. അതിന് പകരം, സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള രക്തച്ചൊരിച്ചില്‍ വലിയ അപരാധമാണെന്ന മട്ടിലാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. ക്ഷമയ്ക്കും സഹനത്തിനും ഒരു പരുധിയുണ്ട്, ഭീരുവിനും ധീരനും ഈ പരുധി ബാധകവുമാണ്. പരുധി കഴിഞ്ഞാല്‍ വാളെടുക്കുന്നതില്‍ തെറ്റില്ല എന്നാണ് ലേഖനത്തില്‍ സൂചിപ്പിച്ചിരിക്കുന്നതും.

    സുന്ദരസുരഭില ലോകമെന്ന് പറയുന്നത്, ഒരു പറ്റം ആള്‍ക്കാര്‍ ക്ഷമിക്കുകയും മറ്റൊരു പറ്റം ആള്‍ക്കാര്‍ ക്ഷമിക്കുന്തോറും മെക്കിട്ട് കേറുന്നതും അല്ല. നല്ലവനും ദുഷ്ടനും തമ്മിലുള്ള പോരാട്ടത്തില്‍ നല്ലവന്‍ എക്കാലത്തും ക്ഷമിച്ച് നില്‍ക്കണമെന്ന് ഒരു നിയമവുമില്ല. നന്‍‌മയ്ക്ക് വേണ്ടി പോരാളിയാവുക എന്നതാണ് പ്രകൃതി നിയമം. അല്ലാതെ തല്ലും കൊണ്ട് എല്ലാം നഷ്ടപ്പെട്ട് മോങ്ങുന്നതല്ല.

  3. njjoju Says:

    ക്ഷമാ ബലം അശക്താനാം ശക്താനാം ഭൂഷണം ക്ഷമ.

    ലഗേ രഹോ മുന്നാഭായി അവതരിപ്പിച്ച ഗാന്ധിഗിരിയെകുറിച്ച് കേട്ടിട്ടില്ലേ?

    http://dalydavis.blogspot.com/2006/10/blog-post.html ഡാലിയുടെ ഈ പോസ്റ്റ് വായിയ്ക്കൂ.
    link


Comment: