ഇറാക്കിനെ രക്ഷിക്കാന്‍ ആര്‍ക്ക് കഴിയും?

മൂന്നു ദശകത്തിനുള്ളില്‍ തുടര്‍ച്ചയായ മൂന്ന് യുദ്ധങ്ങളെ മാറില്‍ ഏറ്റുവാങ്ങിയവരാണ് ഇറാക്കി ജനത. ഒരു തീരാദുഃഖം എന്ന പോലെ യുദ്ധം ഇന്നും തുടരുന്നു. അമേരിക്കയും ബ്രിട്ടനും ഇറാക്കിലേക്ക് ആക്രമണം അഴിച്ചുവിട്ടിട്ട് മാര്‍ച്ച് 20 ന് അഞ്ച് വര്‍ഷം തികയുകയാണ്. ഇറാഖിന്‍റെ കൈയില്‍ വിനാശകാരികളായ ആയുധങ്ങള്‍ ഉണ്ടെന്ന് ലോക രാജ്യങ്ങളെ തെറ്റിദ്ധരിപ്പിച്ച് ആരംഭിച്ച ഈ യുദ്ധത്തിന് വേണ്ടി അമേരിക്ക എന്തിനാണ് ഇത്രയേറെ മുന്‍‌കൈയ്യെടുത്തത്? ലോകസമ്പത്ത് വ്യവസ്ഥയുടെ ആണിക്കല്ലായ എണ്ണ! ലോക രാജ്യങ്ങളുടെ മേല്‍ക്കോയ്മ നഷ്ടമാവാതിരിക്കാന്‍ അമേരിക്കയ്ക്ക് എണ്ണക്കിണറുകള്‍ വേണം. യുദ്ധം അതിനൊരു പുകമറ മാത്രം. അഞ്ച് വര്‍ഷം നീണ്ട യുദ്ധത്തില്‍ സംഭവിച്ച ചില യഥാര്‍ത്ഥ്യങ്ങള്‍ ഇവിടെ ചുരുളഴിയുന്നു…!

2003 മാര്‍ച്ച് 20 മുതല്‍ 2008 മാര്‍ച്ച് 16 വരെയുള്ള അഞ്ച് വര്‍ഷത്തെ ലഭ്യമായ കണക്കനുസരിച്ച്, ഇറാക്ക് യുദ്ധത്തിനായി അമേരിക്ക 600 ബില്യണ്‍ യു‌എസ് ഡോളറാണ് ചിലവഴിച്ചത്. ഈ വര്‍ഷം മാത്രമുള്ള യുദ്ധച്ചിലവുകള്‍ക്ക് ലഭിച്ച 200 ബില്യണ്‍ ഡോളറിന് പുറമേയാണിത്. അതായത് ഈ വര്‍ഷം ഓരോ മാസവും 12 ബില്യണ്‍ ഡോളര്‍ ഇറാക്കില്‍ യുദ്ധത്തിനായി ചിലവഴിക്കാനാണ് അമേരിക്കയുടെ പദ്ധതി.

2004ല്‍ സ്പെയര്‍ പാര്‍ട്സുകള്‍ ഇറാക്കിലേയ്ക്ക് കയറ്റുമതി ചെയ്യുന്നതിന് അമേരിക്ക കോണ്‍‌ട്രാക്ടര്‍മാര്‍ വഴി ചിലവാക്കിയ 549.7 മില്യണ്‍ ഡോളറും 110,000 എകെ-47 തോക്കുകള്‍ ഉള്‍പ്പെടെ ഇറാക്കില്‍ ഉപയോഗിക്കപ്പെട്ട 190,000 തോക്കുകളുടെ ചിലവും കണക്കുകളില്‍ പെടുത്തിയിട്ടില്ല. ഒരു യു‌എസ് സൈനികനെ ഒരു വര്‍ഷം ഇറാക്കില്‍ നിര്‍ത്താന്‍ 390,000 ഡോളര്‍ ചിലവാകുമെന്നാണ് ഒരു പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.

ട്രാക്ടര്‍ ട്രൈലറുകള്‍, ടാങ്ക് റിക്കവറി വാഹനങ്ങള്‍, യന്ത്രത്തോക്കുകള്‍, റോക്കറ്റ് പ്രൊപ്പല്‍ട് ഗ്രനേഡുകള്‍ എന്ന് തുടങ്ങിയ ഒരു ബില്യണ്‍ രൂപയുടെ യുദ്ധ സാമഗ്രികള്‍ ഇറാക്കില്‍ വച്ച് കാണാതായിട്ടുമുണ്ട്. 2007 ഡിസംബര്‍ 6ന് സിബി‌എസ് ന്യൂസ് പുറത്തുവിട്ട കണക്കാണിത്. അല്ലറചില്ലറ കാര്യങ്ങള്‍ക്കായി 10 ബില്യണ്‍ ഡോളര്‍ വരെ അമേരിക്ക ഇറാക്കില്‍ പാഴാക്കിയതായും കണക്കുകളില്‍ പറയുന്നു.

ഇറാക്കിലെ യു‌എസ് സൈനികരുടെ ഭക്ഷണം, ഇന്ധനം, പാര്‍പ്പിടം തുടങ്ങിയ സൌകര്യങ്ങള്‍ ഒരുക്കുന്നതിന് ഹല്ലിബുര്‍ട്ടണ്‍ എന്ന മള്‍ട്ടീനാഷണല്‍ കോര്‍പ്പറേഷന് അമേരിക്ക 20 ബില്യണ്‍ ഡോളര്‍ നല്‍കിയിട്ടുണ്ട്. ഇറാക്ക് യുദ്ധത്തിനായി അമേരിക്ക ഒഴുക്കിയ പണത്തിന്‍റെ കൊഴുപ്പ് കാണുമ്പോള്‍, ചെലവാക്കിയ തുകയുടെ മുതലും പലിശയും പലിശയുടെ പലിശയും വസൂലാക്കാതെ അമേരിക്ക പിന്‍‌മാറുന്ന പ്രശ്നമില്ലെന്ന് തന്നെ ഉറപ്പിക്കാം. ഒരു അഞ്ച് വര്‍ഷം കൂടി ഇറാക്കില്‍ യുദ്ധം നടക്കുമെന്നാണ് ഇന്നത്തെ അവസ്ഥ കാണുമ്പോള്‍ തോന്നുന്നത്.

ഇറാക്കില്‍ പ്രധാനമായും 75 യു‌എസ് സൈനിക കേന്ദ്രങ്ങളാണ് ഇന്ന് നിലവിലുള്ളത്. അമേരിക്കയില്‍ നിന്നുള്ള 155,000 സൈനികരും, യുകെയിലെ 4,500 സൈനികരും, ജോര്‍ജിയയിലെ 2,000 സൈനികരും, പോളണ്ടിലെ 900 സൈനികരും, ദക്ഷിണ കൊറിയ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളില്‍ നിന്ന് 650 സൈനികരും ഉള്‍പ്പെടെ ഇറാക്കില്‍ 164,481 സൈനികരാണ് ഇന്ന് തമ്പടിച്ചിട്ടുള്ളത്. 2007 മേയിലെ കണക്കനുസരിച്ച്, അമേരിക്കല്‍ സൈന്യത്തോടൊപ്പം പരീശീലനം ലഭിച്ച 6,000 ഇറക്കി സൈനികരും യുദ്ധത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇറാക്കിലെ അമേരിക്കന്‍ സൈന്യത്തെ സഹായിക്കാന്‍ സ്വകാര്യ കമ്പനികളുടേതായി 180,000 ജോലിക്കാര്‍ ഇന്നുണ്ട്.

3,989 യു‌എസ് സൈനികരാണ് ഇറാക്കില്‍ ഇതുവരെ കൊല്ലപ്പെട്ടിട്ടുള്ളത്. 29,395 യു‌എസ് സൈനികര്‍ക്ക് ഇതുവരെ പരിക്കേറ്റു. ഇതില്‍ സ്പൈനല്‍ കോഡ്, തലച്ചോറ് എന്നിവയില്‍ ഗുരുതരമായി പരിക്കേറ്റവരുടെ നിരക്ക് 20 ശതമാനമാണ്. 30 ശതമാ‍നം പേര്‍ക്ക് ഗുരുതരമായ മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇറാക്കിലെ ആക്രമണങ്ങളില്‍ ഇതുവരെ 68 ഹെലികോപ്റ്ററുകള്‍ സൈന്യത്തിന് നഷ്ടമായി.

ഇറാക്കില്‍ കൊല്ലപ്പെട്ട പത്രപവര്‍ത്തകര്‍ 127 പേര്‍. കൊല്ലപ്പെട്ട ഇറാക്കി സൈനികരും പൊലിസുകാരും 8,009 പേര്‍. റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍, ഏകദേശം 600,000 ഇറാക്കി പൌരന്‍‌മാര്‍ അഞ്ച് വര്‍ഷം കൊണ്ട് യുദ്ധത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ട ഇറാക്കി കലാപകാരികളുടെ ഏകദേശ എണ്ണം 55,000 പേര്‍. തട്ടികൊണ്ട് പോകല്‍ 305, അതില്‍ കൊല്ലപ്പെട്ടവര്‍ 54, മോചിപ്പിച്ചവര്‍ 147, രക്ഷപ്പെട്ടവര്‍ 4, രക്ഷപ്പെടുത്തപ്പെട്ടവര്‍ 6, ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലാത്തവര്‍ 94. 70,000 കലാപകാരികള്‍ ഇറാക്കിലുണ്ടെന്നാണ് കഴിഞ്ഞ വര്‍ഷം ജൂണിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏകദേശം 163 ആക്രമണങ്ങള്‍ ഓരോ ദിവസവും ഇറാക്കില്‍ നടന്നു.

മേയിലെ കണക്കനുസരിച്ച്, 2,255,000 പേര്‍ ഇറാക്കില്‍ ഭവനരഹിതരായി. 2.1 മില്യണ്‍ മുതല്‍ 2.25 മില്യണ്‍ ആള്‍ക്കാര്‍ സിറിയയിലേക്കും ജോഡനിലേക്കും അഭയാര്‍ത്ഥികളായി പോയി. 28 ശതമാനം വരുന്ന ഇറാക്കി കുട്ടികള്‍ ഗുരുതരമായ പോഷകാഹാരക്കുറവ് മൂലം ദയനീയ സ്ഥിതിയിലാണ്. 2006ലെ ഇറാക്കിലെ പണപ്പെരുപ്പം 50 ശതമാനം. തൊഴിലില്ലായ്മ 27 – 60 ശതമാനം. 34,000 ഡോക്ടര്‍മാരുണ്ടായിരുന്ന ഇറാക്കില്‍ നിന്ന് 2005 ന് ശേഷം 12,000 പേര്‍ പലായനം ചെയ്തു. 2,000 ഡോക്ടര്‍മാര്‍ കൊല്ലപ്പെട്ടു.

കഴിഞ്ഞ വര്‍ഷം ജൂലൈയിലെ കണക്കനുസരിച്ച്, ഇറാക്കിലെ വീടുകളില്‍ ശരാശരി 1 മുതല്‍ 2 മണിക്കൂര്‍ മാത്രമാണ് ഓരോ ദിവസവും വൈദ്യുതി ലഭ്യമായിട്ടുള്ളത്. 70 ശതമാനം വീടുകളിലും പര്യാപ്തമായ ജലസേചന സൌകര്യമില്ല. 82 ശതമാനം വരുന്ന ഇറാക്കികള്‍ അമേരിക്കന്‍ അധിനിവേശത്തെ ശക്തമായി എതിര്‍ക്കുന്നതായി സര്‍വേകള്‍ സൂചിപ്പിക്കുന്നു. അമേരിക്കന്‍ സൈനികര്‍ മൂലം ഇറാക്കില്‍ സുരക്ഷ ശക്തമായെന്ന് വിശ്വസിക്കുന്നവര്‍ വെറും ഒരു ശതമാനത്തില്‍ താഴെ. 67 ശതമാനം ജനങ്ങളുടെ അധിനിവേശം മൂലം അരക്ഷിതാവസ്ഥ അനുഭവിക്കുന്നു.

ഈ ലേഖനം സംഗ്രഹിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല. ഇറാക്കിലെ ജനതയെ ഇനി രക്ഷിക്കാന്‍ ആര്‍ക്ക് കഴിയും?

Explore posts in the same categories: Review

Comment: