ചില ഡേറ്റിംഗ് വിശേഷങ്ങള്‍

യാതൊരു ഔപചാരികതയുമില്ലാതെ ആണ്‍കുട്ടികളെ ഡേറ്റിംഗിന് വിളിക്കുന്ന പെണ്‍കുട്ടികള്‍ നമുക്ക് ചുറ്റുമുണ്ടെന്ന് തുറന്ന് സമ്മതിക്കുന്നതില്‍ നാണക്കേട് ഇല്ലാത്തതുകൊണ്ടല്ല, പക്ഷേ അതാണ് സത്യം. ക്യാമ്പസുകളില്‍ നിന്നാരംഭിക്കുന്ന ഡേറ്റിംഗ് വിശേഷങ്ങള്‍, ഓഫീസ് അന്തരീക്ഷങ്ങളിലൂടെ, സിനിമ ലോകത്തിലൂടെ ഒരു മെട്രോ സംസ്ക്കാരമെന്ന പോലെ വ്യാപിച്ചുകിടക്കുന്നു. ഒരു തരത്തില്‍ ‘ഡേറ്റിംഗ്’ ഇന്നൊരു ഫാഷന്‍ തന്നെയാണ്. പ്രണയത്തിന്‍റെ മൂര്‍ത്തീഭാവമെന്നൊക്കെ വാഴ്ത്തപ്പെട്ടിരുന്ന വിവാഹവും തുടര്‍ന്നുള്ള ലൈംഗിക ജീവിതവും ഇന്ന് വെറും പഴയ കെട്ടുകാഴ്ചകള്‍.

പരസ്പരം അടുത്തറിയാനും മനസിലാക്കാനുമുള്ള സന്ദര്‍ഭമാണ് ഡേറ്റിംഗ് എന്നാണ് ഇന്നത്തെ കാമുകീകാമുകന്‍‌മാര്‍ പറഞ്ഞു നടക്കുന്നത്. അതുകൊണ്ട് തന്നെ, പഴയകാല സിനിമകളില്‍ പ്രേംനസീറും ഷീലയും പ്രേമിക്കുന്നത് കണ്ടാല്‍ ചിരിച്ച് മണ്ണുകപ്പുന്നവരെ കാണാം. പഴയ കാല സിനിമാ നടന്‍‌മാര്‍ ശരിക്കും പറഞ്ഞാല്‍ യുവതലമുറയ്ക്ക് മുന്നില്‍ കോമാളികള്‍ തന്നെയാണ്. വെറും ചുരുങ്ങിയ കാലം കൊണ്ട് പ്രണയം എത്രമാത്രം കൃത്രിമവും മലീമസവുമായെന്ന് ചുറ്റുപാടുകള്‍ നോക്കിയാല്‍ കണ്ടറിയാം. തെറ്റിനും ശരിക്കും അവയുടെ തനതായ വ്യക്തിത്വം നഷ്ടപ്പെട്ട് കഴിഞ്ഞു.

വിവാഹത്തിന് മുമ്പ് കാര്യങ്ങളെല്ലാം കൃത്യമായി പഠിച്ച് സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരിക്കണമെന്ന് മനോഭാവമാണ് ചിലര്‍ക്ക്. പ്രേമിച്ചയാളിനെ കല്യാണം കഴിക്കാന്‍ സാധിച്ചില്ലെങ്കിലും ഇത്രയും കാലം പ്രേമിച്ചതിനും ഐസ്ക്രീം വാങ്ങി തന്നതിനും പ്രത്യുപകാരം എന്നവണ്ണം, പിരിയും മുമ്പ് അയാള്‍ക്ക് ഒരല്‍പ്പം സന്തോഷമെങ്കിലും നല്‍കാന്‍ വഴങ്ങിക്കൊടുന്നതില്‍ തെറ്റില്ല എന്ന് ചിന്തിക്കുന്നവര്‍ മറ്റ് ചിലര്‍. വിവാഹത്തിന് മുമ്പ് തന്നെ പങ്കാളിയുടെ അളവും തൂക്കവും കൃത്യമായി അറിയണമെന്ന് നിര്‍ബന്ധമാണ് വേറെ ചിലര്‍ക്ക്. വിവാഹത്തിന് ശേഷം ജീവിതകാലം മുഴുവന്‍ കൊണ്ട് നടക്കേണ്ടതല്ലേ, കേടുവന്നതും പുഴുക്കുത്തേറ്റതും വാങ്ങി വെറുതേ കാശ് കളയുന്നതെന്തിന്? നമ്മുടെ യുവതലമുറ കുട്ടി സായിപ്പന്‍‌മാരും മദാമ്മമാരും ആവാന്‍ ശ്രമിക്കുകയാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ കാര്യം നമ്മുടെ പിള്ളേര്‍ പഠിച്ചിട്ടില്ലെന്ന് തോന്നും, ഇതൊക്കെ കണ്ടാല്‍.

കുടുംബ ജീവിതത്തിന്‍റെ ഭദ്രതയെ കുറിച്ച് ഒരു ചുക്കും അറിയാത്ത, ആര്‍ക്കും വേണ്ടാതെ കയറൂരി വിട്ടിരിക്കുന്ന, പരസ്പരം തണുത്ത യുദ്ധം പ്രഖ്യാപിച്ച മാതാപിതാക്കന്‍‌മാരുള്ളവരാണ് ഇതൊക്കെ ഒരു ‘ത്രില്ലായി’ കൊണ്ടു നടക്കുന്നതെന്ന് പറയണം. അന്തഛിദ്രം ബാധിച്ച കുടുംബത്തിലെ സന്തതികള്‍ പണക്കൊഴുപ്പുമൂലം കാട്ടുന്ന കോപ്രായങ്ങള്‍ മറ്റുള്ളവര്‍ക്കും ദുര്‍മാതൃകയാവുന്നു. സിനിമാ മേഖലയിലുള്ളവരെയാണ് ആദ്യം തല്ലേണ്ടത്. ‘ഇതെല്ലാം എല്ലാരും ചെയ്യുന്നതല്ലേ’ എന്ന ധാരണയില്‍ താന്‍ വളരെ ഓപ്പണാണെന്ന് മറ്റുള്ളവരെ ധരിപ്പിച്ച് ഞളിഞ്ഞ് നടക്കുന്ന യുവനടിമാരുടെ ശ്രദ്ധയ്ക്ക്! നിങ്ങളീ പറയുന്നത് കേട്ടിട്ട് ഇവിടെ ആരും അഭിമാനിക്കുന്നില്ല, ഊക്കം കൊള്ളുന്നുമില്ല. വെറുതേ ഉള്ള പേര് കൂടി കളയരുത്. നിങ്ങളീ പറയുന്നത് നിങ്ങളുടെ മക്കള്‍ ഒരു കാലത്ത് വായിക്കും. അന്ന് അവരുടെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ തലകുനിഞ്ഞ് ആത്മഹത്യ പോലും ചെയ്യേണ്ടി വരും.

വിവാഹത്തിന് മുമ്പ് കലണ്ടറിലെ ഡേറ്റ് തികയാതെ കറങ്ങിയ പല കക്ഷികളും വിവാഹത്തിന് ശേഷം പുണ്യവാളന്‍‌മാരും പുണ്യവതികളുമാവുന്നുവെന്നതാണ് ഏറ്റവും രസകരമായ സംഗതി. വലിയ സ്വതന്ത്ര ചിന്താഗതി ഭാവിച്ച് നടന്ന പലരും സ്വന്തം കാര്യം വരുമ്പോള്‍ യാഥാസ്ഥിതികളെക്കാള്‍ മോശമാവുന്നതായി കാണാം. കോളേജില്‍ പഠിക്കുന്ന കാലത്ത് അതിരുകടന്ന ബന്ധങ്ങളില്‍ ഉല്ലസിച്ച് കഴിഞ്ഞ പലര്‍ക്കും മറ്റൊരാളുടെ മണിയറയില്‍ പ്രവേശിക്കേണ്ടിവരുമ്പോള്‍ ഉണ്ടാവുക അടങ്ങാത്ത കുറ്റബോധമാണെന്ന് അനുഭവസ്ഥര്‍ സാക്ഷി. നല്ലവനായ ഭര്‍ത്താവിനെയോ ഭാര്യയെയോ താന്‍ മനപ്പൂര്‍വം വഞ്ചിക്കുകയാണെന്ന് കുറ്റബോധം മൂലം നല്ലവനായ പങ്കാളിയോടൊപ്പം ജീവിതം ആസ്വദിക്കാന്‍ കഴിയാതെ മരണത്തിന്‍റെ വക്കുവരെ എത്തിയവര്‍ നിരവധിയാണ്.

ഈ വൈരുദ്ധം തന്നെ നമ്മുടെ സാമൂഹിക ചുറ്റുപാടുകളും ധാര്‍മ്മീയതയും എഴുതപ്പെട്ട നിയമം പോലെ നിയതമാണെന്നാണ് സൂചിപ്പിക്കുന്നത്. ഭര്‍ത്താവ്, ഭാര്യ, മക്കള്‍, കുടുംബം എന്നൊക്കെ പറയുന്നത് കാലിച്ചെക്കന്‍‌മാരുടെ ചന്ത വര്‍ത്തമാനത്തില്‍ പെടുന്ന കാര്യങ്ങളല്ല. അതിന്‍റെ പവിത്രത വിവരിക്കാനോ വര്‍ണ്ണിക്കാനോ കഴിയില്ല. സ്വയം കുടുംബസ്ഥനായി കഴിഞ്ഞ് ഗൌരവമായ യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമ്പോഴെ അതിന്‍റെയൊക്കെ വില എന്തെന്ന് മനസിലാവൂ. അതിനാല്‍ മാതൃകാപരവും സമാധാനപരവുമായ കുടുംബ ജീവിതം ആഗ്രഹിക്കുന്നവര്‍ തെറ്റായ ബന്ധങ്ങളില്‍ നിന്ന് മനപ്പൂര്‍വം ഒഴിഞ്ഞ് മാറുന്നതാണ് ബുദ്ധി.

വിവാഹത്തിന് മുമ്പുള്ള പ്രണയബന്ധങ്ങള്‍ പോലും ശരിയല്ലെന്ന് തോന്നാറുണ്ട്, പലപ്പോഴും! ഒരു പരുധി കഴിഞ്ഞാല്‍ പ്രണയം ദോഷകരമാവുകയാണ് പതിവ്. ലോക പരിജയമുള്ള മുതിര്‍ന്നവര്‍ പറയും ഇതിനുള്ള ഉദാഹരണം. ചുരുക്കം ചിലരുടെ ജീവിതത്തില്‍ മാത്രമേ പ്രണയം സൌഭാഗ്യകരമായി തീര്‍ന്നിട്ടുള്ളുവെന്നും കൂടി ഓര്‍ക്കണം. എന്തുതന്നെ നഷ്ടപ്പെടുത്തിയാലും, സ്വന്തം മനസിനെ നഷ്ടപ്പെടുത്താന്‍ പാടില്ലെന്ന തമിഴ് ഗാനത്തിലെ വരികളുടെ അര്‍ത്ഥം എത്രമാത്രം ശരിയാണെന്ന് അനുഭവസ്ഥര്‍ പറയട്ടെ!

Visit: Sethulakshmi ’s website (A collection of articles, stories and poems)
Explore posts in the same categories: Review

2 Comments on “ചില ഡേറ്റിംഗ് വിശേഷങ്ങള്‍”

  1. chithrakaran Says:

    സേതുലക്ഷ്മി,
    ഡേറ്റിങ്ങ് വിശേഷങ്ങള്‍ വളരെ ശാസ്ത്രീയമായി ശരിയായ വഴിയിലൂടെ നോക്കിക്കണ്ടിരിക്കുന്നു. വളരെ നന്നായി. ആധുനികതയുടെ ഫാഷനുകളെന്ന ഓമനപ്പേരില്‍ ഇറക്കുമതി ചെയ്യുന്ന മനസ്സാക്ഷിയെ വ്യഭിചരിക്കുന്ന ഇത്തരം പൊള്ളത്തരങ്ങളെ തുറന്നെതിര്‍ക്കാന്‍ പലരും മടിക്കുകയും, പലര്‍ക്കും ഒരു നിലപാടില്ലാത്തതിനാല്‍ പ്രതിരോധിക്കാനാകാതെ കുഴങ്ങുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഈ കാഴ്ച്ചപ്പാടു വ്യക്തമാക്കല്‍ സമൂഹത്തിനു ഗുണം ചെയ്യും.
    വേഡ് പ്രെസ്സ് ചിത്രകാരനു വഴങ്ങുന്നില്ല. സാവധാനം വഴങ്ങുമെന്നാശിക്കാം.

  2. priyabansuri Says:

    വാസ്തവം… വളരെ നല്ല രീതിയില്‍ ഈ വിഷയത്തെ കൈകാര്യം ചെയ്തിരിക്കുന്നു.. അഭിനന്ദനങ്ങള്‍!
    കപടസദാചാരം പ്രസംഗിച്ചു നടമ്മിരുന്ന മലയാളികളോടൊപ്പം തന്നെ വളരുന്ന ഒരു വറ്ഗ്ഗമാണിന്ന് ഈ ‘ഡേറ്റിങ്’ പ്രേമികള്‍! യാഥറ്ത്ഥ്യബോധമില്ലാതെ ഇനി കുറേ കാലം കൂടി ഇവറ് അലഞ്ഞു നടക്കും.. ഒടുവില്‍ എത്താന്‍ കൊതിച്ച അമേരിക്കയും ഇല്ലാ, തിരിച്ചെത്താന്‍ ഒരു ഭാരതവുമില്ലാ എന്ന അവസ്ഥ വരാതിരിക്കട്ടെ!


Comment: