സേതുലക്ഷ്മിക്കും ഒരു വിലാസം

കണ്ണെത്താദൂരത്തോളം വിജനമായി കിടക്കുന്ന മഹാസമുദ്രത്തിലൂടെ സഞ്ചരിക്കുമ്പോള്‍ തോന്നുന്ന ഏകാന്തത പോലെ… ഭീതിപ്പെടുത്തുന്ന തിരമാലകള്‍ക്ക് നടുവില്‍ ദിശയറിയാതെ നില്‍ക്കുമ്പോള്‍ ഉണ്ടാവുന്ന പരിഭ്രമം പോലെ… ചക്രവാളങ്ങള്‍ക്കപ്പുറം തീരമുണ്ടാവുമെന്ന അന്ധമായ ലക്‍ഷ്യബോധത്തോടെ തുഴയേണ്ടിയുമ്പോള്‍ ഉള്ളിലുറയുന്ന ഭയം പോലെ… ആ മരുഭൂമിയില്‍ എന്‍റെ പരിദേവനങ്ങള്‍ കേള്‍ക്കാന്‍ ആരുമില്ലെന്ന വിങ്ങല്‍ പോലെ… പ്രക്ഷുബ്ധമായ ഏതോ കടലിടുക്കില്‍ വന്നകപ്പെട്ടു പോയ നിര്‍ഗ്ഗതി പോലെ… എഴുത്തില്ലെങ്കില്‍, ഇതാണ്!

അവാച്യമായ വികാ‍രം പോലെ, അനന്തമായ സ്വച്ഛതയിലേക്കാണ് തൂലിക എന്നെ പലപ്പോഴും കൂട്ടിക്കൊണ്ട് പോകാറുള്ളത്. അവിടെ ചിന്തകള്‍ക്ക് വിലങ്ങുകളില്ല. സങ്കല്‍പ്പങ്ങള്‍ക്ക് മൂടുപടങ്ങളോ ബന്ധനങ്ങളോ ഇല്ല. സുന്ദരമായ ആ ലോകത്തിലെ ഏകാന്തത സൃഷ്ടികര്‍ത്താവിന്‍റെ മൌനം പോലെയാണ്. ബ്രഹ്മാണ്ഡത്തിലെ സര്‍വ കണികളിലൂടെയും ഏകാന്തമായി സഞ്ചരിക്കാനാവും, ഒരു പ്രകാശ ബിംബം പോലെ! വൈവിധ്യമായ ആ കാഴ്ചകള്‍ക്ക് നടുവില്‍ നിര്‍ന്നിമേഷനായ് നില്‍ക്കാന്‍ ആര്‍ക്ക് കഴിയും? അവിടെ, അക്ഷരങ്ങള്‍ പരസ്പരം ഇണ ചേര്‍ന്ന് വാക്കുകള്‍ക്ക് ജന്‍‌മം നല്‍കുന്നു.

വാക്കുകള്‍ സൃഷ്ടിക്കുന്ന കോളിളക്കങ്ങള്‍ അനിയന്ത്രിതമായ ചുഴലി പോലെയാണ്. പാതകളിലുള്ളതെല്ലാം തച്ചുടച്ച് സഞ്ചരിക്കാന്‍ തുടങ്ങിയാല്‍, സ്വന്തം ഇച്ഛാശക്തി പോലും അതിന്‍റെ മുന്നില്‍ ഛിന്നഭിന്നമാവുന്നു. സ്വന്തം അക്ഷരങ്ങളെ വഴി മാറ്റി വിടാന്‍ പോലുമാവാത്ത വിധം ലക്കും ലഗാനവുമില്ലാത്ത വിരലുകള്‍ അതിന്‍റെ വഴിക്ക് പോകുന്നു. കൊറ്റിയാന്‍ പോലെ തുരുതുരെ തെളിയുന്ന ദൃശ്യങ്ങളൊരോന്നും ഓര്‍ത്തുവയ്ക്കാന്‍ പോലുമാവാതെ ഓര്‍മ്മകള്‍ വിഭ്രാന്തിയിലാവുന്നു. ഒടുവില്‍, കയ്യില്‍ തടഞ്ഞതും കണ്ണില്‍ തങ്ങിയതുമായ ബിംബങ്ങള്‍ കോര്‍ത്തുവയ്ക്കുമ്പോഴേക്കും ഒരു സൃഷ്ടിയായി. പിന്നെ, കെട്ടുകാഴ്ചകള്‍ക്കൊടുവില്‍ ക്ഷീണിച്ചവശനായി മരണത്തിലെന്ന പോലെ മനസ് പരമാനന്ദത്തില്‍ വിശ്രമിക്കുന്നു.

ചിന്തകള്‍ അമൂര്‍ത്തമാണ്. നിയതമായ വരമ്പുകളില്ലാത്ത ചിന്തകള്‍ക്ക് വാക്കുകളുടെ പരിവേഷം നല്‍കുമ്പോള്‍ വിജയിക്കണമെന്നില്ല. വിസ്തൃതി കുറഞ്ഞ് ഇടുങ്ങിയ തൂലിക കുഴലിലേക്ക് സൌരയൂഥത്തെ മുഴുവന്‍ മഷിപോലെ കുത്തിനിറക്കാന്‍ ശ്രമിക്കുന്നതു പോലെയാണത്. സൂര്യനും അതിന്‍റെ മനോഹാരിതയും തൂലികയ്ക്കുള്ളിലെ നിശ്വാസങ്ങള്‍ക്ക് വിഭിന്നമായി തന്നെ എന്നും നിലനില്‍ക്കും, കണ്ണുകള്‍ കൊണ്ട് സ്വയം കണ്ടറിയുന്നതുവരെ!

ചിന്തകള്‍ അക്ഷരങ്ങളായി കഴിഞ്ഞാല്‍ എഴുത്തുകാ‍രന്‍ മരിക്കുന്നു. അതിനാല്‍ സേതുലക്ഷ്മി എന്ന ഈ ബ്ലോഗിന്‍റെ പിന്നിലെ മാംസരൂപത്തിന് പ്രസക്തിയില്ല. മുന്‍‌വിധികള്‍ ഇല്ലാതിരിക്കാന്‍ മുഖംമൂടികള്‍ ഉചിതം. എങ്കിലും സേതുലക്ഷ്മിക്കും ഒരു വിലാസം വേണമല്ലോ! എഴുതുക: sethulakshmi.kutty@gmail.com

Visit: Sethulakshmi ’s website (A collection of articles, stories and poems)
Explore posts in the same categories: Speech

One Comment on “സേതുലക്ഷ്മിക്കും ഒരു വിലാസം”


  1. Dear Sethulakshmi,
    ഈ പേജിന്റെ സൈഡ് ബാറില്‍ പ്രൊഫൈല്‍ ചേര്‍ക്കണമെങ്കില്‍ Dashboard > Presentations > Widുet > Text Widget അതില്‍ ചേര്‍ക്കാവുന്നതാണ്.


Comment: