കുട്ടി തോറ്റു, അമ്മ ആത്മഹത്യ ചെയ്തു
നാമെല്ലാവരും ഏറെ നാള്‍ ആകാംഷയോടെ കാത്തിരുന്ന ആത്മഹത്യാ സീസണ്‍ ഒടുവില്‍ വന്നെത്തിയിരിക്കുന്നു. ഈ സീസണ്‍ ആരാണാവോ ഉദ്ഘാടനം ചെയ്യുക? പത്താം തരം, പ്ലസ് ടൂ, ബിരുധ, എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികളുടെ ആത്മഹത്യകള്‍ കണ്ട് ശരിക്കും പറഞ്ഞാല്‍ മടുത്തു. എല്‍കെജി മുതല്‍ എട്ടാം തരം വരെയുള്ള ആരെങ്കിലും ഈ സാഹസത്തിന് മുതിര്‍ന്നിരുന്നെങ്കില്‍ വാര്‍ത്തയ്ക്ക് പുതിയൊരു മാനവും കൊഴുപ്പും വരുമായിരുന്നു. എന്നാല്‍ ശരി. റെഡി…, വണ്‍…, ടൂ…, ത്രീ…!
“കുട്ടി തോറ്റു, അമ്മ ആത്മഹത്യ ചെയ്തു” – ഇങ്ങനെയൊരു വാര്‍ത്തയാണ് ശരിക്കും എനിക്ക് വായിക്കാന്‍ ഇഷ്ടം. “കുട്ടി തോറ്റു, അച്ഛന്‍ നാടുവിട്ടു” – ഇതും വലിയ തരക്കേടില്ല. “കുട്ടികള്‍ തോറ്റു, അധ്യാപകന്‍ മൊട്ടയടിച്ചു” – ഹിഹി ഇത് കലക്കി. അല്ലെങ്കില്‍ ഇങ്ങനെയായാലോ – “കുട്ടി തോറ്റു, അമ്മ കുട്ടിയെ കൊന്നു”. അതുവേണ്ട, ഇതിന് കുറച്ച് കൂടി പഞ്ച് കാണും – “കുട്ടി തോറ്റു, അച്ഛന്‍ അമ്മയെ കൊന്നു”. ആരെങ്കിലും എന്തെങ്കിലുമൊക്കെ ചെയ്യന്നേ…. മനുഷ്യനിവിടെ ബോറടിക്കുന്നു…
ഇക്കണക്കിന് പോയാന്‍ ഇതല്ല ഇതിനപ്പുറവും സംഭവിക്കുമെന്നതിന് സംശയം വേണ്ട. പരീക്ഷയില്‍ തോറ്റതിന് ആത്മഹത്യ ചെയ്യുന്നത് പോട്ടെ, എന്നാല്‍ പരീക്ഷ മൂലമുള്ള മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുന്നവര്‍ പോലുമുണ്ടെന്നതാണ് ഗൌരവമായ സംഗതി. 2006ല്‍ മാത്രം പരീക്ഷ മൂലമുണ്ടായ മാനസിക സമ്മര്‍ദ്ദം കൊണ്ട് മാത്രം 5857 പിള്ളേര്‍ ആത്മഹത്യ ചെയ്തെന്നാണ് ഏറ്റവും ഒടുവില്‍ വന്ന കണക്ക്.
ഒരു അന്തം വിടണമെന്നുണ്ടായിരുന്നു. ഒരു വിദേശിയായിരുന്നെങ്കില്‍ ഒരു ആനയോളം വരുന്ന അന്തം വിട്ട് മരിക്കാമായിരുന്നു. ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തവയുടെ കണക്ക് മാത്രമാണിത്. പരീക്ഷയില്‍ തോറ്റതിന്‍റെ മാനക്കേട് മാറ്റാന്‍ തല്ലിക്കൊന്ന ശേഷം ചെക്കന്‍ നാട് വിട്ടെന്ന പരാതി നല്‍കിയവരുടെ കഥകള്‍ക്കും, വീടിന് പുറത്താക്കിയ കേസുകള്‍ക്കും ഇന്നാട്ടില്‍ കണക്കോ റെക്കോര്‍ഡോ ഇല്ല.
നല്ല ഒന്നാന്തരം നാട്ടില്‍ പുറത്താണ് ഞാന്‍ ജനിച്ചത്. ഇക്കാലം വരെ അന്നാട്ടില്‍ പരീക്ഷാ പ്രശ്നത്തില്‍ ഒരു കുഞ്ഞെങ്കിലും ആത്മഹത്യ പോയിട്ട് വിഷം കഴിച്ചതായി പോലും ഞാന്‍ കേട്ടിട്ടില്ല. തുടര്‍ച്ചയായി നാല് തവണ പരീക്ഷയെഴുതിയ ശേഷം പത്താം തരം കടന്ന പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും വരെ എനിക്കറിയാം. അവരാരും ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിട്ട് പോലുമുണ്ടാവില്ല. മാര്‍ക്ക് വാങ്ങാനും ഒന്നാമനാവാനുമുള്ള അനാരോഗ്യകരമായ മാത്സര്യം അന്നാട്ടില്‍ ഇല്ലായിരുന്നു എന്നതാവും അതിന്‍റെ കാരണം. തന്നെയുമല്ല, വിദ്യാഭ്യാസമില്ലെങ്കിലും എന്തെങ്കിലും തൊഴില്‍ ചെയ്ത് അഭിമാനത്തോടെ ജീവിക്കാം എന്ന ചിന്താഗതിയുള്ളവരാണ് അന്നാട്ടിലെ ഭൂരിപക്ഷം ആള്‍ക്കാരും.
ചിലപ്പോഴൊക്കെ അതിശയപ്പെടാറുള്ള സംഗതി കൂടി പറയട്ടെ. ഞാന്‍ അഞ്ചാം തരത്തില്‍ പഠിക്കുമ്പോള്‍ എന്‍റെ അതേ ക്ലാസില്‍ സജി എന്നൊരു ചെക്കനുണ്ടായിരുന്നു. പഠനത്തില്‍ മാത്രമല്ല, എല്ലാ കാര്യങ്ങളിലും തിരുമണ്ടനായിരുന്നു കക്ഷി. മലയാളത്തിന് പോലും അമ്പതില്‍ ഒന്നും രണ്ടും മാര്‍ക്ക് വാങ്ങിയിരുന്ന സജിയ്ക്ക് മലയാളം എഴുതാനോ വായിക്കാനോ അറിയില്ലായിരുന്നു. അന്നൊക്കെ അവനോട് എനിക്ക് കഷ്ടം തോന്നിയിരുന്നു. എങ്ങനെ ഇവന്‍ പത്താം തരം കടക്കും? ദൈവാദീനം കൊണ്ട് സജി അഞ്ചാം ക്ലാസില്‍ വച്ച് തന്നെ പഠനം ഉപേക്ഷിച്ചു. പിന്നെ പത്ത് പതിനഞ്ച് വര്‍ഷത്തേക്ക് അവനെ ഞാന്‍ കണ്ടിട്ടേയില്ല. എന്നാല്‍ യാദൃശ്ചികമായി ഒരു ദിവസം ഞാന്‍ അവനെ കണ്ടു. എന്നെ കണ്ടപ്പോള്‍ അടുക്കല്‍ ഓടിവന്നു, ഒരു കത്തും കൈയില്‍ തന്നു. അതവന്‍റെ വിവാഹക്ഷണക്കത്തായിരുന്നു. അഞ്ചാം തരത്തില്‍ ഒരുമിച്ച് പഠിച്ചയാളുടെ കല്യാണത്തിന് പോകാനുള്ള കൊതികൊണ്ട് വിവാഹത്തലേന്ന് ഞാന്‍ അവിടെ പോയി. ശരിക്കും ഞെട്ടി എന്ന് പറഞ്ഞാല്‍ മതിയല്ലോ, രണ്ട് നിലയുള്ള കൊട്ടാരം പോലൊരു വീട്. കക്ഷി അവിടുത്തെ വലിയ ബിസിനസ്മാനാണ്. ഇല്ലാത്ത സൌകര്യങ്ങള്‍ ഒന്നുമില്ല. ആ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍, പണ്ടേ പഠനം നിര്‍ത്തി ബിസിനസ് തുടങ്ങിയാല്‍ മതിയായിരുന്നെന്ന് എനിക്ക് തോന്നി. പരീക്ഷയില്‍ തോറ്റത് കൊണ്ടോ, മാര്‍ക്ക് കിട്ടാത്തതുകൊണ്ടോ ജീവിതം അവസാനിച്ചുവെന്ന ചിന്ത മത്തങ്ങത്തലയന്‍മാരുടെ തലയിലേ ഉദിക്കൂവെന്ന് അന്ന് ഞാന്‍ പഠിച്ചു.
ജീവിതത്തിലെ യാഥാര്‍ത്ഥ്യങ്ങളെ കുറിച്ച് ശരിയായ അവബോധമോ ഉള്‍ക്കാഴ്ചകളോ ഇല്ലാത്ത മാതാപിതാക്കളാണ് കുട്ടികളെ ആത്മഹത്യയിലേക്ക് തള്ളി വിടുന്നതെന്നതാണ് എന്‍റെ വ്യക്തിപരമായ വിലയിരുത്തല്‍. ആരോഗ്യകരമായ കുടുംബത്തില്‍ ആരോഗ്യവാന്‍മാരായ കുട്ടികള്‍ ഉണ്ടാവുന്നു എന്ന് പറയുന്നത് ശരിയാണെങ്കില്‍, കുട്ടികള്‍ വഴിതെറ്റുന്നതിനുള്ള സുപ്രധാന കാരണം പിടിപ്പുകേടില്ലാത്ത മാതാപിതാക്കള്‍ തന്നെയാണ്. കുട്ടികളെ കുറ്റം പറഞ്ഞിട്ട് കാര്യമൊന്നുമില്ല. ഇന്നത്തെ ഹൈടെക്ക് മാതാപിതാക്കന്‍മാരെ കുറിച്ച് ഞാന്‍ പ്രത്യേകിച്ച് വിശദീകരിക്കേണ്ട കാര്യവുമില്ലല്ലോ!
പരീക്ഷയുടെ പേരില്‍ ഏതെങ്കിലുമൊരു കുട്ടി ആത്മഹത്യ ചെയ്യുകയോ അതിന് ശ്രമിക്കുകയോ ചെയ്താല്‍, ആത്മഹത്യാ പ്രേരണാകുറ്റത്തിന് അവന്‍റെ മാതാപിതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ നിയമഭേദഗതി ചെയ്യണമെന്നാണ് എന്‍റെ ശക്തമായ ആവശ്യം. കുട്ടികളെ പന്നികളായി മാത്രം വളര്‍ത്താതെ, അത്യാവശ്യം യാഥാര്‍ത്ഥ്യബോധവും പക്വതയും നല്‍കാന്‍ കഴിയാത്ത മാതാപിതാക്കള്‍ ദയവ് ചെയ്ത് കുട്ടികളെ സ്കൂളില്‍ അയയ്ക്കരുത്. വല്ല തൊഴുത്തിലോ, പട്ടിക്കൂട്ടിലോ നിങ്ങള്‍ക്ക് കുട്ടികളെ കെട്ടിയിടാം. സമയാസമയം കാടി വെള്ളവും കലക്കിക്കൊടുക്കാം. അത്യാവശ്യം കുരക്കുന്ന ഒരു നായയായിട്ടെങ്കിലും ഭാവിയില്‍ നിങ്ങള്‍ക്ക് അവരെ ഉപയോഗിക്കാനാവും. അല്ലാതെ, കുട്ടികളെ വെറുതേ മാനസികമായി പീഡിപ്പിച്ച് ഒന്നിനും കൊള്ളാത്ത പശുവിന്‍കോടിയായി കെട്ടിത്തൂക്കരുത്.