ഈ പെണ്ണുങ്ങളെ എന്തുചെയ്യും!
പെണ്ണുങ്ങളെ കൊണ്ട് പൊറുതിമുട്ടിയെന്ന് പറഞ്ഞാല്‍ മതിയല്ലോ! രാത്രി എട്ട് മണിയായാല്‍ ഇവളുമാരുടെ ശല്യം കാരണം ഉറങ്ങാന്‍ പോലും കഴിയുന്നില്ല. ക്ഷീണം തീര്‍ക്കാന്‍ ഒന്ന് കിടക്കാമെന്ന് വച്ചാന്‍ അപ്പോ തുടങ്ങും ചെവിയില്‍ വന്ന് കിന്നാരം പറയാനും, കൈയിലും കാലിലും നുള്ളിപ്പറിച്ച് സ്വൈര്യം കെടുത്താനും. ഇവറ്റകളുടെ ശല്യം കാരണം പാതിരാത്രി ടെറസില്‍ പോയിരുന്നു. പായ വിരിച്ച് അവിടെ കിടക്കാമെന്ന് വച്ചാല്‍ അവിടെയുമെത്തും, ‘തള്ളേ ശിവാ’ എന്ന് പറഞ്ഞ് കൂടെക്കിടന്ന് ഇക്കിളിയുണ്ടാക്കും.
രണ്ട് ദിവസം വാതിലും ജനലും നേരത്തേ തന്നെ കുറ്റിയിട്ട് അകത്തിരുന്നു. എന്നിട്ടും രക്ഷയില്ല. മറ്റുള്ളവന്‍റെ സ്വൈര്യം കെടുത്താനും ഉപദ്രവിക്കാനും പ്രത്യേക ത്രില്ലാണെല്ലോ! മുറി മുഴുവന്‍ പുകച്ച് പുറത്ത് ചാടിക്കാന്‍ നോക്കി. ഒന്ന് രണ്ട് മണിക്കൂര്‍ വലിയ ശല്യമുണ്ടായില്ല. അത് കഴിയുമ്പോള്‍ കാര്യം തഥൈവ. ഒരു പത്തിരുപത്തെഞ്ച് പെണ്ണുങ്ങള്‍ ഒരു കാര്യവുമില്ലാതെ മനുഷ്യനെ ഉപദ്രവിക്കാന്‍ വേണ്ടി മാത്രം കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. ശരിക്കൊന്ന് ഉറങ്ങിയിട്ട് തന്നെ അഞ്ചാറ് ദിവസമായി.
നിസഹായനായി ഇരുന്ന് കൊടുക്കുകയെന്നല്ലാതെ ഒന്ന് തോടാന്‍ പോലും പറ്റുന്നില്ല. അടിക്കാനോ മറ്റോ കയ്യെടുത്താല്‍ കുറച്ച് നേരത്തേക്ക് പൊടിപോലും കിട്ടില്ല. കക്കാന്‍ മാത്രമല്ല, നിക്കാനും പഠിച്ചവരാണ് പെണ്ണുങ്ങള്‍. അതവരുടെ സ്വഭാവത്തിലും വ്യക്തമാണെല്ലോ! എത്ര സൂഷ്മതയോടെ പതിയിരുന്നാലും, തക്ക സമയത്തിന് രക്ഷപ്പെടാനുള്ള ടൈമിംഗ് സമ്മതിക്കണം. ഓങ്ങിയ അടി പാഴായിപ്പോയതില്‍ ഇളിഭ്യനായിരിക്കുമ്പോള്‍, കതകിന്‍റെ ഇടയില്‍ പോയി നിന്ന് കൂക്കി വിളിക്കും, പിന്നെ പിന്നില്‍ നിന്ന് കുത്തി വൈരാഗ്യം തീര്‍ക്കും. രക്തം ഊറ്റിക്കുടിക്കുന്ന ഈ സ്വഭാവം പെണ്ണുങ്ങളുടെ സാര്‍വ്വത്രീക സ്വഭാവമാണെന്നാണ് തോന്നുന്നത്. എത്ര വയറുനിറഞ്ഞാലും വിട്ടുപോകാതെ രാത്രി മുഴുവന്‍ കുത്തിനോവിക്കുന്നതിന് പിന്നിലെ സൃഷ്ടി രഹസ്യമാണ് ഇനിയും മനസിലാവാത്തത്.
എത്ര മൃദുലമായിട്ടാണ് ഈ പെണ്ണുങ്ങള്‍ ദേഹത്ത് വന്നിരിക്കുന്നത്. പുഷ്പദലങ്ങള്‍ പോലെയാണ് വന്നിരിക്കുന്നതെങ്കിലും ശരിക്കുള്ള സ്വഭാവം സ്വല്‍പ്പം കഴിഞ്ഞാലേ മനസിലാവൂ. എത്ര തൊലിക്കട്ടിയുള്ളവനാണെങ്കിലും കടിയ്യേറ്റാല്‍ ഒന്ന് ഞെളിയും. കരിമ്പടം കൊണ്ട് പുതച്ചാലും മനുഷ്യന്‍ കാണാത്ത വിടവുകള്‍ കണ്ടുപിടിച്ച് അകത്ത് കടക്കും, പിന്നെ തലസ്ഥാനത്ത് തന്നെ കടിക്കും. കട്ടിലില്‍ എഴുന്നേറ്റിരുന്ന്, കാക്കുടുക്കയില്‍ കയ്യും വച്ച്, ക്ലോക്കും നോക്കിയിരിക്കാമെന്നാതെ ഒന്നും നടപ്പില്ല. ഒരിക്കല്‍ കടിച്ചാല്‍, കടി കൊണ്ട് സ്ഥലം നീറും, ചുവന്ന് തടിക്കും. നീറ്റല്‍ മാത്രം മതി ബാക്കിയുള്ള ഉറക്കം പാഴാവാന്‍.
ശരിക്കും പറഞ്ഞാല്‍ ആണുങ്ങള്‍ തന്നെയാണ് ഭേദം. ആണുങ്ങള്‍ ഇതുപോലെ ഉഷ്ണരക്തമുള്ള ജീവികളുടെ രക്തം ഊറ്റിക്കുടിക്കില്ലല്ലോ! കണ്ട കുശുമ്പും കുന്നായ്മയും കുത്തിവച്ച് ഇല്ലാത്ത പങ്കപ്പാടുകള്‍ ഉണ്ടാക്കില്ലല്ലോ! സര്‍വ ചരാചരങ്ങളിലും അപകടകാരി പെണ്ണ് തന്നെയാണ്. ‘നേരെ വാ നേരെ പോ’ – ഇതാണ് ആണുങ്ങളുടെ സ്വഭാവം, ഇതുപോലെ ഒളിഞ്ഞും തെളിഞ്ഞ് അവര്‍ മനുഷ്യനെ ഉപദ്രവിക്കില്ല. സ്വരക്ഷയ്ക്ക് വേണ്ടി ഒരു ചീറിയാലും ചെയ്യേണ്ടി വന്നാലും ആണുങ്ങള്‍ ഇവളുമാരെ പോലെ ഒന്നും മനസില്‍ വയ്ക്കില്ല. ഉള്ളത് കൊണ്ട് തൃപ്തിപ്പെടാന്‍ പെണ്ണിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല. ജീവിക്കാനാണെങ്കില്‍ എന്തുമാത്രം വഴികളാണുള്ളത്. മറ്റുള്ളവന്‍റെ മെക്കിട്ട് കേറാനും അവിടെ നിന്ന് തല്ല് വാങ്ങി ചാവാനുമാണ് പെണ്ണിന്‍റെ വിധി. എന്തിന് കുറ്റപ്പെടുത്തണം, കാണാപ്പാഠം പഠിച്ചതല്ലേ പാടൂ…!
മാര്‍ച്ച് 16, 2008 at 5:13 pm
സേതുലക്ഷ്മി,
ഒരു ആണ്‍ പക്ഷ നര്‍മ്മചിന്തയാണല്ലോ!!!
നന്നായിരിക്കുന്നു.