ഹോക്കി കൊണ്ട് പല്ല് കുത്തുന്നു

ഇന്ത്യന്‍ ഹോക്കി ടീം ഒളിമ്പിക്സില്‍ യോഗ്യത നേടാതെ പുറത്തായതോടെ പൊട്ടിപ്പുറപ്പെട്ട വിവാദങ്ങളുടെ പൊട്ടലും ചീറ്റലും ഒരു വലിയ ദുരന്തത്തില്‍ കലാശിക്കുമോ എന്ന ഭയമാണ് ഈ കുറിപ്പിന് പിന്നിലുള്ളത്. എട്ടു തവണ ഒളിമ്പിക്‌സ്‌ സ്വര്‍ണം കരസ്ഥമാക്കിയ ഇന്ത്യ കഴിഞ്ഞ 80 വര്‍ഷത്തിനിടയില്‍ ആദ്യമായി ഒളിമ്പിക്സില്‍ നിന്ന് പുറത്തിരിക്കേണ്ടി വന്നത് ഒരു ‘ദേശീയ അപമാനം’ തന്നെയാണ്. എന്നാല്‍ അതിലും വലിയ അപമാനമാണ് ഇന്ത്യയുടെ ചീഫ്‌ കോച്ച്‌ ജോക്കിം കാര്‍വാലോ ഉണ്ടാക്കി വച്ചിരിക്കുന്നത്.

ഇന്ത്യ ഒളിമ്പിക്‌സിന്‌ യോഗ്യത നേടാതിരുന്നതിനു പിന്നില്‍ അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍റെ ഗൂഢാലോചനയാണെന്നാണ് അദ്ദേഹം ഉന്നയിക്കുന്ന ഏറ്റവും പുതിയ വാദം. തോറ്റ് തുന്നം പാടിയയുടനെ കളിക്കാരെയും, കുറച്ച് കഴിഞ്ഞ് അമ്പയര്‍മാരെയും പഴിച്ച ഈ വിദ്വാന് ഇപ്പോള്‍ കിട്ടിയിരിക്കുന്നത് ഒരു ഗൂഢാലോചനയുടെ കഥ. ഈ ആരോപണം ഇന്ത്യന്‍ ഹോക്കിയില്‍ ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതത്തെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യാതെ വെറുതേ പല്ല് കുത്തി നാറ്റിക്കുകയാണ് നമ്മുടെ ഇന്ത്യന്‍ കോച്ച്.

ഇന്ത്യയുടെ യഥാര്‍ഥ കളി പുറത്തെടുക്കാന്‍ അമ്പയര്‍മാരും ടൂര്‍ണമെന്‍റ് സംഘാടകരും സമ്മതിച്ചില്ലെന്ന് അദ്ദേഹം പറയുന്നു. ഇന്ത്യക്കെതിരെ ഇവരെല്ലാം പക്ഷപാതം കാണിച്ചുവെന്നതിന് ലീഗ് മുതലുള്ള കളികളെ കുറിച്ച് അദ്ദേഹം സവിസ്താരം വിവരിക്കുകയും ചെയ്യുന്നു. എന്നാല്‍ ഫൈനലില്‍ ഇന്ത്യന്‍ ടീം വരുത്തിയ നിര്‍ണായക പിഴവുകള്‍ അദ്ദേഹം സൌകര്യപൂര്‍വം ഇപ്പോള്‍ മറന്നിരിക്കുകയാണ്. തോല്‍‌വിയെ തികഞ്ഞ സ്പോര്‍ട്ട്‌സ്മാന്‍ സ്പിരിറ്റോടു കൂടി എടുക്കുന്നതിന് പകരം, പ്രശ്നം രാഷ്ട്രീയവല്‍ക്കരിച്ച് സ്വരക്ഷയ്ക്ക് വേണ്ടി പറഞ്ഞുകൂട്ടുന്ന ഇത്തരം വിവരക്കേടുകള്‍ നാടിനും ഹോക്കിക്കും പേരുദോഷം വരുത്തുക മാത്രമേ ചെയ്യൂ.

പിന്നെ, അന്താരാ‍ഷ്ട്ര ഫെഡറേഷനും അമ്പയര്‍മാരും പക്ഷപാതം കാണിച്ചുവെന്ന് തന്നെ ഇരിക്കട്ടെ! ഇതേ പക്ഷപാതം തന്നെയല്ലേ ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമും അനുഭവിച്ചത്? എന്നിട്ടെന്തായി! ഹോക്കി ടീം അനുഭവിച്ചതിനേക്കാള്‍ വലിയ മാനസിക സമ്മര്‍ദ്ദമായിരുന്നില്ലേ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഓസ്ട്രേലിയയില്‍ അനുഭവിച്ചത്? എന്നിട്ടും കാട്ടാളന്‍‌മാരുടെ പേശീബലമുള്ള ഓസ്ട്രേലിയക്കാരെ കെട്ടുകെട്ടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ഉയരം കൂടുന്തോറും വീഴ്ച്ചയുടെ ആഘാതവും കൂടും എന്ന് പറയുന്നത് പോലെ, ‘ഹോക്കിയെന്നാല്‍ ഇന്ത്യ’ എന്ന ഉച്ചസ്ഥായിയില്‍ നിന്നുള്ള വീഴ്ച അതിഭീകരമായിരുന്നു. വീണത് വീണു, വീണിടത്ത് നിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിക്കാതെ, അവിടെക്കിടന്ന് പുലമ്പുന്നത് നല്ല കായികതാരത്തിന് ചേര്‍ന്നതല്ല.

ഇന്ത്യന്‍ ഹോക്കി താരങ്ങളെ ഇവിടെ ആരും പഴിക്കുന്നില്ല. വിജയം എന്നത് ആരുടേയും കുത്തകയൊന്നുമല്ല. എന്നാല്‍ തോറ്റ് തുന്നം പാടി വന്ന ശേഷം ‘ഞങ്ങള്‍ തിരിച്ചുവരും’ എന്ന് കോച്ചും ഹോക്കി ടീമംഗങ്ങളും ഒറ്റ സ്വരത്തില്‍ പ്രഖ്യാപിച്ചാല്‍ എല്ലാം തീര്‍ന്നു. തോറ്റതിന്‍റെ പേരില്‍ ടീമിനെ ആരെങ്കിലും കഴുവേറ്റാനും പോകുന്നില്ല. എന്നാല്‍ ഇപ്പോള്‍ പറയുന്ന വിമര്‍ശനങ്ങള്‍ കേള്‍ക്കുമ്പോള്‍ പഴിച്ചുപോവുകയാണ്. ഇന്ത്യന്‍ കോച്ചിന്‍റെ ഗൂഢാലോചനാ ആരോപണത്തിനെതിരെ അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ എന്തെങ്കിലും നടപടിയെടുക്കുമോ എന്ന കാര്യം കണ്ട് തന്നെയറിയണം. അങ്ങനെ എന്തെങ്കിലും നടപടിയോ പ്രസ്താവനയോ ഉണ്ടായാല്‍ അത് ഇന്ത്യന്‍ ഹോക്കിയുടെ തീരാക്കങ്കളമായിരിക്കും.

തോല്‍‌വിയുടെ പേരില്‍ വിമര്‍ശനമുന്നയിച്ച മുന്‍ ഹോക്കി താരങ്ങളെ ‘കരച്ചില്‍ തൊഴിലാളികള്‍’ എന്ന് വിളിക്കാന്‍ ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്‍റെ അധ്യക്ഷനായ കെ‌പി‌എസ്‌ ഗില്ലിന് എങ്ങനെ തോന്നിയെന്ന് എത്രയാലോചിച്ചിട്ടും മനസിലാവുന്നില്ല. അവസരം കിട്ടുമ്പോഴൊക്കെ നെഞ്ചത്തടിക്കാനും കൂക്കിവിളിക്കാനും കരയാനും മാത്രമേ മുന്‍ ഒളിമ്പ്യന്‍‌മാരായ കരച്ചില്‍ തൊഴിലാളികള്‍ക്ക് അറിയൂവെന്നാണ് അയാള്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇവരൊക്കെ കരഞ്ഞതിന്‍റെയും നെഞ്ചത്തടിച്ചതിന്‍റെയും ഫലമായിട്ടാണ് ഇന്ത്യ എട്ട് തവണ ഒളിമ്പിക്സ് സ്വര്‍ണം നേടിയെന്ന കാര്യം ഈ മാന്യന്‍ മറന്നു.

ഇന്ത്യന്‍ ഹോക്കിക്കുള്ളില്‍ ഇത്രയും കാലം മറഞ്ഞിരുന്ന അഹന്തയും രാഷ്ട്രീയവും മറനീക്കി പുറത്തുവന്നു എന്ന് വേണം കരുതാല്‍. ഒരു ദേശീയ ഗെയിമായിട്ടും ഹോക്കി ഇന്ത്യയില്‍ പച്ചപിടിക്കാതിരിക്കുന്നതിനുള്ള കാരണവും ഇതൊക്കെ തന്നെയായിരിക്കും.

Explore posts in the same categories: Review

Comment: