കുന്നുകൂടിയ ഹാജര്‍ ബുക്കുകള്‍

ഭൂഗുരുത്വാകര്‍ഷണത്തെ കുറിച്ചായിരുന്നു അന്നത്തെ ക്ലാസ്. പുതുതായി വന്ന അധ്യാപകന്‍ കുട്ടികളുടെ ഇഷ്ടനിഷ്ടങ്ങള്‍ കണ്ടും കേട്ടും മനസിലാക്കി പാഠം സവിസ്താരം വിവരിക്കുകയാണ്. ‘ഗുരുത്വാകര്‍ഷണം’ പോയിട്ട് ‘ആകര്‍ഷണം’ എന്തെന്ന് പോലും മനസിലാക്കാന്‍ പരുവമാവാത്ത ക്ലാസിലെ കുട്ടികള്‍ പുതുതായി വന്ന മാഷിന്‍റെ ഗോഷ്ടികളിലും ഭാവവ്യതിയാനങ്ങളിലും രസം പൂണ്ട് ശ്രദ്ധിച്ചിരുന്നു. കുട്ടികള്‍ സശ്രദ്ധം തന്‍റെ ക്ലാസില്‍ മുഴുകിയിരിക്കുന്നത് കണ്ട് മാഷിനും സന്തോഷമായി. സ്കൂളിലെ മാതൃകാധ്യാപകനുള്ള സ്വര്‍ണ മെഡല്‍ വാങ്ങിയ ഹെഡ്മാസ്റ്ററെ പോലെ മാഷ് അഭിമാനപൂര്‍വം ക്ലാസ് തുടര്‍ന്നു.

“മാഷേ! പറക്കണ പക്ഷി ഭൂഗുരുത്വാകര്‍ഷണം മൂലം താഴേയ്ക്ക് വീഴാത്തതെന്താ?” ഓര്‍ക്കാപ്പുറത്തു നിന്നുള്ള ചോദ്യം കേട്ട് മാഷ് അമ്പരന്നു. രണ്ടാമത്തെ ബഞ്ചില്‍ കുട്ടിയുടുപ്പും നിക്കറുമിട്ടിരിക്കുന്ന ചോദ്യകര്‍ത്താവിന്‍റെ ഇളം മുഖത്തേക്ക് മാഷ് സൂക്ഷിച്ച് നോക്കി. “മിടുക്കന്‍!” മാഷും വിട്ടുകൊടുത്തില്ല. പഠനത്തില്‍ ചോദ്യം ചോദിക്കുന്നതിന്‍റെ പ്രധാന്യത്തെ കുറിച്ചായി മാഷിന്‍റെ അടുത്ത അധ്യായം മുഴുവന്‍. പ്രസംഗം കഴിഞ്ഞപ്പോള്‍ മാഷ് ആ കുട്ടിയോട് എഴുന്നേല്‍ക്കാല്‍ പറഞ്ഞു. ചോദ്യം ചോദിച്ചത് കുഴപ്പമായോ എന്ന ഭയപ്പാടോടെ കുട്ടി പതുക്കെയെഴുന്നേറ്റു. “എന്താ നിന്‍റെ പേര്?” -  മാഷ് ചോദിച്ചു. “വീട്ടില്‍ ഉണ്ണി, സ്കൂളില്‍ ഉണ്ണിക്കുട്ടന്‍” – കുട്ടി ഒറ്റ വായില്‍ പറഞ്ഞു. “ശരി, ഉണ്ണിക്കുട്ടന്‍ നാളെ വരുമ്പോള്‍ ഈ ചോദ്യത്തിന്‍റെ ഉത്തരം സ്വയം കണ്ടുപിടിച്ച് വരണം. പിന്നെ മറ്റുള്ള കുട്ടികള്‍ക്ക് പറഞ്ഞും കൊടുക്കണം.” – മാഷ് മൊഴിഞ്ഞു. പുതുമയാര്‍ന്ന ഗൃഹപാഠം കേട്ട കുട്ടി തലചൊറിഞ്ഞ് ബഞ്ചിലിരുന്നു.

“അമ്മേ! പറക്കണ പക്ഷി ഭൂഗുരുത്വാകര്‍ഷണം മൂലം താഴേയ്ക്ക് വീഴാത്തതെന്താ?” അന്ന് രാത്രി കുട്ടി ആകാംഷയോടെ അമ്മയോട് ചോദിച്ചു. അമ്മയ്ക്ക് ഒന്നും മനസിലായില്ല. “കുരുത്തക്കേട് പറയാതെ കഞ്ഞി കുടിക്കെടാ” – അമ്മ ശകാരിച്ചു. അമ്മയുടെ ചീത്തവിളി കേള്‍ക്കാന്‍ മാത്രം വലിയ കുരുത്തക്കേടാണോ ഞാന്‍ ക്ലാസില്‍ ചോദിച്ചത്? കുട്ടി ആകെ വിഷമിച്ചു. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അവന് ഉറക്കം വന്നില്ല. പുതിയ മാഷിനെ അപമാനിച്ചതിലുള്ള ദുഃഖം അവനെ അലട്ടുന്നുണ്ടായിരുന്നു.

“മാഷ് എന്നോട് പൊറുക്കണം.” പിറ്റേന്ന് മാഷിനെ പിടിച്ച് നിര്‍ത്തി എടുത്ത പാടേ പറഞ്ഞു. അപ്രതീക്ഷിതമായ ക്ഷമാപണവും സ്ഥൈര്യം കലര്‍ന്ന വാക്കുകളും കേട്ട് മാഷിന് കൌതുകം തോന്നി. എന്താ ഉണ്ണിക്കുട്ടാ?  – മാഷ് ചോദിച്ചു. കുട്ടിയുടെ മനസില്‍ മുതിര്‍ന്നവര്‍ വളര്‍ത്തുന്ന തെറ്റിദ്ധാരണകളുടെ കഥയറിഞ്ഞ് മാഷിനും ദുഃഖം തോന്നി. പിന്നെ ഉണ്ണിക്കുട്ടന്‍റെ കൈയും പിടിച്ച് മാഷ് ക്ലാസിലേക്ക് നടന്നു.

ഉണ്ണിക്കുട്ടന്‍റെ കൈയും പിടിച്ചുള്ള മാഷിന്‍റെ നടത്തം കണ്ട് സ്റ്റാഫ് റൂമില്‍ വല്ലാത്ത കുശുകുശുപ്പ്. കുശുകുശുപ്പിന് രഹസ്യം പ്യൂണ്‍ വഴി ഹെഡ്മാസ്റ്ററിലേക്കും, തൂപ്പുകാരി വഴി അടുത്തുള്ള ചായക്കടയിയിലേക്കും വരെ പ്രചരിച്ചു. കാര്യഗ്രാഹ്യമില്ലാത്ത സ്കൂള്‍ കുട്ടികള്‍ മാത്രം ഒന്നും അറിഞ്ഞില്ല. ആദ്യത്തെ പീരീഡ് കഴിഞ്ഞ് മാഷ് സ്റ്റാഫ് റൂമില്‍ കാലെടുത്ത് വച്ചതും പഴയ കുശുകുശുപ്പ് വീണ്ടും ആവര്‍ത്തിച്ചു. “മാഷേ, ആ ഉണ്ണിക്കുട്ടന്‍ എന്ന കുട്ടിയുമായുള്ള ലോഹ്യം അത്ര നല്ലതല്ല കേട്ടോ?” – മനസില്‍ കളങ്കമില്ലാത്ത ഏതോ ഒരു ടീച്ചര്‍ തുറന്നടിച്ചു. “ഉണ്ണിക്കുട്ടന്‍ മിടുക്കനാ, മിടുമിടുക്കന്‍. നല്ല ബുദ്ധിയും പക്വതയുമുള്ള കുട്ടി” – മനസില്‍ തൊട്ട സത്യം മാഷും പങ്കുവച്ചു. “അതൊക്കെ ശരിയായിരിക്കാം, പക്ഷേ മാഷീ സ്കൂളിന് വെറുതെ നാണക്കേടുണ്ടാക്കരുത്.” മാഷിന് ഒന്നും മനസിലായില്ല.

കുശാഗ്ര ബുദ്ധിയും കുറുക്കന്‍റെ കണ്ണുകളുമുള്ള പ്യൂണ്‍ കാര്യങ്ങളുടെ കിടപ്പുവശം മാഷിന് നന്നായി ബോധിപ്പിച്ചുകൊടുത്തു. മാഷ് ചിന്താകുലനായി. സ്കൂള്‍ വിട്ടിറങ്ങുമ്പോള്‍ മാഷിന്‍റെ മനസ് നിറയെ ഉണ്ണിക്കുട്ടന്‍ മാത്രമായിരുന്നു. എത്ര നല്ല കുട്ടി. ഇതല്‍പ്പം കടന്ന കയ്യായിപ്പോയി. അധ്യാപകന്‍‌മാര്‍ കുട്ടികളോട് പക്ഷപാതം കാണിക്കാന്‍ പാടില്ലാത്തതാണ്. മാഷിന്‍റെ മനസ് മുഴുവന്‍ ചോദ്യങ്ങള്‍ മാത്രമായിരുന്നു. പുതുതായി വന്ന മാഷിന്‍റെ മ്ലാനമായ മുഖവും നടത്തവും കണ്ട് ചായക്കടയില്‍ തൂക്കിയ നേത്രന്‍‌കുലകള്‍ക്കിടയിലൂടെ ചില കണ്ണുകള്‍ നീണ്ടുവന്നു. “പുതിയ മാഷല്ലേ! എല്ലാം മനസിലാക്കി വരുന്നതല്ലേയുള്ളൂ” – ചായക്കടയില്‍ കുശുകുശുപ്പുയര്‍ന്നു.

“മാഷിന്‍റെ വീട് ഈ ഭാഗത്താണോ?” സാമാന്യം വലിപ്പമുള്ള തോടിന് കുറുകേയിട്ട തെങ്ങിന്‍‌തടിയില്‍ സശ്രദ്ധം കാലുകളുറപ്പിച്ച് തോടുകടക്കുമ്പോള്‍ പിന്നില്‍ നിന്ന് കേട്ട ചോദ്യം കേട്ട് മാഷ് മെല്ലെ തിരിഞ്ഞു. “ഹാ, ഉണ്ണിക്കുട്ടനായിരുന്നോ! ഞാന്‍ നിന്നെ കുറിച്ച് ഓര്‍ത്തതേയുള്ളൂ.” തോട് കടന്നയുടനെ ഉണ്ണിക്കുട്ടന്‍ ഒരു കൂസലും കൂടാതെ ചോദ്യം വീണ്ടും ആവര്‍ത്തിച്ചു. “ഇവിടെ അടുത്താ, എന്താ വരുന്നോ” – മാഷ് വെറുതേ ചോദിച്ചു. “ഇല്ല, പിന്നെയാവാം. അതാണ് എന്‍റെ വീട്!” തോടിന് സമീപമുള്ള പാടത്തിനക്കരെ ഒറ്റപ്പെട്ടുകിടക്കുന്ന വീട് ചൂ‍ണ്ടിക്കാട്ടി ഉണ്ണിക്കുട്ടന്‍ പറഞ്ഞു. മാഷിന്‍റെ കണ്ണുകള്‍ ആ കുഞ്ഞുവിരലുകളെ അനുഗമിച്ചു. ഉണ്ണിക്കുട്ടനെ വീട്ടിലേക്കയച്ച് ശരവേഗത്തില്‍ മാഷ് നടപ്പ് തുടര്‍ന്നു.

നാലഞ്ച് പാടങ്ങള്‍ക്ക് അപ്പുറമുള്ള തെങ്ങിന്‍ തോട്ടത്തിലെ വാ‍ടകവീടില്‍ നിന്നാല്‍ മാഷിന് ഉണ്ണിക്കുട്ടന്‍റെ വീട് നന്നായി കാണാം. ഉണ്ണിക്കുട്ടന്‍റെ വീട്ടില്‍ വിളക്കണഞ്ഞിരുന്നില്ല. വരാന്തയില്‍ തൂക്കിയ രാന്തല്‍‌വിളക്കിന്‍റെ വെളിച്ചത്തില്‍ ഉണ്ണിക്കുട്ടന്‍ കുറച്ച് നേരം പഠിക്കുന്നത് കാണാം. പിന്നെ, പാതിരായോളം ആരൊക്കെയോ അവിടെ വന്നുപോകുന്നതും കാണാമായിരുന്നു.

മാഷിന് ഉറക്കം വന്നില്ല. കത്തിച്ച വിളക്കിന് മുന്നില്‍ മാഷ് ഏറെ നേരം ആലോചിച്ചിരുന്നു. അധ്യാപകന്‍ ദൈവതുല്യനാണെന്ന് പറയുന്നതൊക്കെ ശരിയാണ്. എങ്കിലും അയാളും ഒരു മനുഷ്യനല്ലേ! സങ്കുചിതമായ സാമൂഹിക ചുറ്റുപാടുകളുടെ സമ്മര്‍ദ്ദം കുട്ടികളെക്കാള്‍ അനുഭവിക്കേണ്ടി വരുന്നത് പലപ്പോഴും അധ്യാപകന്‍‌മാര്‍ക്കാണ്. പാഠം ചൊല്ലിക്കൊടുക്കുന്ന ഗുരു മാത്രമല്ല‍, സമൂഹത്തിനും യുവതലമുറയ്ക്കും മാതൃകാപുരുഷനുമാണ് അധ്യാപകന്‍. സമൂഹം എപ്പോഴും മറ്റൊരു കണ്ണുകളിലൂടെ അധ്യാപകനെ നോക്കിക്കൊണ്ടിരിക്കുന്നത്. ഒരു ശരാശരി മനുഷ്യനെന്നതിലുപരി, കുട്ടികള്‍ക്ക് വിജ്ഞാനം പകരുന്ന അധ്യാപകന്‍ സാമൂഹിക പ്രതിബദ്ധതകള്‍ക്ക് കീഴ്പ്പെട്ടവനാണ്. സ്കൂളടച്ചാലും അധ്യാപകന്‍ അധ്യാപകന്‍ തന്നെ. ‘മാഷ്’ എന്ന വിളിപ്പേര് അയാളുടെ വ്യക്തിത്വമാവും സ്വഭാവുമാവുന്നു. അധ്യാപകനെ ഉപദേശിക്കാന്‍ ഇടവരുത്തരുത്. ഉത്തരമില്ലാത്ത കുട്ടികള്‍ പരീക്ഷയില്‍ തോല്‍ക്കണമെന്നില്ല, എന്നാല്‍ ഉത്തരമറിയാത്ത അധ്യാപകന്‍ സമൂഹത്തിന്‍റെ മുന്നില്‍ പരാജയപ്പെടുന്നു, എന്നന്നേക്കുമായി ഒറ്റപ്പെടുന്നു. ഈ സാമൂഹിക ഉത്തരവാദിത്തങ്ങള്‍ സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വിലങ്ങുതടിയാവുമെങ്കിലും, അധ്യാപകന് മറ്റ് മാര്‍ഗമൊന്നുമില്ല. അയാളുടെ സ്വകാര്യജീവിതം പോലും തുറന്ന പുസ്തകം പോലെ സമൂഹം വിലയിരുത്തുന്നു. ഇവിടെ അധ്യാപകന്‍ നിസ്സഹായനാവുന്നു. ഉണ്ണിക്കുട്ടന്‍ മിടുക്കനാണ്, മറ്റെല്ലാ കുട്ടികളെയും പോലെ! വിളക്കണച്ച് മാഷ് ഉറങ്ങാന്‍ കിടന്നു.

“നീയെന്താ വൈകിയേ?” മാഷിന്‍റെ പതിവില്ലാത്ത പരിക്കന്‍ സ്വരം ഉണ്ണിക്കുട്ടന്‍ പെട്ടെന്ന് തിരിച്ചറിഞ്ഞു. അവന്‍ ഒന്നും മിട്ടാതെ നിന്നു. “ചോദിച്ചത് കേട്ടില്ലേ?” ഉണ്ണിക്കുട്ടന്‍റെ കണ്ണുകള്‍ നിറഞ്ഞു. അവന്‍റെ കണ്ണില്‍ പൊടിഞ്ഞ ജലബിന്ദുക്കളെ തടഞ്ഞ് നിര്‍ത്താന്‍ മാഷ് അണക്കെട്ടുകള്‍ പണിഞ്ഞുകഴിഞ്ഞിരുന്നു. വൈകിയെത്തിയ കുട്ടിയെ മാതൃകാപരമായി ശിക്ഷിച്ച ശേഷം മാഷ് കസേരയില്‍ ചെന്നിരുന്നു. പാഠം നടത്തുമ്പോള്‍ ഉണ്ണിക്കുട്ടനെ മാഷ് ഗൌനിച്ചതേയില്ല. അങ്ങനെ ഉണ്ണിക്കുട്ടന്‍ ആ ക്ലാസിലെ സാധാരണ വിദ്യാര്‍ത്ഥിയായി മാറി. മാഷ് അധ്യാപനം തുടര്‍ന്നു. കുട്ടികള്‍ പാഠങ്ങള്‍ കാണാതെ പഠിച്ചു, അവസരോചിതമായി അവര്‍ മാഷിന്‍റെ കൈയില്‍ അവ ഛര്‍ദ്ദിച്ചുവച്ചു. ഓരോ ദിവസവും ബെല്ലടിക്കുമ്പോള്‍ കുട്ടികള്‍ സ്കൂളിനെ മറന്ന് വീട്ടിലേക്കോടി, കൂടെ മാഷും! ഉണ്ണിക്കുട്ടന്‍ സ്കൂളിലെ ഹാജര്‍ ബുക്കിലെ അന്തേവാസി മാത്രമായി. പിന്നെ, ആ ഹാജര്‍ ബുക്കും പൊടിപിടിച്ച ഇരുട്ടറയിലേക്ക് വലിച്ചെറിയപ്പെട്ടു. അവിടെ ഹാജര്‍ ബുക്കുകള്‍ കുന്നുകൂടി കിടപ്പുണ്ടായിരുന്നു.

Visit: Sethulakshmi ’s website (A collection of articles, stories and poems)
Explore posts in the same categories: Story

Comment: