പാദസരങ്ങള്‍ പറഞ്ഞ യാത്രാമൊഴി

ചാണകം മെഴുകിയ തറയില്‍ പായ വിരിച്ച് മലര്‍ന്ന് കിടക്കുമ്പോള്‍ അയാളുടെ മനസുനിറയെ അവളുടെ മുഖമായിരുന്നു. പച്ചച്ചാണകത്തിന്‍റെ രൂക്ഷഗന്ധം നാസാരന്ധ്രങ്ങളിലേയ്ക്ക് തുളഞ്ഞു കയറുന്നുണ്ടായിരുന്നെങ്കിലും, അവളെ കുറിച്ചുള്ള ഓര്‍മ്മകള്‍ പരത്തിയ പനിനീര്‍ വസന്തത്തില്‍ അയാളുടെ മസ്തിഷ്ക്ക കലകള്‍ ഉന്‍‌മത്തമായിരുന്നു.

ചെമ്മണ്ണിന്‍റെ വശ്യമായ നിറവും, ചെന്താമര പോലെ വിടര്‍ന്ന കണ്ണുകളും, മെടഞ്ഞ് മുറുക്കിയ മുടിയിലെ തുളസിക്കതിരും, ചെമ്പരത്തി പൂവുപോലെ ചുവന്ന ചുണ്ടുകളില്‍ വിടരുന്ന പാല്‍പ്പുഞ്ചിരിയും, പച്ചമണ്ണിന്‍റെ വശ്യമായ മണവും, നെറ്റിയില്‍ ചാര്‍ത്തിയ ചന്ദനവും, പാവാടയ്ക്കിണങ്ങുന്ന ബ്ലൌസും പിന്നെ കുലുങ്ങിച്ചിരിക്കുന്ന കരിവളകളും… ആ ഗ്രാമത്തിന്‍റെ മുഴുവന്‍ സൌന്ദര്യവും അവള്‍ക്കുണ്ടായിരുന്നു. അവളെ കുറിച്ചുള്ള ചിന്തകള്‍ക്ക് മഴവില്ലിന്‍റെ പകിട്ടായിരുന്നു.

കഴുകിക്കമിഴ്ത്തിയ മണ്‍കലങ്ങള്‍ക്കരികില്‍ പുകയുന്ന അടുപ്പിലെ കനല്‍ക്കട്ടകളില്‍ നിന്നുയരുന്ന ഉഷ്ണക്കാറ്റില്‍ അയാളുടെ നെറ്റിത്തടം വിയര്‍ത്തൊഴുകിയിട്ടും അയാള്‍ അതൊന്നും ഗൌനിച്ചതേയില്ല. കരിന്തിരിക്കത്തുന്ന മണ്ണെണ്ണ വിളക്കിന്‍റെ ഇത്തിരിവെട്ടത്തില്‍ ഇമവെട്ടാതെ അവളെ അയാള്‍ ധ്യാനിച്ച് കിടന്നു. പഴകിദ്രവിച്ച കൂരയിലൂടെ അരിച്ചിറങ്ങുന്ന ചന്ദ്രകിരണങ്ങള്‍ തനിക്കു ചുറ്റും ചെറുവട്ടങ്ങള്‍ വരക്കുന്നത് ആഹ്ലാദത്തോടെ അയാള്‍ നോക്കി. ചന്ദ്രകിരണങ്ങള്‍ ദീപാലംകൃതമാക്കിയ ഒരുക്കിയ ഈ മണവറയില്‍ അവളുമുണ്ടായിരുന്നെങ്കില്‍! അയാള്‍ ആശിച്ചു. അവളുടെ അസാന്നിധ്യത്തിന്‍റെ സാന്നിധ്യം പോലും ഒരു മധുചഷകം പോലെ അയാള്‍ക്കനുഭവപ്പെട്ടു.

ഒരു മൂലയില്‍ കൂട്ടിയിട്ടിരിക്കുന്ന വിറകിന്‍ കമ്പുകള്‍ക്കിടയില്‍ കിരുകിരാ ശബ്ദമുണ്ടാക്കി പതുങ്ങിയിരിക്കുന്ന ചുണ്ടനെലികളുടെയും, പുകച്ചുകറുത്ത മേല്‍ക്കുരയില്‍ ചിലക്കുന്ന പല്ലികളുടെയും, കൂര്‍ക്കവലിക്കുന്ന ചക്കിപ്പൂച്ചയുടെയും, ചാമ്പല്‍ക്കൂനയില്‍ ഇരിപ്പിടമുണ്ടാക്കി അടയിരിക്കുന്ന പിടക്കോഴിയമ്മയുടെയും കൌമാരമെത്തിയ മൂന്ന് നാല് കോഴിക്കുഞ്ഞുങ്ങളുടെയും, ഒരായിരം ചോനാനുറുമ്പുകളുടെയും, ചിതലുകളുടെയും ആ മനോഹരമായ ലോകത്തില്‍ അയാള്‍ മാത്രം വ്യത്യസ്തനായി. നേരം വെളുപ്പിക്കാനുള്ള അക്ഷമ ശ്രമങ്ങള്‍ക്കൊടുവില്‍ സ്വയം പരാജയം സമ്മതിച്ച ഏതോ നിമിഷത്തില്‍ അയാള്‍ ഉറങ്ങി. സ്വപ്നങ്ങള്‍ കെട്ടണഞ്ഞപ്പോള്‍ കരുന്തിരി കത്തിയ മണ്ണെണ്ണ വിളക്കും താനെ അണഞ്ഞൂ.

ഒരിക്കലും നല്‍കാതെ ഹൃദയത്തില്‍ സൂക്ഷിച്ച പ്രേമലേഖനങ്ങള്‍ തപ്പിയെടുത്ത് അയാള്‍ അതിരാവിലെ തന്നെയെഴുന്നേറ്റു. ദ്രവിച്ചുതുടങ്ങിയ പനമ്പായില്‍ ചമ്രം പിണഞ്ഞിരുന്ന് കഴിഞ്ഞ രാത്രിയുടെ ശേഷിച്ച സുഗന്ധം അയാള്‍ വീണ്ടും ആസ്വദിക്കാന്‍ ശ്രമിച്ചു. ആദ്യരാത്രിയ്ക്ക് ശേഷം ഉറക്കമുണര്‍ന്ന നവവരന്‍റെ അര്‍ത്ഥം വച്ചുള്ള നോട്ടങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാത്ത വധുവിനെ പോലെ അവള്‍ നാണം കുണുങ്ങുന്നതായി അയാള്‍ക്ക് തോന്നി. ചായക്കപ്പുമായി തന്‍റെ മുന്നില്‍ അദൃശ്യയായി നില്‍ക്കുന്ന അവളോടൊപ്പം വീണ്ടും കിടന്നുറങ്ങാന്‍ അയാള്‍ കൊതിച്ചു. എന്നാല്‍ പാടത്തെ ശേഷിക്കുന്ന പണികള്‍ തീര്‍ക്കാന്‍ പോകാതെ തരമില്ലായിരുന്നു.

പാടത്തിലെ പശിമയാര്‍ന്ന മണ്ണില്‍ മണ്‍വെട്ടി ആഴ്ത്തി വെട്ടിയപ്പോള്‍ മുഖത്തേയ്ക്ക് തെറിച്ച ചെളിവെള്ളം തലയില്‍ക്കെട്ടിയ തോര്‍ത്തഴിച്ച് തുടക്കുമ്പോള്‍, അരിക് വെട്ടിയ കനം കുറഞ്ഞ തടത്തിലൂടെ നടന്നു വരുന്ന അവളെ കണ്ട് അയാള്‍ വിസ്മയിച്ചു. പച്ചപ്പാവാടത്തുമ്പും മടക്കിയ കുടയും ഒരു കൈയ്യിലൊതുക്കി സൂഷ്മമായ ചുവടുകളുമായി സശ്രദ്ധം നടക്കുന്ന അവളുടെ ചുവടുകളെ അയാള്‍ ആസ്വദിച്ച് നിന്നു. അവളുടെ പാദസരങ്ങള്‍ അയാളെ നോക്കി ചിരിച്ചു. മുട്ടോളമുള്ള ചെളിവെള്ളത്തില്‍ മണ്‍‌വെട്ടിയും തൂക്കി സ്തബ്ധനായി നില്‍ക്കുന്ന അയാളെ വെറുതേ പോലും നോക്കാതെ അവള്‍ കടന്നുപോയപ്പോള്‍ പ്രകമ്പനം കൊണ്ട് വായുവില്‍ ചെമ്പരത്തിയിട്ട് കാച്ചിയ വെളിച്ചെണ്ണയുടെ മണമുണ്ടായിരുന്നു. അതിന്‍റെ ഉന്‍‌മത്തതയില്‍ അന്നത്തെ പണികള്‍ വേഗം തീര്‍ന്നു.

അവളെ കുറിച്ച് അയാള്‍ ആരോടും അന്വേഷിച്ചില്ല, എങ്കിലും മനസ് നിറയെ അവളായിരുന്നു. ഹൃദയത്തിലൊളിപ്പിച്ച പ്രേമലേഖനങ്ങള്‍ കുറേക്കാലം അവിടെയിരുന്ന് മുഷിഞ്ഞു. എങ്കിലും, പാടത്തെ ചുട്ടുപൊള്ളുന്ന വെയിലില്‍ ഒരാശ്വാസമായി ദിവസവും അവള്‍ കടന്നുപോകുമ്പോള്‍ അവളുടെ പാദസരങ്ങള്‍ അയാളോട് കിന്നരിക്കാറുണ്ടായിരുന്നു. പാദസരങ്ങളുടെ താളത്തിലും രാഗത്തിലും അവളുടെ ഹൃദയസ്പന്ദനങ്ങളെ അയാള്‍ എണ്ണിനോക്കി. അവളുടെ നടപ്പിന്‍റെ വേഗതയില്‍ അവളുടെ ശ്വാസോച്ഛ്വാസം പോലും അയാള്‍ക്ക് കൃത്യമായിരുന്നു. എങ്കിലും അയാള്‍ എല്ലാം മറച്ചുവച്ചു.

അതിരുകള്‍ വേര്‍തിരിച്ച് വരമ്പുകള്‍ വെട്ടുന്നവന് വകഭേദം നഷ്ടപ്പെട്ടാല്‍ ഒറ്റപ്പെട്ടുപോകുമോ എന്ന ഭയം അയാളെ അലട്ടി.
നെറ്റിയിലെ വിയര്‍പ്പും ഞരമ്പിലെ ചോരയും നല്‍കി ഊട്ടിവളര്‍ത്തിയ നെല്‍മണികളെ പോലും കുറവന്‍‌മാര്‍ മോഹിക്കാന്‍ പാടില്ല, അത് തമ്പുരാന്‍‌മാര്‍ക്കുള്ളതാണ്. തമ്പുരാക്കന്‍‌മാര്‍ സ്വന്തമാക്കുന്നതുവരെ, കണ്ണിലെ കൃഷ്ണമണി പോലെ കരുതാം, സ്വന്തമെന്ന പോലെ കണ്ടുനില്‍ക്കാം. മണ്ണിന്‍റെ മക്കള്‍ മോഹങ്ങള്‍ക്ക് ചാലുവെട്ടണം, സ്വപ്നങ്ങളെ ശ്രദ്ധയോടെ ഗതിമാറ്റിയൊഴുക്കണം. കലപ്പയും മണ്‍‌വെട്ടിയും പിടിച്ച് തഴമ്പിച്ച കൈകളില്‍ പൊന്നിന്‍ നിറമുള്ള പെണ്ണിന്‍റെ കരമുണ്ടായാല്‍ ലോകം ചിരിക്കും, തമ്പുരാക്കന്‍‌മാര്‍ പരിഹസിക്കും. പന്നിക്കൂട്ടിലെ പവിഴമുത്തിന്‍റെ ഗതിയോര്‍ത്ത് ലോകം അടക്കിച്ചിരിച്ചാല്‍ അത് പിന്നെയൊരു അപകര്‍ഷതാ ബോധത്തിന്‍റെ തീ നരകമായി മാറും. ചില യോദ്ധാക്കന്‍‌മാര്‍ ഒരു ചക്രവര്‍ത്തിയായി തനെ വാഴ്ത്താമെങ്കിലും, അവരുടെ ആവനാഴിലെ അസൂയാസ്ത്രങ്ങള്‍ക്ക് എന്നും താനൊരു പലകക്കുറി തന്നെയാവും.

വിതയും കൊയ്ത്തും കണക്കുകളുടെ കളിയാണ്. വിതക്കേണ്ട സമയത്ത് കണക്കുപിഴച്ചാല്‍ കൊയ്ത്ത് നന്നാവില്ല. ഈ കണക്കുകളെ കുറിച്ച് കുറവന്‍ വേവലാതിപ്പെട്ടിട്ട് കാര്യമൊന്നുമില്ല. എന്നാല്‍ മനക്കലെ തമ്പുരാക്കന്‍‌മാര്‍ നോക്കിക്കോളും. വിതച്ചവര്‍ കൊയ്യുന്നു, കൊയ്ത്ത് നടക്കുമ്പോള്‍ കൂടെ നിന്ന് കുറവന് എല്ലാം കാണാം. തമ്പുരാക്കന്‍‌മാര്‍ കടാക്ഷിച്ചാല്‍ നല്ല പേരും വാങ്ങാം. പടിപ്പുരയും കടന്ന് അടുക്കളത്തിണയിലിരുന്ന് പഴങ്കഞ്ഞി കുടിക്കാം. വേണ്ടാതീനം കാണിച്ചാല്‍ തല്ലുകിട്ടും, തിന്നുന്ന ചോറില്‍ കല്ലുകടിക്കും. ഇതൊക്കെ നാട്ടുനടപ്പാണ്.

പിന്നെയൊരു ദിവസം അയാള്‍ അവസാനമായി അവളെ കണ്ടു. അന്നവള്‍ സാരിയുടുത്തിരുന്നു. കസവുസാരിയില്‍ അവള്‍ അതിസുന്ദരിയായിരുന്നു. തലനിറയെ മുല്ലപ്പൂവും ചൂടി, കഴുത്ത് നിറയെ സ്വര്‍ണ്ണാഭരണങ്ങളണിഞ്ഞ്, നെറ്റിയില്‍ സിന്ദൂരവും മുഖത്ത് മന്ദഹാസവുമായി സ്വപ്നത്തില്‍ താന്‍ കണ്ട മണിയറയില്‍ കടന്നുവന്നതുപോലെ അവള്‍ അയാളുടെ മുന്നിലൂടെ നടന്നുപോയി. പക്കമേളക്കാരുടെ താളത്തിനൊത്ത് ചലിച്ച പാദങ്ങള്‍ അന്നും അയാളെ ശ്രദ്ധിച്ചതേയില്ല. എങ്കിലും അവളുടെ പാദസരങ്ങള്‍ മാത്രം അയാളെ നോക്കി, അതിന്‍റെ ചിലമ്പൊലികള്‍ അയാളുടെ കര്‍ണ്ണപുടങ്ങളെ കണ്ണീരണിയിച്ചു. ചക്രവാളം വരെ നീണ്ട ഒറ്റയടി പാതയിലൂടെ അവള്‍ നടന്നകലുന്നത് അയാള്‍ വെറുതേ നോക്കി നിന്നു. വയലേലകള്‍ക്ക് നടുവില്‍ അസ്തമന സൂര്യന്‍റെ ശകാരമേറ്റ് നമ്രശിരസ്ക്കനായി അയാള്‍ ഏറെ നേരം നിന്നു. എന്നിട്ടും അവള്‍ തിരിഞ്ഞ് നോക്കിയില്ല. ഒരു യാത്രാമൊഴി പോലും ചൊല്ലാതെ, ഒന്ന് മന്ദഹസിക്കുക കൂടി ചെയ്യാതെ അവള്‍ പോയി.

ഉറങ്ങാന്‍ കിടന്നപ്പോള്‍ ഉറക്കം വന്നില്ല. ചാണകം മെഴുകിയ തറയുടെ അസഹനീയമായി നാറ്റം… ഉഷ്ണം… കിരുകിരാ ശബ്ദമുണ്ടാക്കി ശല്യപ്പെടുത്തുന്ന ചുണ്ടെലികള്‍… ചിലക്കുന്ന പല്ലി… കൂര്‍ക്കം വലിക്കുന്ന പരട്ട പൂച്ച… ചോനാനുറുമ്പുകള്‍… ദുസ്വപ്നങ്ങള്‍… അയാള്‍ക്കിനി ഉറങ്ങാന്‍ കഴിയില്ല.

Visit: Sethulakshmi ’s website (A collection of articles, stories and poems)
Explore posts in the same categories: Story

One Comment on “പാദസരങ്ങള്‍ പറഞ്ഞ യാത്രാമൊഴി”

  1. RENEESH KM Says:

    HAI ITS A VERY GOOD STORY I HAVE NO WORD TO APPRECIATE YOU REALLY IT IS A FENTASTIC ONE


Comment: