മാനസിക പിന്തുണയില്ലാത്ത ഇന്ത്യന്‍ ടീം

വെറും ആഴ്ചകള്‍ക്ക് മുമ്പ് ലോകത്തിലെ എല്ലാ വമ്പന്മാരെയും കവച്ചുവച്ച് ലോകകപ്പ് കിരീടം നേടിയ ഇന്ത്യ 50 ഓവര്‍ പോലും തികക്കാനാകാതെ 148 റണ്‍സിന് പുറത്തായെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പറ്റുന്നില്ല! എന്തിന് കളിക്കാരെ കുറ്റം പറയണം? പുറത്ത് നിന്ന് അനാവശ്യ ഡയലോഗുകള്‍ കാച്ചുന്ന ഇന്ത്യന്‍ ക്രിക്കറ്റ് അധികൃതരെയാണ് ആദ്യം തൊഴിക്കേണ്ടത്!

കളിക്കളത്തില്‍ പൊതുവേയുള്ള മാനസിക സമ്മര്‍ദ്ദത്തിന് പുറമേ, സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ദിലീപ് വെംഗ്സര്‍ക്കാറിനെ പോലെയുള്ള മാന്യന്മാരുടെ ഭീഷണിയുടെ സമ്മര്‍ദ്ദവും വഹിക്കേണ്ട ഗതികേടിലാണ് ഇന്ത്യന്‍ കളിക്കാര്‍. പിന്നെ എങ്ങനെ ഇവര്‍ക്ക് ആത്മവിശ്വാസത്തോടെ കളിയില്‍ ശ്രദ്ധിക്കാനാവും? ഓസ്ട്രേലിയയെ പോലെ അതിശക്തരായ ടീമിനെ നേരിടുമ്പോള്‍ പുറത്ത് നിന്ന് പരമാവധി പിന്തുണ നല്‍കേണ്ട അധികൃതര്‍ തന്നെ കളിക്കാരെ ഭീഷണിപ്പെടുത്തുന്നത് ശോചനീയം തന്നെ!

കളിക്കാരും അധികൃതരും തമ്മില്‍ കളിക്കളത്തിന് പുറത്ത് നടക്കുന്ന ചരടുവലി‍, ഭാവി സുസ്ഥിരമാക്കാനുള്ള കളിക്കാരുടെ ഉല്‍ക്കണ്ഠകള്‍ ഇവയെല്ലാം ഇന്ത്യന്‍ താരങ്ങളുടെ ഇന്നത്തെ പരിതാപകരമായ അവസ്ഥയ്ക്ക് കാരണമാണെന്നതില്‍ സംശയമില്ല. മുതിര്‍ന്ന താരങ്ങളുടെമേല്‍ പോലും സമ്മര്‍ദ്ദം ചെലുത്താന്‍ അധികൃതര്‍ക്ക് കഴിയുമ്പോള്‍ ജൂനിയര്‍ താരങ്ങളുടെ കാര്യം പ്രത്യേകം പറയേണ്ടതില്ല

“രണ്ടിലൊന്ന് അറിഞ്ഞിട്ടേയുള്ളൂ കാര്യം” എന്ന കാര്‍ക്കശ്യത്തോടെ കളിക്കളത്തില്‍ ഇറങ്ങിയാല്‍ മാത്രമേ ഓസ്ട്രേലിയയെ പോലുള്ള “രാക്ഷസന്മാരെ” മെലിഞ്ഞുണങ്ങിയ ഇന്നത്തെ ഇന്ത്യന്‍ ടീമിന് ജയിക്കാനാവൂ. എന്തും നേരിടാനുള്ള ആത്മവിശ്വാസം പ്രാപിക്കാന്‍ കഴിയാതെ ബാറ്റും തൂക്കി നടന്നിട്ട് കാര്യമൊന്നുമില്ല. ശരിയായവണ്ണം കളിയുടെ ആത്യന്തം ആക്രമണോത്സുകത കാണിക്കുന്ന എത്ര കളിക്കാരുണ്ട് ഇന്ത്യന്‍ ടീമില്‍?

ടീമിനെ നിശ്ചയിക്കാന്‍ അധികാരമുണ്ടെന്ന് കരുതി കളിക്കാരുടെ മെക്കിട്ട് കയറുന്നത് ആരോഗ്യകരമായ കാര്യമല്ല. ഒരു പരമ്പര തുടങ്ങിക്കഴിഞ്ഞാല്‍ അത് തീരുന്നതുവരെ ദയവ് ചെയ്ത് അധികൃതര്‍ മൌനം പാലിക്കണം, അല്ലാത്തവന്‍മാരെ മുറിയില്‍ പൂട്ടിയിടണം.

Explore posts in the same categories: Review

Comment: