അച്ഛന്‍റെ പണം, മകള്‍ക്ക് തന്നിഷ്ടം
ചില പ്രശസ്തരുടെ മക്കള്‍ ഇങ്ങനെയാണ്! ചിന്തിക്കാതെയും അന്വേഷിക്കാതെയും ആവശ്യമില്ലാതെ ഏതെങ്കിലും കാര്യത്തില്‍ പിടിച്ചങ്ങ് തൂങ്ങും. അവസാനം ഇതൊന്നും നമുക്ക് പറ്റിയ പണിയല്ലെന്ന് മനസിലാവുമ്പോള്‍ പല്ലിളിച്ച് ഞാനൊന്നുമറിഞ്ഞില്ലേ നാമനാരായണ എന്നമട്ടില്‍ കണകുണാ ന്യായങ്ങള്‍ പറയും.
നമ്മുടെ സ്റ്റൈല്‍ മന്നന്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്‍റെ മകള്‍ സൌന്ദര്യയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. കക്ഷി അച്ഛനെ കൂട്ടുപിടിച്ച് സൂപ്പര്‍സ്റ്റാര്‍ ടിവി എന്നൊരു പുതിയ ടെലിവിഷന്‍ ചാനല്‍ തുടങ്ങാന്‍ പോകുന്നുവെന്നതാണ് ഇവിടുത്തെ ചിന്താവിഷയം. തമിഴ് പ്രേക്ഷകരെ സംബന്ധിച്ച് ഇതൊന്നും ഒരു വാര്‍ത്തയല്ലെന്നത് മറ്റൊരു സത്യം. എന്നാല്‍ ഈ പൊണ്‍കൊടി ഞെട്ടിച്ചത് മറ്റൊരു കാര്യത്തിലാണ്, നാഷണല്‍ ജ്യോഗ്രാഫിക് ചാനല്‍ പോലെയുള്ള ഒരു അന്താരാഷ്ട്ര ചാനലാണത്രേ സൗന്ദര്യ ഉദ്ദേശിക്കുന്നത്….. അമ്പമ്പോമ്പോ!!!! ഇതല്‍പ്പം കടന്ന കയ്യായിപ്പോയി.
“നിലവാരമില്ലാത്ത” മറ്റ് തമിഴ് ചാനലുകളിലുള്ള തുണിയഴിക്കലും പിന്നെ ഉടുപ്പിക്കലും പാട്ടും കൂത്തും വെളുക്കും വരെയുള്ള സിനിമയും ഒന്നുമില്ലാത്ത ഒരു വ്യത്യസ്ത ചാനലാണത്രേ സൌന്ദര്യയുടെ മനസില്‍! സത്യം പറഞ്ഞാന്‍ ഇതങ്ങോട്ട് ദഹിക്കുന്നില്ല. വെള്ളം കുടിച്ചിട്ട് ഇറങ്ങുന്നുമില്ല.
സൌന്ദര്യ എന്താണ് ഉദ്ദേശിക്കുന്നതെന്നാണ് എത്ര ആലോചിച്ചിട്ടും മനസിലാക്കാത്തത്. സിനിമാ അധിഷ്ടിതമായ പരിപാടികള്‍ ഒന്നുമില്ലാതെ ഒരു ചാനല്‍ എന്നൊക്കെ പറയുമ്പോള്‍…, അത്തരമൊരു ചാനലിന് സൂപ്പര്‍സ്റ്റാര്‍ ടിവി എന്നൊരു പേരും കൂടിയാവുമ്പോള്‍…. ഒന്നുകൂടെ ഇരുത്തിച്ചിന്തിച്ചിട്ട് പോരേ സൌന്ദര്യ മോളേ?
നാളില്‍ നാല്‍പ്പത് വട്ടം “നാന്‍ ഒരു തടവെ സൊന്നാം നൂറ് തടവെ സൊന്നത് മാതിരി” എന്ന് പറയുന്ന തമിഴ് ആരാധകര്‍ക്ക് ജന്തുലോകം, പരിസ്ഥിതി, ചരിത്രം, ശാസ്ത്രം, കാലാവസ്ഥ തുടങ്ങിയ കടിച്ചാല്‍ പൊട്ടാത്ത ടിവി ഷോകള്‍ ദഹിക്കുമോ ആവോ! “രജനീകാന്തിന്‍റെ മോള്‍ടെ ടീവിയാ, മക്കളേ വാ” എന്ന് പറഞ്ഞ് റിമോട്ട് കണ്‍ട്രോളും കക്ഷത്തിടിക്കി ഇതൊക്കെ കാണാന്‍ ആരാധകര്‍ കൂട്ടാക്കുമോ! ടിവി പ്രേക്ഷകരായ നല്ലൊരു ശതമാനം വീട്ടമ്മമാര്‍ക്ക് എങ്ങനെ സഹിക്കാന്‍ കഴിയും സിനിമയോ, സീരിയലോ, പാട്ടോ, തമാശകളോ ഇല്ലാത്ത ഒരു “നിലവാരമുള്ള” ചാനലിനെ?
അതൊക്കെ പോട്ടെ! ചുരുങ്ങിയ ചിലവില്‍ സാമാന്യം നല്ല ജനപ്രിയ പരിപാടികള്‍ നിര്‍മ്മിക്കുക എന്ന ഇന്നത്തെ ടിവി ചാനലുകളുടെ സാമ്പത്തിക നയവുമായി ഇതെങ്ങെനെ ഒത്തുപോകും? അച്ഛന്‍റെ കാശുള്ളപ്പോള്‍ സൌന്ദര്യക്ക് അതൊരു വിഷയമാവില്ലായിരിക്കാം. തട്ടിക്കൂട്ടിയെടുക്കാവുന്ന ജനപ്രിയ പരിപാടികളാണ് ഭൂരിപക്ഷവും ടിവികളില്‍ കാണാനാവുക. അവ വിജയിക്കാറുമുണ്ട്. പ്രേക്ഷകരുടെ താല്‍പ്പര്യങ്ങള്‍ മനസിലാക്കുന്നവയായതുകൊണ്ട് മാത്രമാണ് അവയ്ക്ക് വിജയിക്കാനാവുന്നത്. വാര്‍ത്താധിഷ്ഠിത ചാനലുകള്‍ പോലും പരസ്യമോ ആവശ്യത്തിന് പ്രേക്ഷകരോ ഇല്ലാതെ വച്ചുപൂട്ടേണ്ട അവസ്ഥ നേരിടുമ്പോള്‍ സൌന്ദര്യ ഉദ്ദേശിക്കുന്നതുപോലൊരു സൂപ്പര്‍സ്റ്റാര്‍ ടീവിക്ക് എങ്ങനെ മറ്റ് ചാനലുകളുമായി മത്സരിക്കാന്‍ കഴിയും, അതും തമിഴ്നാട്ടില്‍?
ജ്യോഗ്രഫിക് ചാനലിലേതുപോലെ അന്താരാഷ്ട്ര നിലവാരമുള്ള പരിപാടികള്‍ പറ്റില്ല എന്നല്ല, അതിനൊക്കെ ആവശ്യമായ മുതല്‍മുടക്കും സാങ്കേതികതയും ആശയവും പരിഗണിക്കുമ്പോള്‍ ആജീവനാന്തം കൊണ്ടുനടക്കേണ്ട ഒരു ടിവി ചാനലിന് മുതലാവില്ല. ഒരു ടിവി ചാനല്‍ തുടങ്ങുക എന്നതും നല്ല കാര്യം. സൌന്ദര്യക്ക് ജ്യോഗ്രഫിക് ചാനലിലേതുപോലുള്ള പരിപാടികളാവും ഇഷ്ടം, അല്ലെങ്കില്‍ മറ്റ് ചാനലുകളില്‍ കാണിക്കുന്നവ ക്ലീഷേ ആയിട്ടോ നിലവാരമില്ലാത്തതായിട്ടോ തോന്നാം. അതൊക്കെ സ്വന്തം കാര്യം, സ്വന്തം അഭിപ്രായം. ഇതിന്‍റെ പേരില്‍ ഒരു ടിവി ചാനല്‍ തുടങ്ങാമെന്നോ, അതിനെ ജനകീയമാക്കാമെന്നോ, അതിന് വേണ്ടി അച്ഛന്‍റെ പേര് ഉപയോഗിക്കാമൊന്നോ കരുതുന്നുവെങ്കില്‍ വെറുതെ കാശ് കളയാമെന്നല്ലാതെ പ്രയോജനമുണ്ടാവുമെന്ന് തോന്നുന്നില്ല.
ഒക്ടോബര്‍ 4, 2007 at 10:57 pm
കണ്ടു