‘സാറ്റ്ലൈറ്റ് പാപ്പരാസികള്‍’ തല്ലുവാങ്ങും

“ദൈവമെന്നൊരാള്‍ ഇതൊക്കെ മുകളിലിരുന്ന കാണുന്നുണ്ടെന്ന ഓര്‍മ്മ വേണം!” വഴക്കടിച്ച് തളര്‍ന്ന് പി‌ന്‍‌വാങ്ങാന്‍ തുടങ്ങുമ്പോള്‍ ചില കക്ഷികള്‍ ദൈവത്തെ കൂട്ടുപിടിച്ച് കാച്ചുന്ന ഗയലോഗാണിത്. നമ്മുടെ പ്രവര്‍ത്തികള്‍ ദൈവം മുകളിലിരുന്ന് കണ്ടാലും ഇല്ലെങ്കിലും അമേരിക്കക്കാര്‍ കാണുന്നുണ്ട്, നല്ല ഒന്നാന്തരം ക്യാമറായിലൂടെ!

ബര്‍മ്മയില്‍ മനുഷ്യാവകാശ ലംഘനം നടക്കുന്നുണ്ടെന്ന് സ്ഥാപിക്കുന്ന സാറ്റ്ലൈറ്റ് ചിത്രങ്ങള്‍ പുറത്തുവന്നതോടെ ആരൊക്കെ എന്തൊക്കെ ചെയ്താലും ‘ചില ദൈവങ്ങള്‍’ മുകളിലിരുന്ന് കാണുന്നുണ്ടെന്ന ചൊല്ല് യാഥാര്‍ത്ഥ്യമാവുകയാണ്. ഏതായാലും ഒരുകാര്യം തീര്‍ച്ച, ആകാശത്തിരുന്നുകൊണ്ട് മറ്റുള്ള രാജ്യങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന സാറ്റ്ലൈറ്റ് പാപ്പരാസിത്തരം ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാതിരിക്കില്ല.

ബര്‍മ്മയുടെ കാര്യത്തില്‍ ഈ സാറ്റ്ലൈറ്റ് പാപ്പരാസിത്തരം ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ന്യായീകരിക്കപ്പെടുമെങ്കിലും, സ്വന്തം കാര്യം വരുമ്പോള്‍ റഷ്യയോ ചൈനയോ ഇന്ത്യയോ അല്ലെങ്കില്‍ മറ്റേതെങ്കിലും രാജ്യമോ വെറുതേയിരിക്കുമെന്ന് തോന്നുന്നില്ല. ‘ബര്‍മ്മക്കിട്ട് ഇപ്പോള്‍ പണിയുന്ന അമേരിക്ക നാളെ തങ്ങള്‍ക്കിട്ടും പണിയില്ലെന്ന് എന്താ ഉറപ്പ്?’ എന്ന് സംശയമാണ് പുകയുന്നത്. അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് അഡ്വാന്‍സ്ഡ് സയന്‍സ് (AAAS) പുറത്തുവിട്ട ഈ സാറ്റ്ലൈറ്റ് ചിത്രങ്ങളെ ഏത് തരത്തില്‍ കാണുന്നുവെന്ന് ലോകരാജ്യങ്ങള്‍ ഇതുവരെ അഭിപ്രായപ്രകടനം നടത്തിയിട്ടില്ല.

കടലിലും കരയിലും ആകാശത്തിലും അതിര്‍ത്തികളും വേലികളും കെട്ടിവച്ച് ഒന്നും ചോരുന്നില്ലെന്ന് കരുതുന്ന രാജ്യങ്ങള്‍ കുറച്ച് കഴിയുമ്പോള്‍ ഈ സാറ്റ്ലൈറ്റ് പാപ്പരാസികളെ തെറിവിളിക്കാന്‍ തുടങ്ങുമെന്ന് കരുതാം. അല്ലെങ്കില്‍ തന്നെ രാജ്യങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമോ വെല്ലുവിളിയോ ആവുന്ന ഇത്തരം സാറ്റ്ലൈറ്റ് വിദ്യകളെ ഒരു അംഗികരിക്കാനും കഴിയില്ല.

പുറം‌ലോകവുമായി വാര്‍ത്താവിനിമയം സാധ്യമാവാതെ ഒറ്റപ്പെട്ടുകിടക്കുകയാണ് ബര്‍മ്മയിപ്പോള്‍. ഇന്‍റര്‍നെറ്റ് സംവിധാനം മുഴുവന്‍ വിലക്കപ്പെട്ട ബര്‍മ്മയില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ ലോകത്തിന് മുന്നില്‍ കൊണ്ട് വരികയെന്നത് നല്ല കാര്യം തന്നെ. ബര്‍മ്മയുടെ കാര്യം മാറ്റി നിര്‍ത്തിയാല്‍, മറ്റൊരു രാജ്യത്തിന്‍റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് ശരിയായ പ്രവണതയുമല്ല. ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ നിലനിന്നുപോകേണ്ട സാഹേദര്യത്തെ മാനിച്ച് പുതിയ സാറ്റ്ലൈറ്റ് നിയമങ്ങള്‍ നടപ്പിലായേ മതിയാവൂ എന്ന് തോന്നുന്നു. സാറ്റ്ലൈറ്റ് ഉപയോഗിച്ച് നടത്തുന്ന പരിവേക്ഷണങ്ങള്‍ക്ക് ഒരു പരുധികളോ, മാനദണ്ഡങ്ങളോ നിര്‍ണ്ണയിക്കേണ്ടത് ലോകരാജ്യങ്ങളെ മുഴുവനായി പരിഗണിക്കുമ്പോള്‍ അത്യാവശ്യമാണ്.

ബര്‍മ്മയില്‍ നടക്കുന്ന അനീതികള്‍ പുറത്തുകൊണ്ടുവന്ന അമേരിക്ക ഇറാഖിലെ സ്ഥിതിഗതികളെ കുറിച്ച് മൌനം പാലിക്കുന്നത് രസകരമായ ഒന്നാണ്. ഒന്ന് ചിന്തിച്ച് നോക്കിയാല്‍, ഇറാഖില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ മനുഷ്യാവകാശ ലംഘനം നടക്കുന്നുണ്ടെന്ന് മറ്റേതെന്തിലും രാജ്യം കുറച്ച് സാറ്റ്ലൈറ്റ് ചിത്രങ്ങളുമായി മുന്നോട്ട് വന്നിരുന്നെങ്കില്‍ അമേരിക്കയുടെ വിധം മാറുമായിരുന്നില്ലേ? തന്നെയുമല്ല, ഇറാഖില്‍ ആണവായുധമുണ്ടെന്നും അതിന് സാറ്റ്ലൈറ്റ് ചിത്രങ്ങള്‍ തെളിവ് നല്‍കുന്നുണ്ടെന്നും ലോകത്തെ പറഞ്ഞ് ധരിപ്പിച്ച് ഇറാഖിനെ ആക്രമിച്ച അമേരിക്കയുടെ ഈ പീറപടങ്ങള്‍ വിശ്വസിക്കാന്‍ സാധിക്കില്ല. ഏതായാലും ഗൌരവകരമായ സാറ്റ്ലൈറ്റ് പാപ്പരാസിത്തരം കുരിശാവാതിരുന്നാല്‍ കൊള്ളാം.

Explore posts in the same categories: Review

One Comment on “‘സാറ്റ്ലൈറ്റ് പാപ്പരാസികള്‍’ തല്ലുവാങ്ങും”

  1. Raji Chandrasekhar Says:

    യോജിക്കുന്നു.


Comment: