നിസ്സഹകരണം വരുത്തിയ വിനകള്‍
അഹിംസ എന്ന മനോഭാവത്തിലൂടെ ഏതോരു ശക്തിയെയും കീഴ്പ്പെടുത്താമെന്ന് തെളിയിച്ച മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ട് ലോക അഹിംസാദിനമായി ആചരിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ തീരുമാനം തികച്ചും ശ്ലാഘനീയം തന്നെ. അതില്‍ ഏതൊരു ഭാരതീയനും അഭിമാനിക്കാം.
“അഹിംസ” എന്ന മതപരമായ ആദര്‍ശത്തെ ഒരു സമരതന്ത്രമായി രാഷ്ട്രീയ ശക്തികള്‍ക്കെതിരെ ഉപയോഗിച്ച ആദ്യവ്യക്തി മഹാത്മാഗാന്ധിയാണെന്ന് തോന്നുന്നു. ആത്യന്തികമായ വിജയം അഹിംസാമാര്‍ഗങ്ങളിലൂടെ മാത്രമേ ലഭ്യമാക്കാനാവൂ എന്ന അദ്ദേഹത്തിന്‍റെ ആദര്‍ശങ്ങള്‍ ക്രിസ്തുവിന്‍റെയും മുഹമ്മദിന്‍റെയും ഭാരതീയ ഋഷിമാരുടെയും ചിന്തകളുമായി ഏറെ സാദൃശ്യം പുലര്‍ത്തുന്നവയാണ്. അതവിടെ നില്‍ക്കട്ടേ!
ഗാന്ധിയുടെ അഹിംസാ മാര്‍ഗങ്ങളില്‍ സുപ്രധാനമായ ഒന്നായിരുന്നു നിസ്സഹകരണ പ്രസ്ഥാനം. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ നിസ്സഹകരണം ചെലുത്തിയ സ്വാധീനം അനര്‍വ്വചനീയമാണെന്ന് സമ്മതിച്ചേ മതിയാവൂ. ബ്രിട്ടണ്‍ അടിച്ചേല്‍പ്പിച്ച നിയമങ്ങള്‍ മനപ്പൂര്‍വ്വം ലംഘിക്കുകയും അവയോട് നിസ്സഹകരണം പ്രഖ്യാപിക്കുകയും ചെയ്ത ഗാന്ധിജിയുടെ സിവില്‍ നിയമലംഘന സമരങ്ങള്‍ വന്‍വിജയമായിരുന്നു. ഇന്ത്യയുടെ നാനാ ഭാഗങ്ങളില്‍ നടന്ന സ്വാതന്ത്ര്യ സമരങ്ങളെ കോര്‍ത്തിണക്കാനും അവയെ ഉത്തേജിപ്പിക്കാനും ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിന് കഴിഞ്ഞൂവെന്നതില്‍ സംശയമില്ല.
എന്നാല്‍ ആ മഹാത്മാവ് പഠിപ്പിച്ച “നിയമലംഘന കീഴ്വഴക്കം” സ്വാതന്ത്ര്യലബ്ദിക്ക് ശേഷം ഇന്ത്യന്‍ ജനതയുടെ “ശപിക്കപ്പെട്ട സ്വഭാവമായി” മാറി എന്ന സത്യം പറയാതെ വയ്യ. നിസ്സഹകരണ പ്രസ്ഥാനത്തിലെ സമരരീതികളിലൂടെ ഗാന്ധിജി പഠിപ്പിക്കാന്‍ ഉദ്ദേശിച്ച “ആത്മീയത” ഉള്‍ക്കൊള്ളാന്‍ അന്നത്തെ രാഷ്ട്രീയ ചുറ്റുപാടില്‍ സാധിക്കാതെ പോയി എന്നത് ഒരു ചരിത്ര വസ്തുതയാണ്.
ഉദാഹരണമായി, 1922-ലെ ചൌരി ചൌരാ സംഭവത്തില്‍ സമരക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടിയതും അതില്‍ അനേകം പൊലീസുകാര്‍ കൊല്ലപ്പെട്ടതും ഗാന്ധിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിനേറ്റ കനത്ത തിരിച്ചടിയായിരുന്നു. ഇതിനെ തുടര്‍ന്ന് ഗാന്ധിജി സമരം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിക്കുകയും, അതിനെ നല്ലൊരു ശതമാനം വരുന്ന നേതാക്കളും എതിര്‍ക്കുകയും ചെയ്തു. കോണ്‍ഗ്രസില്‍ ഉണ്ടായിരുന്ന പരിഷ്ക്കരണവാദികളായ ജവഹര്‍ലാല്‍ നെഹ്രുവും, സുഭാഷ് ചന്ദ്ര ബോസും ഈ തീരുമാനത്തെ ശക്തമായി എതിര്‍ക്കുകയാണുണ്ടായത്. മാത്രമല്ല, മോത്തിലാല്‍ നെഹ്രുവും ചിത്ത രജ്ഞന്‍ ദാസും ചേര്‍ന്ന് സ്വരാജ് പാര്‍ട്ടി ആരംഭിക്കുകയും ചെയ്തു.
ഇതുപോലെ, സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്ന നിയന്ത്രണം സ്വാതന്ത്ര്യലബ്ദിക്ക് മുമ്പും പിമ്പും നഷ്ടമായി എന്ന് ചരിത്രം പഠിപ്പിക്കുന്നു. നിസ്സഹകരണാ പ്രസ്ഥാനം ഉണ്ടാക്കിയേക്കാവുന്ന തിക്തഫലങ്ങളെ കുറിച്ചുള്ള മുന്‍കരുതല്‍ ഗാന്ധിജിക്ക് ഇല്ലായിരുന്നുവെന്നതിന് തെളിവുകളാണിവയൊക്കെ. സമാധാന മാര്‍ഗമായ നിസ്സഹകരണ പ്രസ്ഥാനം, നിയമം ലംഘിക്കുന്ന ഒരു തരം ഹിറോയിസമായി യുവമനസുകളില്‍ വളരുമെന്നോ, അച്ചടക്കരാഹിത്യം ഇന്ത്യയുടെ ഭാവിയെ എത്രമാത്രം ബാധിക്കുമെന്നോ ഉള്ള ദീര്‍ഘവീഷണം ആ മഹാന് ഇല്ലാതെ പോയി.
ലോകത്തിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ നിയമ ലംഘനങ്ങള്‍ നടക്കുന്ന രാജ്യമാണ് ഭാരതം. എവിടെ നോക്കിയാലും അച്ചടക്കലംഘനങ്ങളും നിയമലംഘനങ്ങളും നടക്കുന്ന ഇന്നാട്ടില്‍, സമൂഹിക നിയമങ്ങളെ ബഹുമാനിക്കാനോ, അവയോട് ക്രിയാത്മകമായി പ്രതികരിക്കാനോ കഴിയാത്ത ഒരുതരം കുത്തഴിഞ്ഞ സംസ്ക്കാരം മാത്രമേ കാണാനാവൂ. നിയമങ്ങളുണ്ടായിട്ടും അവയില്ലാത്ത പോലുള്ള അവസ്ഥ ഇന്ത്യയുടെ മാത്രം പ്രത്യേകതയാണ്. ഇവിടെ ട്രാഫിക് നിയമങ്ങളില്ല, പരിസര ശുചിത്വമില്ല, അച്ചടക്കമില്ല, ഒന്നുമില്ല. നിയമങ്ങളെ ജനങ്ങള്‍ എങ്ങനെ ആദരിക്കുന്നുവെന്നും ബഹുമാനിക്കുന്നുവെന്നും മറ്റ് രാജ്യങ്ങളില്‍ നിന്ന് ഭാരതം കണ്ട് പഠിക്കണം. നാട്ടിലെ നിയമങ്ങളെ ലംഘിക്കുന്ന “അച്ചടക്കരഹിത ഹീറോയിസം” നിസ്സഹകരണ പ്രസ്ഥാനത്തിന്‍റെ ചാപിള്ളയാണെന്ന് പറഞ്ഞാന്‍ അതൊരിക്കലും തെറ്റാവില്ല.
മതപരമായ ഒരാദര്‍ശമാണ് അഹിംസ. ആത്മീയനായി വളരാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തി അനുഷ്ഠിക്കേണ്ട ആത്മീയപാതയോ മനോഭാവമോ ആണ് അഹിംസ. ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കാം എന്ന കണ്ടുപിടുത്തം നടത്തിയ മഹാത്മാഗാന്ധി, ക്രിസ്തുവോ ഋഷിമാരോ അനുഷ്ഠിച്ച അഹിംസയെ തെറ്റിദ്ധരിച്ചെന്നോ, അന്ധമായി അനുകരിക്കാന്‍ ശ്രമിച്ചെന്നോ സംശയിക്കേണ്ടിയിരിക്കുന്നു. ക്രിസ്തു സ്വയം സഹിച്ചതും ക്രൂശിതനായതും ദൈവരാജ്യം എന്ന സങ്കല്‍പ്പത്തിന് വേണ്ടിയായിരുന്നു, ദൈവരാജ്യത്തിന് സദൃശ്യമായ ഒരു സാമ്രാജ്യം ലോകത്ത് സ്ഥാപിക്കണമെന്ന് ക്രിസ്തു ആഗ്രഹിച്ചിരുന്നെങ്കില്‍ കുരിശ് വലിച്ചെറിഞ്ഞ് അദ്ദേഹം വാളെടുക്കുമായിരുന്നു. എന്നാല്‍ ക്രിസ്തുവിന്‍റെ അഹിംസയുടെ യഥാര്‍ത്ഥ തലം ആത്മീയത മാത്രമായിരുന്നു, ലൌകീകമായിരുന്നില്ല. അതുപോലെ ക്രിസ്തു തന്‍റെ ആദര്‍ശങ്ങളെ ഒരിക്കലും രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിച്ചിരുന്നില്ല, അതിന് ശ്രമിച്ചവരെ അനുവദിച്ചുമില്ല.
എന്നാല്‍ ബൈബിളില്‍ നിന്നും ഖുറാനില്‍ നിന്നും ഭഗവത്ഗീതയില്‍ നിന്നും വായിച്ചറിഞ്ഞ ഇത്തരം ആത്മീയമായ സമീപനത്തെ ലൌകീക സ്വാതന്ത്ര്യത്തിന് വേണ്ടി ഉപയോഗിക്കാന്‍ ശ്രമിച്ച മഹാത്മാഗാന്ധി ഒരു പരാജയമായിരുന്നുവെന്ന് തോന്നാറുണ്ട്, പലപ്പോഴും!