സാമ്പത്തിക തീവ്രവാദങ്ങള്‍ക്ക് നടുവില്‍
ശാസ്ത്രം വളരുന്നതോടൊപ്പം കുറ്റകൃത്യങ്ങള്‍ ചെയ്യപ്പെടുന്ന രീതിയിലും മാറ്റം വന്നുകൊണ്ടിരിക്കുന്നുവെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. സങ്കേതിക നൈപുണ്യവും ശിക്ഷണവും ലഭിച്ചവര്‍ ടെക്നോജളിയുടെ സഹായത്തോടെ കുറ്റകൃത്യങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു തുടങ്ങുമ്പോള്‍ കുറ്റാന്വേഷണം കൂടുതല്‍ സങ്കീര്‍ണ്ണമാവുകയാണ്. ഇന്ന് നാം കേട്ടുകൊണ്ടിരിക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെ പോലെ വരുംകാലങ്ങളില്‍ കൂടുതല്‍ കേള്‍ക്കാനിരിക്കുന്ന ഒരു വാക്കായിരിക്കും “സാമ്പത്തിക തീവ്രവാദം.” (Financial Terrorism)
ഒരു രാജ്യത്തിന്‍റെ സമ്പദ്‌ഘടനയെ തടികം മറിച്ച്, ബോംബാക്രമണങ്ങളെക്കാള്‍ മാരകമായ തകര്‍ച്ചയിലേക്ക് നയിക്കുക എന്ന കൂര്‍മ്മബുദ്ധിയാണ് സാമ്പത്തിക തീവ്രവാദത്തിന് പിന്നിലുള്ളത്. ഓഹരിവിപണിയിലെ കൃത്രിമത്വങ്ങളിലൂടെ രാജ്യത്തിന്‍റെ സാമ്പത്തിക ഭദ്രതയെ തകര്‍ക്കാനായാല്‍ സെപ്തംബര്‍ 11നെക്കാള്‍ ഭീകരമായ പ്രതിസന്ധിയാവും ആ രാജ്യം നേരിടുക.
മുംബൈയിലെയും ചെന്നൈയിലെയും ഓഹരിവിപണികളില്‍ നിലവില്ലാത്ത ഒരു കമ്പനികളുകളുടെ പേരില്‍ നിരവധി കൃത്രിമത്വങ്ങള്‍ നടക്കുന്നതായി അധികൃതര്‍ തന്നെ സമ്മതിക്കുന്നു. ഇത് കൂടാതെ കള്ളപ്പണം വെളുപ്പിക്കല്‍, ഹാക്കിംഗ്, സ്മാര്‍ട്ട് കാര്‍ഡ് തട്ടിപ്പുകള്‍, ട്രാഫിക്കിംഗ്, കൃത്രിമ എഡിഎം കാര്‍ഡുകള്‍ എന്നിവയെല്ലാം തന്നെ സാമ്പത്തിക തീവ്രവാദത്തിന്‍റെ വിവിധ മുഖങ്ങളായിട്ടാണ് മനസിലാക്കേണ്ടത്.
സാമ്പത്തിക തീവ്രവാദികളുടെ “കണ്ണികള്‍” കേരളം പോലുള്ള ചെറിയ സംസ്ഥാനത്തുപോലും സജ്ജീവമാണെന്ന് തെളിഞ്ഞിരിക്കുന്ന ഈ സാഹചര്യത്തില്‍, രാജ്യത്തിന്‍റെ മൊത്തം കണക്ക് മനസിലാക്കാവുന്നതേയുള്ളൂ. സാമ്പത്തിക ക്രമക്കേടുകളിലൂടെ കുന്നുകൂടുന്ന പണം തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കു കൂടി ഉപയോഗിക്കപ്പെടുമ്പോള്‍ സമ്പത്തിക തകര്‍ച്ചയെ പോലെ രാജ്യസമാധാനവും വെല്ലുവിളിയിലാവുന്നു.
സാമ്പത്തിക ഭദ്രത തകര്‍ക്കുന്നതിലൂടെ ഒരു രാജ്യത്തിന്‍റെ സൈന്യത്തെയും ബലഹീനമാക്കാം എന്ന ലളിതമായ തത്വവും സാമ്പത്തിക തീവ്രവാദത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കോടിക്കണക്കിന് രൂപ യുദ്ധത്തിനായി ചിലവഴിക്കുന്ന ഒരു രാജ്യത്തിന്‍റെ സമ്പത്തിക സ്ഥിതി തകരാറിലായാല്‍ സ്വാഭാവികമായും യുദ്ധ ചെലവുകള്‍ കുറക്കാന്‍ ആ രാജ്യം നിര്‍ബന്ധിതമാവും. യുദ്ധ മേഖലയിലേക്ക് നിക്ഷേപത്തിന്‍റെ ഒഴുക്ക് കുറയുമ്പോള്‍ അവിടെ സൈന്യം ദുര്‍ബലമാവുകയും ശത്രുപക്ഷത്തിന് ആഞ്ഞടിക്കാന്‍ അതൊരു അവസരമാവുകയും ചെയ്യും. ലോക സമ്പദ്‌ഘടനയുടെ നട്ടെല്ലായ എണ്ണയുല്‍പ്പാദനത്തെ തകര്‍ത്താല്‍ ലോകത്താകമാനം സാമ്പത്തിക അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ സാധിക്കുമെന്നതിന് തെളിവുകള്‍ വേണ്ട.
വ്യാജപ്പണം, മതസ്ഥാപനങ്ങളുടെ പേരില്‍ അനധികൃതമായി എത്തിക്കൊണ്ടിരിക്കുന്ന വിദേശ ഫണ്ടുകള്‍, ഹവാല ഇടപാടുകള്‍ തുടങ്ങിയവയെല്ലാം തന്നെ സാമ്പത്തിക തീവ്രവാദത്തിന്‍റെ പതിപ്പുകളാണെന്ന് പറയണം. ഇത്തരം മേഖലകളില്‍ നിന്നൊഴുകുന്ന പണം തിവ്രവാദി സംഘനകള്‍ക്ക് ഫണ്ടായി ലഭിക്കുന്നുണ്ട്. കോടികളുടെ തുകകളെ ലക്ഷങ്ങളായി വിഭജിച്ച് അയക്കുമ്പോള്‍ അധികൃതരുടെ കണ്ണില്‍പ്പെടാതെ അവ തീവ്രവാദികളുടെ കൈയ്യില്‍ സുരക്ഷിതമായി എത്തുന്നു. ഇവയെയെല്ലാം തന്നെ കര്‍ക്കശമായ ഒരു സംവിധാനത്തിലൂടെ നിരീക്ഷിക്കാന്‍ കഴിയാത്തിടത്തോളം കാലം രാജ്യം സുരക്ഷിതമാണെന്ന് പറയാനേ കഴിയില്ല.