ശ്രീശാന്ത് സിനിമ ചെയ്യരുത്!

കഠിനാധ്വാനം മൂലം ആരെങ്കിലും അല്‍പ്പം പേരുണ്ടായിക്കഴിയുമ്പോള്‍ അവരെ സിനിമയിലേയ്ക്ക് ക്ഷണിക്കുക എന്ന ഒരു രീതി ഇന്ന് സിനിമ പ്രവര്‍ത്തകരുടെ ഇടയില്‍ കണ്ടുവരുന്ന ഒരു രോഗമാണ്. സാനിയാ മിര്‍സ ഒരു തരംഗമായി മാറിയപ്പോള്‍ ചില പ്രയോഗങ്ങള്‍ നടത്തി നോക്കിയിരുന്നു ചില സിനിമാക്കാര്‍. ടെന്നീസില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടി ബുദ്ധിപൂര്‍വ്വം ഒഴിഞ്ഞ് മാറിയത് സാനിയയുടെ മിടുക്ക്. ഇതാ, ഇപ്പോള്‍ ശ്രീശാന്താണ് അടുത്ത ഇര!

ശ്രീശാന്ത് മമ്മൂട്ടിയോടൊപ്പം സിനിമയില്‍ ഒരു സുപ്രധാന വേഷം ചെയ്യുവെന്നാണ് കേള്‍ക്കുന്നത്. എന്നാല്‍ ആ പാവം പയ്യന്‍റെ ക്രിക്കറ്റില്‍ ജീവിതത്തിലേക്ക് സിനിമയെ വെറുതേ വലിച്ചിഴച്ച് കരിയറിനെ തകര്‍ക്കരുതെന്ന ഒരു അപേക്ഷയുണ്ട് കേരളത്തിന്‍റെ ക്രിക്കറ്റ് പ്രേമികള്‍ക്ക്!

ഏതെങ്കിലും ഒരു വഴി തെരഞ്ഞെടുത്ത്, അതൊന്ന് പച്ച പിടിച്ചുവരുമ്പോള്‍ ഉണ്ടാവാറുള്ള പ്രലോഭനം മാത്രമായി കരുതാന്‍ ശ്രീശാന്തിന്‍റെ വീട്ടുകാര്‍ ഉപദേശിച്ചാല്‍ കൊള്ളാം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കടന്നുകൂടുക എന്നത് അത്ര എളുപ്പം സാധിക്കാവുന്ന കാര്യമല്ലെന്ന് അറിയാമല്ലോ! ശ്രീശാന്ത് തന്‍റെ ക്രിക്കറ്റ് കരിയറിലെ സുപ്രധാന ഘട്ടത്തിലുമാണ്. ട്വന്‍റി20 ലോകകപ്പിലെ വിജയത്തോടെ ഇന്ത്യന്‍ ക്രിക്കറ്റ് മനസുകളില്‍ ഒരു മികച്ച ബൌളറായി ശ്രീശാന്ത് അംഗീകരിക്കപ്പെട്ടും കഴിഞ്ഞു. സി ഗ്രേഡില്‍ നിന്ന് ബിയിലേക്ക് കിട്ടിയ പ്രൊമാഷനും അതുതന്നെയാണ് സൂചിപ്പിക്കുന്നത്.

ഈ സമയത്ത്, സിനിമയുടെ പേരില്‍ ശ്രീശാന്ത് കരിയറിനെ ശ്രദ്ധിക്കുന്നില്ലെന്ന് അധികൃതര്‍ മനസിലാക്കാന്‍ ഇടയായാലുള്ള കാര്യം പറയാതിരിക്കുന്നതാവും നല്ലത്. സിനിമയുടെ പേരില്‍, അതെത്ര തന്നെ വലിയ ഓഫറായാലും, ഇതൊന്നും കളഞ്ഞ് കുളിക്കരുത്. സ്വന്തം ക്രിക്കറ്റിനെ പോലെ ശാശ്വതമായ ഒരു മേഖലയാവാന്‍ സിനിമയ്ക്ക് കഴിയില്ലെന്ന് കൂടി ഓര്‍ത്താന്‍ കൊള്ളാം. സിനിമയില്‍ തലകാണിക്കാനാണ് മോഹമെങ്കില്‍ അത് ഇനിയും ആവാമല്ലോ! ആദ്യം ക്രിക്കറ്റ്, അതല്ലേ നല്ലത്!

സിനിമ സംബന്ധിച്ച് ഒരന്തിമ തീരുമാനം ആയിട്ടില്ലെന്നാണ് സംവിധായകന്‍ ആഷിക്ക് അബു നല്‍കുന്ന സൂചന. മലയാളത്തിലെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാവുന്ന ചിത്രത്തില്‍ ഒരു ക്രിക്കറ്റ് താരത്തിന്‍റെ തന്നെ റോള്‍ ചെയ്യാനാണ് ശ്രീശാന്തിനെക്കൊണ്ട് ഉദ്ദേശിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. ശ്രീശാന്തിന്‍റെ സമ്മതത്തിന് വേണ്ടി കാത്തിരിക്കുകയാണ് ഈ സംവിധായകന്‍. സിനിമയുടെ പ്രമേയം ദക്ഷിണാഫ്രിക്കയില്‍ വച്ച് ശ്രീശാന്തിനെ പറഞ്ഞ് കേള്‍പ്പിച്ചുവെന്നും അദ്ദേഹം പറയുന്നു. ഒരു ക്രിക്കറ്റ്‌ താരം ഒരു പൊലീസ്‌ ഉദ്യോഗസ്ഥനില്‍ വരുത്തുന്ന മാറ്റങ്ങളാണ്‌ ചിത്രത്തിന്‍റെ പ്രമേയം.

Explore posts in the same categories: Review

One Comment on “ശ്രീശാന്ത് സിനിമ ചെയ്യരുത്!”


  1. ശ്രീശാന്ത് സിനിമയില്‍ അഭിനയിച്ചാലെന്ത്? അഭിനയിച്ചില്ലെങ്കില്‍ എന്ത്? പരിശീലനം മറന്ന് ക്രിക്കറ്റ് മറന്ന് സിനിമയില്‍ തകര്‍ന്ന് ശ്രീശാന്ത് നില്‍ക്കുന്പോള്‍കോടി കണക്കിന് രൂപ ഇവര്‍ക്ക് പ്രൈസ് മണിയായും ടിക്കറ്റ് ചാര്‍ജ്ജായും നല്‍കിയ, അതിലുപരി ഇന്ത്യക്ക് വേണ്ടി ആയിരക്കണക്കിന് മനുഷ്യമണിക്കൂറുകള്‍ മാറ്റിവെച്ച നമ്മളെ ചൂലുകൊണ്ട് തല്ലേണ്ടി വരും.


Comment: