നിറം മങ്ങിയ കിനാവുകള്‍
വിശാലമായ പ്ലാറ്റ്ഫോമില്‍ അലസമായിരിക്കുമ്പോഴും മായയുടെ മനസ് അസ്വസ്ഥമാവുന്നുണ്ടായിരുന്നു. ട്രെയില്‍ യാത്രകള്‍ പതിവാണെങ്കിലും ഇത്ര വിരസമാവുന്നത് ഇത് ആദ്യമായാണ്. സായംസന്ധ്യയുടെ കിരണങ്ങള്‍ ആയിരം വിസ്മയങ്ങള്‍ സൃഷ്ടിച്ച് കാഴ്ച്ചക്കപ്പുറത്തേയ്ക്ക് ആഴ്ന്നുപോകുന്നത് മായ ഏറെ ആകാംശയോടെ നോക്കിയിരുന്നു, ഇനിയൊരിക്കലും തിരിച്ചുവരാന്‍ കഴിയാത്ത പിതൃഭവനത്തിലെ സന്ധ്യകള്‍ അവസാനമായി ആസ്വദിക്കുന്നതുപോലെ!
നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് അച്ഛന്‍റെ കൈയ്യില്‍ പിടിച്ച് ഈ പ്ലാറ്റ്ഫോമില്‍ ആദ്യമായി വന്നിറങ്ങുമ്പോള്‍ മനസില്‍ ഉറഞ്ഞുകൊണ്ടിരുന്ന നിസഹായതയും ഭയപ്പാടും ഒറ്റപ്പെടലും, പിന്നെ ഇത്രയും കാലം കൂടെ കൊണ്ടുനടന്ന വാശിയും ആദര്‍ശവും വെറും അപക്വമായിരുന്നെന്ന് മായയ്ക്ക് തോന്നി. നിറം മങ്ങിയ അന്തരീക്ഷം മായയെ പതിയെ വിഴുങ്ങുന്നുണ്ടായിരുന്നു. മൂക്കിയൂടെ തെന്നിയുറങ്ങിയ കണ്ണട മുകളിലോട്ടാക്കി മായ ഇരുവശങ്ങളിലേക്കും നോക്കി. പിന്നെ ഒരു ദീര്‍ഘനിശ്വാസത്തോടെ ബെഞ്ചിലേക്ക് ചാരി. ട്രെയിന്‍ സമയം വിളിച്ചുപറയുന്ന സ്ത്രീശബ്ദം ഒരു കൂസലും കൂടാതെ ട്രെയിന്‍ സമയം മാറ്റിപ്പറഞ്ഞുകൊണ്ടിരുന്നു.
ദീര്‍ഘനേരത്തെ കാത്തിരിപ്പിനെ തട്ടിത്തെറിപ്പിച്ച് ഒരു ട്രെയിന്‍ മായയുടെ പ്ലാറ്റ്ഫോമിലേക്ക് കുതിച്ചെത്തി. പ്ലാറ്റ്ഫോം ആള്‍ക്കാരെ കൊണ്ട് പെട്ടെന്ന് നിറഞ്ഞു. എങ്ങും കലപില ശബ്ദം. റിസര്‍വ് ചെയ്തുകിട്ടിയ സ്വന്തം സീറ്റിനുവേണ്ടി പോലും തിരക്കുകൂട്ടുന്ന ആള്‍ക്കാരുടെ വെപ്രാളവും ബഹളവും അരോചകമായി മായയ്ക്ക് അനുഭവപ്പെട്ടു. പരക്കം പായുന്ന ചെറുമികളുടെയും തലമൂത്തവരുടെയും ഇംഗിതത്തിന് മായ വഴിമാറി നിന്നുകൊടുത്തു. അപ്പോഴേക്കും ട്രെയിന്‍ ചലിച്ചുതുടങ്ങിയിരുന്നു.
അത്താഴപ്പൊതി തുറന്നുവച്ച് തികഞ്ഞ ഭവ്യതയോടെ ഭക്ഷണം കഴിക്കുന്ന ഒരു കുടുംബത്തിന്‍റെ ഇടയിലേക്കാണ് മായ കടന്നുചെന്നത്. മായയെ കണ്ടപ്പോള്‍ മധ്യവയസ്ക്കനായ കുടുംബസ്ഥന്‍ കുട്ടിയെ ചേര്‍ത്തുപിടിച്ച് മായയ്ക്ക് വഴിയുണ്ടാക്കിക്കൊടുത്തു. അയാളുടെ ഭാര്യ മായയെ ഗൌരവപൂര്‍വ്വം നോക്കുന്നുണ്ടായിരുന്നു. ഒട്ടും സുഖിക്കാത്ത ആ നോട്ടത്തെ അവഗണിച്ച് മായ ബാഗും സാധനങ്ങളും ഭദ്രമായി വച്ച ശേഷം സീറ്റിലിരുന്നു. നാടുവിട്ടുപോകുന്നവന്‍ തന്‍റെ പ്രിയപ്പെട്ടവര്‍ക്ക് വീണ്ടും വീണ്ടും യാത്രാമൊഴി ചൊല്ലുന്നതുപോലെ മായ മൊബൈല്‍ ഫോണിലെ പേരുകള്‍ വേഗത്തില്‍ ചികഞ്ഞുകൊണ്ടിരുന്നു. അപ്പോഴും ആ സ്ത്രീ അവളെ സൂക്ഷിച്ച് നോക്കുന്നുണ്ടായിരുന്നു.
ഇരുളടഞ്ഞ പുറംകാഴ്ചകളില്‍ നക്ഷത്രങ്ങള്‍ പോലെ ചിമ്മിനില്‍ക്കുന്ന വൈദ്യുതവിളക്കുകള്‍ അധികനേരം ആരുടെയും ശ്രദ്ധ പിടിച്ച് നിര്‍ത്താറില്ല, പ്രത്യേകിച്ച യാത്ര ചെയ്യുമ്പോള്‍. പുറംകാഴ്ചകള്‍ മതിയാക്കി മായ കണ്ണുകള്‍ പുറകോട്ട് വലിച്ചു. മായയ്ക്ക് നന്നായി വിശക്കുന്നുണ്ടായിരുന്നു. സീറ്റിനടിയില്‍ ഒതുക്കിവച്ച ബാഗിലെ ലഘുഭക്ഷണവും വെള്ളവുമെടുക്കാന്‍ കുനിയാതെ നിവര്‍ത്തിയില്ലല്ലോ! കുനിഞ്ഞ് നിവര്‍ന്നപ്പോള്‍ മായ കണ്ടത് അന്ധാളിച്ച് നോക്കുന്ന ഒരു സ്ത്രീയെയാണ്. അവരുടെ ഭര്‍ത്താവ് അതൊന്നും ശ്രദ്ധിക്കാതെ കുട്ടിയെ മടിയിലിരുത്തി കൊഞ്ചിച്ചുകൊണ്ടിരുന്നു. പ്രത്യേകിച്ച് ഒന്നും ഭാവിക്കാതെ കുപ്പിതുറന്ന് മായ വെള്ളം കുടിക്കാന്‍ കൈകള്‍ ഉയര്‍ത്തി. ഒരു കവിള്‍ വെള്ളം ഇറക്കിയ ശേഷം തല താഴ്ത്തുമ്പോള്‍ ഭര്‍ത്താവിനെ അവര്‍ രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു.
വലിയ ബഹളമൊന്നും കൂട്ടാതെ സമയം സാവധാനം സഞ്ചരിച്ചു കൊണ്ടിരുന്നു. യാത്ര തുടങ്ങുമ്പോള്‍ മുതലുണ്ടായിരുന്ന ഒരസ്ഥത മായയെ വിട്ടുമാറിയിരുന്നില്ല. എത്ര ശ്രമിച്ചിട്ടും പ്രശാന്തമാവാത്ത മനസുമായി യാത്ര ചെയ്യുന്നതിന്‍റെ ദുരിതം അസഹനീയമായപ്പോള്‍ കൂടുതലൊന്നും ചിന്തിക്കാതെ മായ മിഡില്‍ ബെര്‍ത്തില്‍ കയറി കിടന്നു. ഉറങ്ങാന്‍ തയാറാകാത്ത കുട്ടിയെ ശകാരിച്ചുകൊണ്ട് ആ സ്ത്രീ കൂടുതല്‍ ആധിപത്യം സ്ഥാപിക്കുന്നുണ്ടായിരുന്നു. അയാളുടെ സഹനശീലത്തിന്‍റെ ആഴം വെറും ഒന്നര മണിക്കൂറുകൊണ്ട് തിരിച്ചറിയാന്‍ കഴിഞ്ഞതില്‍ മായ വെറുതേ മന്ദഹസിച്ചു.
പാളത്തിലൂടെ കുതിച്ചുപായുന്ന ട്രെയിനിന്‍റെ ഇരമ്പല്‍ വ്യക്തമായി കേള്‍ക്കാന്‍ പാകത്തില്‍ കമ്പാര്‍ട്ടുമെന്‍റ് നിശബ്ദമായിത്തുടങ്ങി. ആവശ്യത്തിലേറെ കളിച്ചു തളര്‍ന്ന കുട്ടിയും അവനെ ശകാരിച്ചു മടുത്ത അവന്‍റെ അമ്മ എന്ന സ്ത്രീയും മായയ്ക്ക് സമാന്തരമായ ബെര്‍ത്തില്‍ തന്നെ കയറിക്കൂടി. ഉറക്കത്തിന്‍റെ അബോധാവസ്ഥയിലേക്ക് മുങ്ങിതാഴ്ത്തുന്നതുവരെ ആ സ്ത്രീയുടെ ക്രൌര്യം കലര്‍ന്ന കണ്ണുകള്‍ മായയെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. പകുതി കമിഴ്ന്ന അവളുടെ കിടപ്പും വിടര്‍ന്ന കണ്ണുകളും കണ്ട് ചഞ്ചലമായ ആ സ്ത്രീയുടെ കണ്ണുകള്‍ പതിയെ അടഞ്ഞു താണു. ഭാര്യയെയും കുട്ടിയെയും ബഡ്ഷീറ്റുകൊണ്ട് നന്നായി പുതപ്പിച്ച് മായയുടെ എതിര്‍വശത്തുള്ള ലോവര്‍ ബെര്‍ത്തില്‍ കിടന്നുറങ്ങാനുള്ള ഒരുക്കങ്ങള്‍ അയാളും ആരംഭിച്ചു.
അലമുറയിട്ട് ചീറിപ്പായുന്ന ട്രെയിനിന്‍റെ ശബ്ദവും കുലുക്കവും ഒരിക്കലുമില്ലാത്ത തരത്തില്‍ തന്നെ ഭീതിപ്പെടുത്തുന്നതുപോലെ മായയ്ക്ക് തോന്നി. കാറ്റൂതി വീര്‍പ്പിച്ച തലയിണ ചാരി അയാള്‍ അതില്‍ തലവച്ചുകിടന്നു. തലയിണക്കുപകരം വച്ച തന്‍റെ കൈകള്‍ക്കിടയിലൂടെ മായ അതെല്ലാം വീക്ഷിക്കുന്നുണ്ടായിരുന്നു, ഒരു തരം നിര്‍വികാരതയോടെ!
നീണ്ട ഒരു പഠനകാലം കഴിഞ്ഞ് സ്വന്തമാക്കാന്‍ ശ്രമിച്ച ഈ നാടും വിദ്യാലയവും വിട്ടുപോകേണ്ടിവരുമ്പോള്‍ ഒരു വിദ്യാര്‍ത്ഥിനിക്ക് തോന്നുന്ന വിരഹമായിരുന്നില്ല മായയുടെ മനസുനിറയെ! വഴിതെറ്റിയും തെറ്റിപ്പിച്ചും സഞ്ചരിച്ച സഹപാഠികളോട് കിടപിടിക്കാന്‍ ഒരു പ്രണയകഥയെങ്കിലും ഉണ്ടാക്കിയെടുക്കാനാവാത്തതിന്‍റെ അപകര്‍ഷതാബോധം! എന്തൊക്കെയോ നഷ്ടപ്പെടുത്തിയതുപോലെ…, പ്രണയാഭ്യര്‍ത്ഥന നടത്തിയ നിരവധി ചെറുപ്പക്കാര്‍ക്ക് ആട്ടും തുപ്പും സമ്മാനിച്ച് ഒഴിഞ്ഞു മാറിയതിന്‍റെ ധീരതയാര്‍ന്ന തന്‍റെ അപക്വത മായയെ ഒരു വിഷാദ സ്വപ്നം പോലെ കുത്തിനോവിച്ചു. വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു, ഇപ്പോള്‍! നഷ്ടപ്പെടുത്തിയ വര്‍ഷങ്ങള്‍, ബന്ധങ്ങള്‍, സൌഹൃദങ്ങള്‍, ക്ലാസ് മുറികള്‍… ഇവയൊന്നും തനിക്കിനി തിരിച്ചു കിട്ടില്ല. അവയെല്ലാം വെറും ശരാശരി അനുഭവങ്ങള്‍ പോലെ, ഒറ്റ വാക്കില്‍ ഒതുക്കാവുന്ന ആശയം പോലെ ഇനി തന്നില്‍ അവശേഷിക്കും.
നിമിഷങ്ങള്‍ കടന്നുപോകുന്നതിനിടയിലെപ്പൊഴോ അയാളുടെ സ്വാഭാവികമായ ദൃഷ്ടി മായയില്‍ പതിച്ചു. വിടര്‍ന്ന കണ്ണുകളോടെ തന്നെ വീക്ഷിക്കുന്ന ഒരു പെണ്‍കുട്ടിയെ കണ്ട് അയാള്‍ തെല്ലൊന്നു പരുങ്ങി. പിന്നെ പല തരം ചിന്തകള്‍ അയാളുടെ മനസിലൂടെ കുമിളകള്‍ പോലെ പൊട്ടിത്തകരുന്നത് അയാളുടെ കണ്ണുകളില്‍ മായയ്ക്ക് കാണാമായിരുന്നു. അയാളെ ശരിക്കൊന്നു കാണാന്‍ മായ ശരിക്കും കമിഴ്ന്നുകിടന്നു, നഷ്ടസ്വപ്നങ്ങളുടെ അര്‍ത്ഥമില്ലാത്ത ഗദ്ഗദങ്ങളെ മായ അത്രയ്ക്ക് വേറുത്തു തുടങ്ങിയിരുന്നു. ബെര്‍ത്തില്‍ നിന്ന് പുറത്തേയ്ക്ക് തള്ളിയ തന്‍റെ മുഖം അയാള്‍ നന്നായി ആസ്വദിക്കുന്നതായി മായയ്ക്ക് തോന്നി. കഴുത്തിന്‍ തൂങ്ങിയ മൊബൈല്‍ ഫോണ്‍ കൈയ്യിലെടുത്ത് സ്വന്തം നമ്പര്‍ ടൈപ്പുചെയ്ത് അയാള്‍ക്ക് കാണാവുന്ന പാകത്തില്‍ മായ തിരിച്ചുവച്ചു. പിന്നെ കുറച്ച് നേരം എല്ലാം നിശബ്ദമായിരുന്നു.
നിശബ്ദതയെ ഭേദിച്ചുകൊണ്ട് മായയുടെ മൊബൈല്‍ ചലിച്ചു. പ്രകാശിതമായ മൊബൈല്‍ സ്ക്രീനില്‍ നോക്കി മായ ബട്ടണ്‍ അമര്‍ത്തി. What happened? Any problem? എസ്‌എംഎസിലെ ആകാംഷ നേരിട്ടുകാണാന്‍ മായ വീണ്ടും അയാളെ നോക്കി തിരിഞ്ഞു കിടന്നു. പിന്നെ ഒരു മറുപടിയയച്ച് ലോവര്‍ ബര്‍ത്തില്‍ നിന്ന് മൊബൈല്‍ നാദം വരുന്നതും കാതോര്‍ത്ത് അവള്‍ കിടന്നു. ഒടുവില്‍ നാദത്തിനൊപ്പം കൈമാറിയ സന്ദേശത്തിന്‍റെ പ്രതിബിംബം അയാളുടെ കണ്ണുകളില്‍ തെളിയുന്നത് മായ കണ്ടു; Shall we do sex?
സെപ്റ്റംബര്‍ 4, 2007 at 4:49 am
നിറം കുറച്ചു കൂടിപ്പൊയില്ലെ ?
സെപ്റ്റംബര്‍ 4, 2007 at 6:12 am
കഥ പറഞ്ഞു വന്ന രീതി നന്നായി. പക്ഷെ, അവസാനം പ്രതീക്ഷയ്ക്കൊത്തുയര്‍ന്നില്ല.
ഇനിയും എഴുതൂ.
സെപ്റ്റംബര്‍ 4, 2007 at 8:25 am
ഇതു കടും നിറമാണല്ലോ?
-സുല്‍